| Monday, 9th September 2024, 9:11 am

ആ മോഹൻലാൽ ചിത്രത്തിൽ ഒരു ഡയലോഗ് പോലുമില്ലാതെ എന്നെ കരയിപ്പിച്ചത് ആ നടനാണ്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്ത ഫലിപ്പിച്ചിട്ടുള്ള നടനാണ് നെടുമുടി വേണു. എഴുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലെത്തിയ അദ്ദേഹം ഭരതൻ, ജോൺ എബ്രഹാം തുടങ്ങിയ സംവിധായകരുടെ സിനിമയിലൂടെ തുടക്കകാലത്തു തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ദേശീയ,സംസ്ഥാന തലത്തിലെല്ലാം നെടുമുടി വേണുവിന്റെ അഭിനയം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏത് കാലഘട്ടത്തിലെയും അഭിനേതാക്കളുടെ അസാധ്യ കെമിസ്ട്രി വർക്കാവുന്ന അദ്ദേഹം തമിഴിലും മികച്ച കഥാപാത്രങ്ങൾ ചെയ്തു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അപ്പുണ്ണി എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. സിനിമയിലെ ഒരു രംഗത്തിൽ ഡയലോഗ് പോലുമില്ലാതെയാണ് നെടുമുടി വേണു തന്നെ കരയിപ്പിച്ചതെന്നും സിനിമയിൽ വലിയ ദേഷ്യക്കാരനായ അദ്ദേഹം ആ സീനിൽ ഞെട്ടിച്ചെന്നും ജഗദീഷ് പറഞ്ഞു. അമൃത.ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഡയലോഗ് ഒന്നുമില്ലാതെ വേണു ചേട്ടൻ എന്നെ കരയിപ്പിച്ച ഒരു സീനുണ്ട്. എന്റെ മനസിൽ ഓടി വരുന്നത് അപ്പുണ്ണി എന്ന സത്യൻ അന്തിക്കാട് ചിത്രമാണ്.

അപ്പുണ്ണിയിൽ എല്ലാത്തിനും ക്ഷോഭിക്കുന്ന ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. ആഹാരമൊന്നും  ശരിയല്ലെങ്കിൽ അപ്പോൾ ദേഷ്യപ്പെടും. അപ്പുണ്ണിക്ക് സിനിമയിലെ നായികയായ മേനകയുടെ കഥാപാത്രത്തെയാണ് ഇഷ്ടം.

പക്ഷെ മേനകക്ക് ഇഷ്ടം മോഹൻലാൽ അവതരിപ്പിക്കുന്ന മാഷിന്റെ കഥാപാത്രത്തെയാണ്. അപ്പുണ്ണി അത് മനസിലാക്കിയതിന് ശേഷം വേണു ചേട്ടൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചോറിൽ കല്ല് കടിക്കുന്നുണ്ട്. പക്ഷെ ഒരക്ഷരം എതിർപ്പ് പറയാതെ അതിൽ ക്ഷോഭിക്കാതെ അദ്ദേഹം ഊണ് കഴിക്കുന്ന ഒരു രംഗമുണ്ട്. അതുപോലെ ഊണ് കഴിക്കുന്നതിലൂടെ നമ്മളെ കൊതിപ്പിച്ച ഒരു സീനും അദ്ദേഹത്തിനുണ്ട്. ഗോളാന്തര വാർത്തകൾ എന്ന സിനിമയിലെ ഒരു രംഗത്തിൽ,’ജഗദീഷ് പറയുന്നു.

വി.കെ.എന്നിന്റെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു അപ്പുണ്ണി. നെടുമുടി വേണുവായിരുന്നു അപ്പുണ്ണിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാൽ മേനോൻ മാഷായി വേഷമിട്ട ചിത്രത്തിൽ ഭരത് ഗോപിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

Content Highlight: Jagadeesh Talk About Performance Of Nedumudi Venu In Appunni Movie

We use cookies to give you the best possible experience. Learn more