മമ്മൂട്ടിയുടെയും വേണു ചേട്ടന്റെയും ആ കഥാപാത്രങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ ഞാൻ എന്തിന് മടിക്കണം: ജഗദീഷ്
Entertainment
മമ്മൂട്ടിയുടെയും വേണു ചേട്ടന്റെയും ആ കഥാപാത്രങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ ഞാൻ എന്തിന് മടിക്കണം: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th September 2024, 8:37 am

ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച നടനാണ് ജഗദീഷ്. നാല് പതിറ്റാണ്ടോളമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ജഗദീഷ് കൊമേഡിയനായും നായകനായും സഹനടനായും കഴിവ് തെളിയിച്ചു. 2015ല്‍ റിലീസായ ലീലയിലൂടെ അതുവരെ കാണാത്ത ജഗദീഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്.

ലീലക്ക് ശേഷം ജഗദീഷിലെ നടന്റെ അടുത്ത സ്റ്റേജ് ആരംഭിക്കുകയായിരുന്നു. കോമഡികളിലൂടെ തുടങ്ങിയ അദ്ദേഹം ഇന്ന് തേച്ചുമിനുക്കിയ മികച്ച അഭിനേതാവാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലാണ് അദ്ദേഹം ഇപ്പോള്‍ കൂടുതലായും അഭിനയിക്കുന്നത്. 69 വയസ്സായ അദ്ദേഹം ഇന്നും മട്ടിലും ഭാവത്തിലും യുവാവാണ്.

കണ്ടാൽ ചെറുപ്പമാണെന്ന് പലരും പറയാറുണ്ടെന്നും എന്നാൽ ചെറുപ്പം എല്ലാക്കാലത്തും ഒരു ബാധ്യതയാണെന്നും ജഗദീഷ് പറയുന്നു. ചെറുപ്പം നഷ്ടപ്പെടുത്താൻ എല്ലാവർക്കും മടിയാണെന്നും എന്നാൽ തനിക്കതിൽ കുഴപ്പമില്ലെന്നും ജഗദീഷ് പറഞ്ഞു.

കരിയറിന്റെ തുടക്കത്തിൽ തന്നെ പടയോട്ടം എന്ന സിനിമയിൽ മോഹൻലാലിന്റെ അച്ഛൻ വേഷം ചെയ്ത മമ്മൂട്ടിയും അമ്പട ഞാനേ എന്ന സിനിമയിൽ എൺപതുക്കാരനായി അഭിനയിച്ച നെടുമുടി വേണുവും നമുക്ക് മുന്നിൽ ഉണ്ടെന്നും ജഗദീഷ് പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കണ്ടാൽ ചെറുപ്പമാണെന്ന് പലരും പറയാറുണ്ട്. അതിൽ സന്തോഷം. എന്നാൽ, അയാൾക്ക് പ്രായം തോന്നില്ല, അതുകൊണ്ട് മുതിർന്ന കഥാപാത്രങ്ങൾക്കൊന്നും പറ്റില്ലെന്ന് ആരും പറയരുത്. ചെറുപ്പം എക്കാലത്തും ഒരു ബാധ്യതയായിരുന്നു.

ചെറുപ്പം നഷ്ടപ്പെടുത്താൻ മടിക്കുന്നവരാണ് എല്ലാവരും. എന്നാൽ, എനിക്ക് അതിനൊരു മടിയുമില്ല. ‘അമ്പട ഞാനേ’ എന്ന സിനിമയിൽ എൺപതുവയസുകാരനെ അവതരിപ്പിച്ച നെടുമുടി വേണുവും, കരിയറിൻ്റെ തുടക്കത്തിൽ ‘പടയോട്ടം’ എന്ന സിനിമയിൽ മോഹൻലാലിന്റെ അച്ഛൻവേഷം ചെയ്‌ത മമ്മൂട്ടിയും മുന്നിലുണ്ട്. പിന്നെ, നമ്മളെന്തിന് ചെറുപ്പമാകണം? ഐ ലുക്ക് യങ്, ബട്ട് അയാം നോട്ട് യങ് എന്ന ബോധ്യം എനിക്കുണ്ട്,’ജഗദീഷ് പറയുന്നു.

 

Content Highlight: Jagadeesh Talk About Aged Characters Of Mammooty And Nedumudi Venu