| Monday, 21st November 2022, 2:37 pm

ഇനി ആ സ്ഥാനം ഇന്ത്യന്‍ നായകനില്ല; രോഹിത് ശര്‍മയുടെ 264 റണ്‍സിന്റെ റെക്കോഡ് ചാരം; തരംഗമായി തമിഴ് പയ്യന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ തരംഗമായി തമിഴ്‌നാടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്‍. തിങ്കളാഴ്ച അരുണാചല്‍ പ്രദേശിനെതിരെ നടന്ന മത്സരത്തിലാണ് ജഗദീശന്‍ തന്റെ പവര്‍ ഹിറ്റിങ് പുറത്തെടുത്തത്.

അരുണാചലിനെതിരെ ഇരട്ട സെഞ്ച്വറി നേടിയാണ് താരം ശ്രദ്ധ നേടിയത്. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് താരം നൂറോ അതിലധികമോ റണ്‍സ് നേടുന്നത്. ലോകക്രിക്കറ്റില്‍ തന്നെ ഈ നേട്ടം ആദ്യമായാണ് കുറിക്കപ്പെടുന്നത്.

അരുണാചല്‍ പ്രദേശിന്റെ ബൗളിങ് ദൗര്‍ബല്യത്തെ മുതലെടുത്തായിരുന്നു താരം റണ്‍സ് അടിച്ചുകൂട്ടിയത്. 76 പന്തില്‍ നൂറടിച്ച ജഗദീശന്‍ അവിടെ നിന്നും ഇരുന്നൂറിലെത്താന്‍ വെറും 38 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ശേഷം 77 റണ്‍സ് കൂടി നേടിയാണ് താരം രോഹിത് ശര്‍മയുടെ 264 റണ്‍സിന്റെ റെക്കോഡ് മറികടന്നത്.

ഇതിനൊപ്പം തന്നെ ലിസ്റ്റ് എ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും ജഗദീശന്‍ തന്റെ പേരിലാക്കി. 141 പന്തില്‍ നിന്നും 25 ഫോറും 15 സിക്‌സറുമടക്കമാണ് താരം ഈ നേട്ടം കുറിച്ചത്.

ഇതുമാത്രമല്ല മറ്റു പല റെക്കോഡുകളും ജഗദീശന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവമധികം സെഞ്ച്വറി നേടുന്ന താരം

നാരായണ്‍ ജഗദീശന്‍ – 5

വിരാട് കോഹ്‌ലി – 4

പൃഥ്വി ഷാ – 4

ദേവ്ദത്ത് പടിക്കല്‍ – 4

ലിസ്റ്റ് എ മത്സരത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം

നാരായണ്‍ ജഗദീശന്‍ – 5

കുമാര്‍ സംഗക്കാര – 4

ആല്‍വിരോ പീറ്റേഴ്‌സണ്‍ – 4

ദേവ്ദത്ത് പടിക്കല്‍ – 4

ലിസ്റ്റ് എ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം

277 – നാരായണ്‍ ജഗദീശന്‍ – തമിഴ്‌നാട് vs അരുണാചല്‍ പ്രദേശ് (2022)

268 – അലിസ്റ്റര്‍ ബ്രൗണ്‍ – സറേ vs ഗ്ലാമര്‍ഗാന്‍ (2002)

264 – രോഹിത് ശര്‍മ – ഇന്ത്യ vs ശ്രീലങ്ക (2014)

257 – ഡിയാര്‍ക്കി ഷോര്‍ട്ട് – വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ vs ക്വീന്‍സ്‌ലാന്‍ഡ് (2018)

248 – ശിഖര്‍ ധവാന്‍ ഇന്ത്യ എ vs സൗത്ത് ആഫ്രിക്ക എ (2013)

Content Highlight: Jagadeeshan Narayan surpasses Rohit Sharma in the record of most runs in a List A match

We use cookies to give you the best possible experience. Learn more