മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. സ്വാഭാവികമായ അഭിനയം കൊണ്ട് അദ്ദേഹം പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. തന്റെ തനത് അഭിനയ ശൈലിയിലൂടെ വലിയ ശ്രദ്ധ നേടിയ അദ്ദേഹം സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജഗദീഷ്.
കുറച്ചുകൂടെ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയാത്തതിൽ അവസാന നാളുകളിൽ ഒടുവിൽ ഉണ്ണികൃഷ്ണന് കുറ്റബോധം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജഗദീഷ്.
ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ് അദ്ദേഹമെന്നും സിനിമയിൽ വന്ന ആദ്യ നാളുകളിൽ ക്യാഷ് ചോദിച്ച് വാങ്ങാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ കെ.പി.എ.സി ലളിതയോട് പണം വാങ്ങിയാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് പോയതെന്നും ജഗദീഷ് അമൃത ടി.വിയോട് പറഞ്ഞു.
‘അവസാന കാലത്ത് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. കുറച്ചുകൂടെ റോളുകൾ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വളരെയധികം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ തുടക്കം കലാനിലയം, നാടക വേദി എന്നിവകളിൽ നിന്നെല്ലാമാണ്. സ്വാഭാവികമായി നമുക്കറിയാം ഒരു ഫിക്സഡ് പൈസ മാത്രമേ കിട്ടുകയുള്ളൂ.
ദാരിദ്ര്യം ഇല്ലായെന്ന് വേണമെങ്കിൽ പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായിട്ട് പണമൊന്നും അയച്ചുകൊടുക്കാൻ പറ്റില്ലായിരുന്നു. അതിനുശേഷം പ്രൊഫഷണൽ നാടക വേദിയിൽ പോകുമ്പോഴും കാര്യമായ സാമ്പത്തിക നേട്ടം അദ്ദേഹത്തിന് ഇല്ലായിരുന്നു. പിന്നെ സിനിമയിൽ വന്ന ആദ്യ നാളുകളിൽ കാശൊക്കെ ചോദിച്ച് വാങ്ങാൻ അദ്ദേഹത്തിന് മടിയായിരുന്നു.
അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെയായിരുന്നു. വളരെ മിതമായിട്ടുള്ള പ്രതിഫലമായിരുന്നു അദ്ദേഹത്തിന്. എന്നാൽ ചിലതിലൊന്നും കിട്ടിയിട്ടുമില്ല. പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ കെ.പി.എ.സി ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങിയാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh About Memories Of Oduvil Unnikrishnan