എന്റെ കരിയർ ഞാൻ ആഗ്രഹിച്ചതുപോലെ മാറ്റിയത് ആ ചിത്രം: ജഗദീഷ്
Entertainment
എന്റെ കരിയർ ഞാൻ ആഗ്രഹിച്ചതുപോലെ മാറ്റിയത് ആ ചിത്രം: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th December 2024, 1:23 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ജഗദീഷ്. മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം ഹാസ്യ വേഷങ്ങളിലൂടെ മലയാളത്തിൽ വലിയ സ്ഥാനം നേടിയിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപ്പിടിച്ചു ചെയ്യുന്ന നടനാണ് അദ്ദേഹം. താന്‍ നായകനായാല്‍ സിനിമ ഹിറ്റാകുമെന്ന് ഹരിഹര്‍ നഗർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പല നിര്‍മാതാക്കള്‍ക്കും മനസിലായെന്ന് ജഗദീഷ് പറയുന്നു.

ഭാര്യ, സ്ത്രീധനം പോലുള്ള ഹിറ്റുകള്‍ അങ്ങനെയാണ് ഉണ്ടായതെന്നും എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാറാകാന്‍ തനിക്ക് കഴിയില്ലായിരുന്നെന്ന് ബോധ്യമുണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു. 2000ത്തിന് ശേഷം ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അത്തരം വേഷങ്ങള്‍ തേടി വരാത്തതിനാലാണ് ടെലിവിഷന്‍ രംഗത്ത് ശ്രദ്ധ കൊടുത്തതെന്നും ലീല തന്റെ കരിയറിലെ ടേണിങ് പോയിന്റായെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘ആദ്യകാലങ്ങളില്‍ വെറും കൊമേഡിയന്‍ റോളില്‍ മാത്രമായിരുന്നു ഞാന്‍. ഒരു സൂപ്പര്‍സ്റ്റാറാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യുക, അതിന്റെ കൂടെ ജോലിയും കൊണ്ടുപോവുക എന്നായിരുന്നു പ്ലാന്‍. ഇന്‍ ഹരിഹര്‍ നഗര്‍ ഹിറ്റായപ്പോള്‍ പല നിര്‍മാതാക്കള്‍ക്കും തോന്നിക്കാണും, ഇയാളെ നായകനാക്കിയാല്‍ സിനിമ ഹിറ്റാകുമെന്ന്. അങ്ങനെയാണ് ഭാര്യ, സ്ത്രീധനം പോലുള്ള സിനിമകള്‍ ഉണ്ടായത്.

അന്നൊന്നും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെപ്പോലെ സൂപ്പര്‍സ്റ്റാറാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എനിക്കതിന് കഴിയില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.

എന്നാല്‍ പിന്നീടങ്ങോട്ട് ഒരുപോലുള്ള കഥകള്‍ എന്നെ തേടി വന്നു. എനിക്ക് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാനായിരുന്നു ആഗ്രഹം. അത്തരത്തിലുള്ള വേഷങ്ങള്‍ എന്നെ തേടി വരാത്തതുകൊണ്ട് ഞാന്‍ ടെലിവിഷന്‍ രംഗത്തേക്ക് ശ്രദ്ധ കൊടുത്തു. പിന്നീട് ലീലയിലൂടെ എന്റെ കരിയര്‍ ഞാന്‍ ആഗ്രഹിച്ചതുപോലെ മാറി,’ ജഗദീഷ് പറഞ്ഞു.

 

Content Highlight: jagadheesh About His Character In Leela