പ്രിയദർശൻ – മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന് ഇന്നും വലിയ റിപീറ്റ് വാല്യൂ ഉള്ള ചിത്രമാണ് വന്ദനം. മോഹൻലാൽ, മുകേഷ്, സുകുമാരി, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിലെ പ്രേക്ഷകർ ഇന്നും കണ്ട് ചിരിക്കുന്ന കോമഡി രംഗമാണ് മോഹൻലാലിനെ പിന്തുടരുന്ന ജഗദീഷിന്റെ സീൻ.
തന്റെ കരിയറിൽ ഏറ്റവും ബുദ്ധിമുട്ടിയ സീൻ അതാണെന്നും ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും ജഗദീഷ് പറയുന്നു. സിനിമയിൽ കാണുന്നതിന്റെ ഇരട്ടിയുടെ ഇരട്ടി സമയം അത് ഷൂട്ട് ചെയ്യാൻ എടുത്തിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു. റെഡ്.എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശാരീരികമായി ഞാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയിട്ടുള്ളത് വന്ദനം എന്ന ചിത്രത്തിലെ കോമഡി സീനാണ്. വന്ദനത്തിലെ ആ ചേസിങ് സീൻ ഏറെ പ്രയാസപ്പെട്ടാണ് ഞാൻ ചെയ്തത്. ഇപ്പോൾ പ്രേക്ഷകർ സിനിമയിൽ കാണുന്നത് എത്ര മിനിറ്റാണോ അതിന്റെ എത്രയോ ഇരട്ടിയാണ് ആ സീനിൻ വേണ്ടിയെടുത്ത ഷൂട്ടിങ് ടൈം.
എന്നും രാവിലെ ഒരു ഏഴര മണി മുതൽ ഒമ്പത് മണി വരെ അത് ഷൂട്ട് ചെയ്യും. നല്ല ലൈറ്റിൽ , ബാംഗ്ലൂർ നഗരത്തിൽ തിരക്കാവുന്നതിന് മുമ്പ്. അത് ഷൂട്ട് ചെയ്തു കഴിഞ്ഞിട്ടാണ് ഞങ്ങൾ ആഹാരം കഴിക്കുന്നത്. അങ്ങനെ കുറെ ദിവസം ഷൂട്ട് ചെയ്തതാണ് നിങ്ങൾ സ്‌ക്രീനിൽ കാണുന്നത്. കുറച്ചതിന്റെ ചെന്നൈയിൽ സിറ്റിയിലും ഷൂട്ട് ചെയ്തിട്ടുണ്ട്.
അങ്ങനെ എന്നും രാവിലെ ഒരു രണ്ട് മണിക്കൂറോളം ഷൂട്ട് ചെയ്ത സംഭവങ്ങളാണ് ആ സിനിമയിൽ കാണുന്നത്. അതിൽ ഞാൻ എയറിൽ കറങ്ങി പോവുന്നതെല്ലാം കമ്പിയിൽ ഹുക്ക് ചെയ്തിട്ടൊക്കെയാണ് എടുത്തത്.
പിന്നെ എല്ലാവരും ചോദിക്കാറുണ്ട് സീറ്റ് ഇല്ലാതെ ആ സൈക്കിളിൽ കമ്പിയിൽ ഇരുന്നതിനെ കുറിച്ചെല്ലാം. യഥാർത്ഥത്തിൽ അതിൽ ഭൂരിഭാഗവും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെ അത് ക്യാമറ ട്രിക്ക് ഒന്നുമല്ല.