| Tuesday, 20th December 2022, 12:54 pm

പ്രേക്ഷര്‍ സിനിമയെ തള്ളിക്കളയാന്‍ ഒരു കാരണമുണ്ട്, എന്നാല്‍ കാപ്പ എല്ലാവര്‍ക്കും ഇഷ്ടപ്പെടും: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ നൂറ് ശതമാനം പ്രേക്ഷകന് ഇഷ്ടപ്പെട്ടില്ലെങ്കിലും, സംവിധായകന്റെ പ്രയത്‌നവും കഠിനാധ്വാനവും ഇന്നത്തെ സിനിമാ പ്രേക്ഷകര്‍ അംഗീകരിക്കുമെന്ന് നടന്‍ ജഗദീഷ്. സംവിധായകന്‍ ഷാജി കൈലാസിന്റെ ഇതുവരെ ഇറങ്ങാത്ത തരത്തിലുള്ള സിനിമയാണ് കാപ്പയെന്നും താരം പറഞ്ഞു. കാപ്പ സിനിമയുടെ റിലീസിന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പല കഴിവുകളുള്ള സംവിധായകരുണ്ട് അത് തിരിച്ചറിയാന്‍ ഇന്നത്തെ പ്രേക്ഷകന് കഴിയുന്നുണ്ട്. സംവിധായകന്റെ ആത്മാര്‍ത്ഥത, പ്രയത്‌നം എന്നിവയൊക്കെ ഇന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട്. ഒരു സിനിമ എങ്ങനെയാണ് വിജയിക്കുന്നത് എന്ന് ചോദിച്ചാല്‍, അതിപ്പോള്‍ നൂറ് ശതമാനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും ആ സംവിധായകന്‍ അത്ര കമ്മിറ്റഡാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ ഒരു തൃപ്തി കിട്ടും.

തിരക്കഥാകൃത്ത് വ്യത്യസ്തമായൊരു പ്രമേയമാണ് കൊണ്ടുവരുന്നതെങ്കില്‍ അത് അത്രത്തോളം പ്രേക്ഷകന് രസിച്ചില്ലെങ്കില്‍ പോലും ആ സിനിമയ്ക്ക് അവന്‍ മാര്‍ക്ക് കൊടുക്കും. അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. എന്തായാലും അവര്‍ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല. ഹാര്‍ഡ് വര്‍ക്കില്ലാത്ത ഒട്ടും ക്വാളിറ്റിയില്ലാത്ത സിനിമകളാണെങ്കില്‍ മാത്രമെ പ്രേക്ഷകര്‍ സിനിമ തള്ളികളയുകയുള്ളു.

കാപ്പയുടെ കാര്യമാണെങ്കില്‍, ഇന്ദുഗോപന്റെ കഥ എന്നുപറയുന്നത് സാധാരണ നമ്മള്‍ കാണുന്ന കഥയില്‍ നിന്നും വ്യത്യസ്തമാണ്. അത് ഉറപ്പായും പ്രേക്ഷകര്‍ക്ക് ഫീല് ചെയ്യും. സിനിമയുടെ തിരക്കഥയിലും ആ പുതുമ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും അനുഭവപ്പെടും. ആനന്ദിലൂടെ കൊട്ട മധുവിലേക്കെത്തി അവിടെ നിന്നുമാണ് കഥ പുരോഗമിക്കുന്നത്.

വേറെയൊരു തരത്തിലുള്ള തിരക്കഥയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സംവിധാനത്തിന്റെ കാര്യത്തിലാണെങ്കില്‍ ഷാജി കൈലാസ് ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാപ്പ. ഇതൊക്കെ പ്രേക്ഷകര്‍ തീര്‍ച്ചയായും സിനിമക്ക് മാര്‍ക്കിടുമ്പോള്‍ ശ്രദ്ധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ജഗദീഷ് പറഞ്ഞു.

ഡിസംബര്‍ 22നാണ് കാപ്പ തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

content highlight: jagadeesh talks about kappa movie

We use cookies to give you the best possible experience. Learn more