| Tuesday, 3rd December 2024, 3:54 pm

ആ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഞാൻ അങ്ങനെയൊരു കഥാപാത്രം ചെയ്തതിൽ പലർക്കും പ്രയാസം തോന്നി: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാൻ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടൻ, മായിൻകുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപ്പിടിച്ച് ചെയ്യുന്ന നടൻ കൂടെയാണ് ജഗദീഷ്.

രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന ചിത്രത്തിലും ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ജഗദീഷ്. ഈ രണ്ടു കഥാപാത്രങ്ങളും തനിക്ക് ആത്മസംഘർഷം ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ ധൈര്യം പകർന്നത് കുടുംബം തന്നെയാണെന്നും ജഗദീഷ് പറയുന്നു. ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഒരു കൊച്ചുകുട്ടിയെ ചോദ്യം ചെയ്യുന്ന സീൻ കണ്ടപ്പോൾ പലർക്കും പ്രയാസം തോന്നിയെന്നും ജഗദീഷ് പറഞ്ഞു.

‘ലീല സിനിമയിൽ എനിക്ക് കിട്ടിയ കഥാപാത്രം ഒരിക്കലും ചിന്തിക്കാൻ പറ്റുന്ന ഒന്നല്ലായിരുന്നു. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം എന്ന് പറയുമ്പോൾ അത് വലിയൊരു ചലഞ്ച് ആയിരുന്നു. ആ ക്യാരക്ടർ എങ്ങനെ ചെയ്യുമെന്ന് ഓർത്ത് എനിക്ക് ആത്മസംഘർഷം ഉണ്ടായിരുന്നു.

എന്നെപ്പോലെ ഒരു നടൻ സിനിമയിൽ ആ വേഷം ചെയ്യുമ്പോൾ പ്രേക്ഷകർ അത് എങ്ങനെ സ്വീകരിക്കുമെന്ന കൺഫ്യൂഷനായിരുന്നു എനിക്ക്. ഞാൻ ആദ്യം അഭിപ്രായം ചോദിച്ചത് രമയോടും കുട്ടികളോടും ആയിരുന്നു. ധൈര്യമായി ചെയ്തോ അതൊരു കഥാപാത്രം മാത്രമാണ് എന്നായിരുന്നു അവർ പറഞ്ഞത്.

സൊസൈറ്റിയിൽ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്. അങ്ങനെ രമയും കുട്ടികളും തന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ആ വേഷം ചെയ്യുന്നത്. അതുപോലെതന്നെ ഹരികൃഷ്ണൻ എന്ന സിനിമയിൽ ഒരു അതിഥി വേഷത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അതിലെ എന്റെ കഥാപാത്രം കോടതിയിൽ വച്ച് ബേബി ശ്യാമിലിയോട് ചോദ്യം ചോദിച്ച് ഹറാസ് ചെയ്യുന്നുണ്ട്.

അതിൽ ഞാൻ ഒരു അഡ്വക്കേറ്റ് ആയിരുന്നു. ആ വേഷം ചെയ്യുമ്പോഴും യഥാർത്ഥത്തിൽ എനിക്ക് ഈ ആശയകുഴപ്പം ഉണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയോട് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിച്ചതിന് ഒരുപാട് പേർക്ക് പ്രയാസം തോന്നി. ഈ രണ്ടു കഥാപാത്രങ്ങൾ ചെയ്യുമ്പോഴും എനിക്ക് വലിയ ടെൻഷനുണ്ടായിരുന്നു. ഞാൻ ഒട്ടും കംഫർടബിളും അല്ലായിരുന്നു,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About His Charcter In Harikrishnan’s Movie

We use cookies to give you the best possible experience. Learn more