ആചാരങ്ങൾക്കെതിരായിട്ടുള്ള സിനിമയല്ല ആ ചിത്രം, ആരുടേയും വികാരം വ്രണപ്പെടുത്താനും ഉദ്ദേശിച്ചിട്ടില്ല: ജഗദീഷ്
Entertainment
ആചാരങ്ങൾക്കെതിരായിട്ടുള്ള സിനിമയല്ല ആ ചിത്രം, ആരുടേയും വികാരം വ്രണപ്പെടുത്താനും ഉദ്ദേശിച്ചിട്ടില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th December 2024, 8:55 pm

കേരള സർക്കാർ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ എത്തിയ സിനിമയാണ് ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം.

നടൻ ജഗദീഷും സിനിമയിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജാനകി എന്നൊരു പെൺകുട്ടി അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന പശ്ചാത്തലത്തിലാണ് അപ്പുറം എന്ന സിനിമ ഒരുക്കിയിട്ടുള്ളത്.

സിനിമ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് യുക്തിരഹിതമായ ആചാരങ്ങളുടെ പിന്നാലെ പോകരുതെന്നാണെന്ന് ജഗദീഷ് പറയുന്നു. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെയുള്ള സിനിമയല്ല അപ്പുറമെന്നും യുക്തിരഹിതമായ ആചാരങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആരുടേയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വിശ്വാസിയാണ്. അപ്പുറം എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത് യുക്തിരഹിതമായ ആചാരങ്ങളുടെ പിന്നാലെ പോകരുതെന്നാണ്. ആചാരങ്ങൾക്കെതിരായിട്ടുള്ള ഒരു സിനിമയല്ല അപ്പുറം. അതുപോലെ വിശ്വാസത്തിനെതിരായിട്ടുള്ള സിനിമയുമല്ല അപ്പുറം. യുക്തി രഹിതമായ ആചാരങ്ങൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പറഞ്ഞിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം.

അല്ലാതെ ആരുടേയും സെന്റിമെന്റ്സ് ഹേർട്ട് ചെയ്യാൻ ഒന്നും വേണ്ടിയല്ല. വലിയ ഋഷികളൊക്കെ പറഞ്ഞിട്ടുള്ള ആചാരത്തിന് പിന്നിലൊരു യുക്തിയുണ്ടാവും.

യുക്തിയില്ലാതെ മനുഷ്യൻ എഴുതി ചേർത്ത ഓരോ മതഗ്രന്ഥങ്ങളിലും ആദ്യം പറഞ്ഞതിനോടെല്ലാം കൂട്ടിച്ചേർത്തത് വ്യക്തിപരമായ ചില സംഭവങ്ങളാണ്. അവിടെയാണ് തർക്കവും കാര്യവുമൊക്കെ വരുന്നത്,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About Appuram Movie