കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും നാൾ പുറത്ത് വിടാതെ ഇരുന്നത് ശരിയല്ലെന്നും നേരത്തെ പുറത്ത് വന്നിരുന്നെങ്കിൽ ഇപ്പോഴത്തെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമായിരുന്നുവെന്നും നടനും അമ്മ താരസംഘടനയുടെ വൈസ് പ്രസിഡന്റുമായ ജഗദീഷ്.
കോടതിക്ക് ബോധ്യമുണ്ടെങ്കിൽ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാമെന്നും അമ്മ അതിൽ അച്ചടക്ക നടപടിയെടുക്കുമെന്നും ജഗദീഷ് പറഞ്ഞു. ദിലീപ് വിഷയത്തിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുന്നതിലാണ് അമ്മ ഉറച്ചു നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ലിയു.സി.സി ശത്രുക്കൾ അല്ലെന്നും അമ്മയും അവരുടെ കൂടെ സഹകരിക്കുമെന്നും പറഞ്ഞ ജഗദീഷ് വേട്ടക്കാരന്റെ പേര് ഒഴിവാക്കാൻ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. അമ്മ സംഘടന നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഹേമ കമ്മീഷനെ കുറിച്ചുള്ള പ്രതികരണം വൈകി എന്നത് തുറന്ന് സംസാരിക്കാൻ അമ്മയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്. ഇതിൽ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം എന്ന് തന്നെയാണ് എന്റെ വ്യക്തമായ അഭിപ്രായം. വേട്ടക്കാരന്റെ പേര് ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. അതിന് മറുപടി പറയേണ്ടത് സർക്കാറാണ്. ഇരയുടെ പേര് ഒഴിവാക്കണം. വേട്ടക്കാരന്റെ പേര് പറയാൻ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല.
കോടതിക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കിൽ അവർക്കെതിരെ തീർച്ചയായും നടപടി ഉണ്ടാവട്ടെ. അവർക്കെതിരെ നടപടി വന്നാൽ, അല്ലെങ്കിൽ അവർക്കെതിരെ കേസ് എടുക്കാൻ കോടതി പറഞ്ഞാൽ അമ്മ ഈ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഉറപ്പാണ്.
കോടതി പറഞ്ഞാൽ ആ നിമിഷം അച്ചടക്ക നടപടി ഉണ്ടാവും. പവർ ഗ്രൂപ്പ് എന്നത് ആലങ്കാരികമായിട്ടുള്ള ഒരു പദമാണ്. ഇതുവരെ ഇല്ലാത്ത ഒരു പദമാണ്. ഞാൻ കേട്ടിട്ടില്ല. പിന്നെ കാസ്റ്റിങ് കൗച്ച് എന്നൊക്കെ പറയുന്നത് ചില വനിതകൾക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ്.
അവരത് പറയുമ്പോൾ, അവർക്ക് അത് പറയാൻ എന്താണ് അവകാശം, അന്ന് പറയേണ്ടതല്ലേ എന്നൊക്കെ ചോദിക്കാൻ ഞാൻ ആളല്ല. അവർക്ക് എന്ന് വേണമെങ്കിലും പരാതി രേഖപ്പെടുത്താം. ഇനിയും കൂടുതൽ പരാതികൾ വന്നേക്കാം.
ദിലീപിന്റെ കേസിൽ ദിലീപ് രാജി വെക്കുകയാണ് ചെയ്തത്. അമ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പാടില്ലെന്ന് പൊതു സമൂഹത്തിൽ നിന്ന് നിർദേശം വന്നപ്പോൾ സ്വയം മാറിയ ഒരാൾക്കെതിരെ വീണ്ടും അച്ചടക്ക നടപടി എടുക്കേണ്ട ആവശ്യമില്ല. ഈ വിഷയത്തിലും കോടതി പറയുന്നതാണ് അന്തിമമായ തീരുമാനം.
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്നുള്ളതിൽ അമ്മ ഉറച്ചു നിൽക്കുന്നു. ആരാണ് കുറ്റവാളി എന്ന കാര്യം കോടതി തീരുമാനിക്കും. ആ കോടതിയുടെ നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.
ഇത്രയും നാൾ റിപ്പോർട്ട് ഇങ്ങനെ വെക്കാൻ പാടില്ലായിരുന്നു. അഞ്ചു വർഷം മുൻപ് തന്നെ റിപ്പോർട്ട് പുറത്ത് വന്നിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാവുമായിരുന്നു. ഇപ്പോൾ ഒരു ഭയമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം, ഇൻഡസ്ട്രിയിൽ ഇങ്ങനെയൊക്കെ വന്നാൽ ഇത് ചോദിക്കാനും പറയാനുമൊക്കെ ഇവിടെ ഒരു സംവിധാനമുണ്ട്, സംഘടനകളുണ്ട്, സർക്കാരുണ്ടാവും എന്നൊക്കെയുള്ള ഭയം എല്ലാവരിലും ഉണ്ടാവും. തെറ്റ് ചെയ്യുന്നവരുടെ ഉള്ളിൽ കൂടുതൽ ഉണ്ടാവും.
ഡബ്ലിയു.സി.സി ആരോപിച്ച കാര്യങ്ങൾ ന്യായമായിട്ടുള്ളതാണ്. അവർ നമ്മുടെ ശത്രുക്കൾ ഒന്നുമല്ല. വനിതകളുടെ കാര്യത്തിൽ അമ്മ നടത്തുന്ന സമീപനം ഒന്നുകൂടെ സ്ട്രോങ്ങ് ആക്കാൻ വേണ്ടിയാണ് ഡബ്ലിയു.സി.സി ഉണ്ടാക്കിയത്. ആ ലക്ഷ്യത്തോടെ അവർ പ്രവർത്തിക്കുമ്പോൾ അമ്മയും അവരുടെ കൂടെ ചേർന്ന് പ്രവർത്തിക്കാം.’ ജഗദീഷ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത് എന്നാൽ റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ പഠിച്ചിട്ട് സംസാരിക്കാം എന്നായിരുന്നു സംഘടന അന്ന് പറഞ്ഞത്. എന്നാൽ റിപ്പോർട്ട് വന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും വിഷയത്തെ കുറിച്ച് പ്രതികരിക്കാത്ത അമ്മയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
Content Highlight: Jagadeesh Talk About Hema Committee Report