മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജഗദീഷ്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജഗദീഷ് ഇന്നും മലയാള സിനിമയിൽ സജീവമാണ്.
നാലു പതിറ്റാണ്ടിനിടയിൽ മായൻ കുട്ടി, അപ്പുക്കുട്ടൻ, തുടങ്ങിയ മികച്ച കഥാപാത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. ഹാസ്യതാരമായാണ് കരിയർ തുടങ്ങിയതെങ്കിലും ഇന്ന് മലയാളത്തിലെ മികച്ച നടൻ കൂടിയാണ് അദ്ദേഹം.
ഇന്ത്യയിലെ ആദ്യത്തെ ത്രീ. ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ അഭിനേരംഗത്തെത്തിയ അദ്ദേഹം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ്. നവോദയയിൽ നിന്ന് അഭിനയിക്കാനുള്ള വിളി വരുമ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാലിന് കിട്ടിയ പോലൊരു വേഷമാണ് തനിക്ക് ഉണ്ടാവുക എന്നാണ് കരുതിയതെന്നും കോളേജിൽ മോഹൻലാൽ തന്റെ ജൂനിയർ ആയിരിന്നുവെന്നും ജഗദീഷ് പറഞ്ഞു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിലെ ആദ്യ ത്രീ.ഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തനാണ് എൻ്റെ ആദ്യ സിനിമ. നൂറു ദിവസം ഓടിയ ആ ചിത്രത്തിലാണു തുടക്കം എന്നു പറയാനാകുന്നതു വലിയ ഭാഗ്യമല്ലേ? നിമിത്തത്തേക്കാൾ എന്നെ സിനിമയിലെത്തിച്ചത് സ്നേഹമാണ്.
നവോദയയുടെ സംവിധായകനായ കെ. ശേഖറും അന്ന് സംവിധാന സഹായിയായിരുന്ന ടി. കെ. രാജീവ് കുമാറും ആണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്റെ പേര് നിർദേശിച്ചത്.
വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം. കാബറെ അനൗൺസർ. ആരെ വേണമെങ്കിലും അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, സംവിധായകൻ ജിജോയോട് എൻ്റെ പേരു നിർദേശിച്ചത് അവർക്കുള്ള സ്നേഹം തന്നെയാണ്.
നവോദയ നിർമിക്കുന്ന അടുത്ത സിനിമയിലേക്ക് പത്ര പരസ്യംകണ്ടാണ് ഫോട്ടോ അയച്ചത്. കാക്കനാടുള്ള സ്‌റ്റു ഡിയോയിലേക്ക് എത്താൻ അറിയിപ്പുകിട്ടി. പോകുന്നതിനു തലേദിവസം ഉറങ്ങാൻ പറ്റിയില്ല.
മോഡൽ സ്‌കുളിൽ എൻ്റെ ജുനിയറായിരുന്നു മോഹൻലാൽ. പോരെങ്കിൽ ഒരു ഗ്രൗണ്ടിൽ രണ്ടിടത്തായി ക്രിക്കറ്റ് കളിക്കുന്നവർ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ ലാൽ വലിയ പ്രശസ്‌തനായി. അതിനു ശേഷം നവോദയ നിർമിക്കുന്ന സിനിമ. ലാലിനെ പോലെ അടുത്ത വില്ലനോ നായകനോ ആക്കാനാണ് ആ ക്ഷണം എന്നാണു കരുതിയത്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh About Mohanlal And His Career