|

എനിക്ക് മുമ്പേ ആ നടന് കൊമേഡിയനില്‍ നിന്ന് ക്യാരക്റ്റര്‍ റോളുകളിലേക്കുള്ള ഷിഫ്റ്റുണ്ടായി, അന്നെനിക്ക് സങ്കടമായിരുന്നു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ക്യാരക്റ്റര്‍ റോളുകള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ദ്രന്‍സിന് കൊമേഡിയനില്‍ നിന്ന് ക്യാരക്റ്റര്‍ റോളുകളിലേക്കുള്ള മാറ്റം സംഭവിച്ചിരുന്നുവെന്ന് നടന്‍ ജഗദീഷ്. അന്ന് തനിക്ക് സങ്കടമായിരുന്നുവെന്നും എന്നാല്‍ അത് ഇന്ദ്രന്‍സിന് അവസരങ്ങള്‍ ലഭിച്ചതിലല്ല, മറിച്ച്, തനിക്ക് ലഭിക്കാതിരുന്നതിലാണെന്നും ജഗദീഷ് പറഞ്ഞു. തന്റെ പുതിയ സിനിമയായ പരിവാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദ്രന്‍സുമായുള്ള വ്യക്തി ബന്ധത്തെ കുറിച്ചും ജഗദീഷ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. വീട് വെക്കുന്നതും മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ചുമെല്ലാമുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ ഇന്ദ്രന്‍സ് താനുമായി സംസാരിക്കാറുണ്ടെന്നും ജഗദീഷ് പറയുന്നു. തന്റെയും തന്റെ കുടുംബാംഗങ്ങളുടെയുമെല്ലാം വസ്ത്രങ്ങള്‍ തയ്ച്ചിരുന്നത് ഇന്ദ്രന്‍സിന്റെ കടയില്‍ നിന്നാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കുന്നു.

‘ഞാന്‍ സിനിമയില്‍ വന്ന കാലം മുതല്‍ക്കെ ഇന്ദ്രന്‍സുമായി ആത്മബന്ധമുണ്ട്. കോസ്റ്റിയൂമറായിരിക്കുന്ന കാലംതൊട്ട് ഇന്ദ്രന്‍സിനെ പരിചയമുണ്ട്. വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള ആളാണ് അദ്ദേഹം. അന്ന് മുതല്‍ തന്നെ ഞങ്ങള്‍ ഫാമിലി ഫ്രണ്ട്‌സാണ്.

എന്റെ വൈഫ് മെഡിക്കല്‍ കോളേജില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ തന്നെയുള്ള ഒരു കൊച്ചു ടെയ്‌ലറിങ് ഷോപ്പായിരുന്നു ഇന്ദ്രന്‍സിന്റേത്. അദ്ദേഹം സിനിമയിലെത്തി പടിപടിയായി വളര്‍ന്ന് കുമാരപുരത്ത് വലിയ കട തുടങ്ങുമ്പോള്‍ അതിന്റെ ഉദ്ഘാടനത്തിന് എന്നെ വിളിച്ചിരുന്നു.

ആ വലിയ ഷോപ്പിനടുത്താണ് എന്റെ മകള്‍ താമസിക്കുന്നത്. മകളുടെ യൂണിഫോം തയ്ക്കുന്നതും ഞാന്‍ ഉടുപ്പുകള്‍ തയ്പ്പിക്കുന്നതും ഇന്ദ്രന്‍സിന്റെ കടയില്‍ നിന്നാണ്. ഞങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധമുണ്ട്. വീട് വെക്കുന്ന കാര്യത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പരസ്പരം സംസാരിക്കാറുണ്ട്.

സിനിമയില്‍ എന്നേക്കാള്‍ മുമ്പ് തന്നെ ഇന്ദ്രന്‍സിന് ക്യാരക്റ്റര്‍ ആക്ടര്‍ എന്ന ഷിഫ്റ്റിങ് കിട്ടി. കൊമേഡിയന്‍ എന്നുള്ളത് മാറി ഇന്ദ്രന്‍സ് വളരെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ എന്നേക്കാള്‍ മുമ്പ് തന്നെ ചെയ്തു. കൂടുതല്‍ അംഗീകാരങ്ങളും കിട്ടി. അപ്പോഴൊക്കെ എനിക്ക് സങ്കടമുണ്ടായിരുന്നു. ഇന്ദ്രന്‍സിന് അംഗീകാരം കിട്ടിയതിലല്ല, എനിക്ക് കിട്ടാത്തതിലായിരുന്നു സങ്കടം. അദ്ദേഹത്തിന് അംഗീകാരങ്ങള്‍ കിട്ടിയതില്‍ എനിക്ക് സന്തോഷമായിരുന്നു.

പിന്നീട് എനിക്കും അത്തരത്തിലുള്ള വേഷങ്ങള്‍ കിട്ടിയപ്പോള്‍ ഇന്ദ്രന്‍സ് എന്നെ വിളിച്ച് അഭിനന്ദിച്ചു. ഞാന്‍ അഭിനയിക്കുന്ന നല്ല പെര്‍ഫോമന്‍സുകളൊക്കെ അപ്പോള്‍ തന്നെ കണ്ട് ഇന്ദ്രന്‍സ് വിളിക്കും. ‘ഇന്നലെ കണ്ടു, ഗംഭീരമായിട്ടുണ്ട്, നന്നായിട്ടുണ്ട്’ എന്ന് പറയും.

ഹോം കണ്ടപ്പോള്‍ ഞാന്‍ ഇന്ദ്രന്‍സിനെ വിളിച്ചിരുന്നു. ഗംഭീര പെര്‍ഫോമന്‍സാണെന്നും അവാര്‍ഡിന് സാധ്യയുണ്ടെന്നും പറഞ്ഞു. അവാര്‍ഡ് കമ്മിറ്റിക്ക് കൂടി തോന്നണ്ടേ എന്നാണ് അദ്ദേഹം അന്ന് ചോദിച്ചത്,’ ജഗദീഷ് പറഞ്ഞു.

content highlights: Jagadeesh talks about Indrans

Video Stories