|

അദ്ദേഹത്തിന്റെ പകരക്കാരനായി അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായാണ് ഞാൻ കാണുന്നത്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. എബ്രഹാം ഓസ്‌ലർ, ഗുരുവായൂരമ്പല നടയിൽ, കിഷ്ക്കിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വർഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്.

നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ജഗതി ശ്രീകുമാറിന്റെ പകരക്കാരനായി പല സിനിമകളിലും അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത്തരത്തിൽ ആദ്യമായി കിട്ടിയ വേഷം ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലേതാണെന്നും ജഗദീഷ് പറയുന്നു. അദ്ദേഹത്തിന്റെ പകരക്കാരനായി അഭിനയിക്കാൻ കഴിഞ്ഞത് ബഹുമതിയായാണ് താൻ കാണുന്നതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

‘പല ചിത്രങ്ങളിലും ജഗതി ശ്രീകുമാറിന്റെ പകരക്കാരനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ തുടക്കകാലത്ത് ശ്രദ്ധേയമായ ‘ഓടരുതമ്മാവാ ആളറിയാം‘ എന്ന ചിത്രത്തിൽ ജഗതിച്ചേട്ടന് വേണ്ടിയായിരുന്നു ആ കഥാപാത്രം ആദ്യം വെച്ചിരുന്നത്. അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നം കാരണം ചിത്രത്തിലെ കോര എന്ന കഥാപാത്രം എനിക്ക് കിട്ടി.

ഞങ്ങൾ രണ്ടുപേരും രണ്ട് കാലഘട്ടങ്ങളിൽ തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പഠിച്ചിരുന്നവരാണ്. മോഡൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ജഗതി എൻ.കെ. ആചാരി സാറിൻ്റെ ‘ലഹരി’എന്ന നാടകത്തിൽ ജഗതിച്ചേട്ടൻ അഭിനയിച്ചിരുന്നു. അന്നതിൽ ബാല നടനാകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നു. പിന്നീട് മാർ ഇവാനിയസ് കോളേജിലെ പഠനകാലത്ത് ആകാശവാണിയിലെ ‘ഇതളുകൾ’ എന്ന പരിപാടിയിലൂടെയും ചെറിയ നാടകങ്ങളിലൂടെയും നടൻ എന്ന ഇമേജ് എനിക്കുണ്ട്.

അക്കാലത്ത് ജഗതിച്ചേട്ടൻ സിനിമാഭിനയത്തിനൊപ്പം അദ്ദേഹത്തിന്റെ അച്ഛൻ എൻ.കെ. ആചാരിസാർ സംവിധാനം ചെയ്ത‌ ‘ഉജ്ജ്വാസനം’ എന്ന നാടകത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ, ഷൂട്ടിങ് തിരക്ക് കാരണം ആ നാടകത്തിന്റെ രണ്ടാമത്തെ സ്റ്റേജിൽ ജഗതിച്ചേട്ടന് അഭിനയിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ജഗതിച്ചേട്ടൻ്റെ നിർദേശത്തിൽ ജഗതി എൻ.കെ. ആചാരിസാർ എന്നെ വിളിച്ചു, ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.

കാലങ്ങൾക്കുശേഷം സിനിമയിൽ എത്തിയപ്പോൾ ജഗതി ശ്രീകുമാറിന്റെ പകരക്കാരനായും ഒപ്പവും നിരവധി സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. സാധാരണ ഒരു നടൻ മറ്റൊരു നടന്റെ പകരക്കാരനായി അഭിനയിക്കുന്നത് പുറത്ത് പറയാറില്ല, എന്നാൽ, അത് വലിയ ബഹുമതിയായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഒരുപാട് സ്നേഹവും വാത്സല്യവും ആ വലിയ കലാകാരനിൽനിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About Jagathy Sreekumar

Latest Stories

Video Stories