ആ നടന്‍ സൂപ്പര്‍സ്റ്റാറാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ പൃഥ്വി പറഞ്ഞിരുന്നു: ജഗദീഷ്
Entertainment
ആ നടന്‍ സൂപ്പര്‍സ്റ്റാറാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ പൃഥ്വി പറഞ്ഞിരുന്നു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th October 2024, 3:15 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോയാണ് നായകന്‍. മൂന്ന് കാലഘട്ടത്തിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചത്. ലുക്കിലും മാനറിസത്തിലും അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ടൊവിനോക്ക് സാധിച്ചു. ടൊവിനോ എന്ന നടന്റെ സ്റ്റാര്‍ഡം എ.ആര്‍.എമ്മിലൂടെ കൂടുതല്‍ ഉയര്‍ന്നിരിക്കുകയാണ്.

ടൊവിനോയെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. നടനും സംവിധായകനുമായ പൃഥ്വിരാജ് ടൊവിനോയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നോട് പറഞ്ഞിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു. യുവനടന്മാരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ടൊവിനോയുടെ പേരാണ് പൃഥ്വി പറഞ്ഞതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരുപാട് പ്രതീക്ഷയുള്ള നടനാണ് ടൊവിനോയെന്നും ഭാവിയില്‍ ഒരു സൂപ്പര്‍സ്റ്റാറാകാനുള്ള എല്ലാ കഴിവും ടൊവിനോക്ക് ഉണ്ടെന്നാണ് പൃഥ്വി തന്നോട് പറഞ്ഞതെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

പൃഥ്വിയുടെ ആ അനാലിസിസ് ശരിയായെന്നും നന്നായി അഭിനയിക്കാന്‍ കഴിയുന്നതിനോടൊപ്പം സ്റ്റാര്‍ഡം കൂടി അച്ചീവ് ചെയ്യുക എന്നത് നിസ്സാര കാര്യമല്ലെന്നും ജഗദീഷ് പറഞ്ഞു. സംവിധാനത്തോടൊപ്പം എഡിറ്റിങ്ങിലും ബാക്കി ടെക്‌നിക്കല്‍ കാര്യങ്ങളിലും അറിവുള്ളതുകൊണ്ടാണ് പൃഥ്വിക്ക് എല്ലാം മനസിലാകുന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുവനടന്മാരില്‍ ആരെയാണ് ഇഷ്ടമെന്ന് ഞാന്‍ ഒരിക്കല്‍ പൃഥ്വിയോട് ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം. അന്ന് പൃഥ്വി പറഞ്ഞത് ‘എനിക്ക് പ്രതീക്ഷയുള്ള നടന്മാരില്‍ ഒരാള്‍ ടൊവിനോയാണ്’ എന്നായിരുന്നു. പൃഥ്വിയുടെ നിരീക്ഷണം ശരിയായിരുന്നു. ഒരു സ്റ്റാര്‍ ആകാനുള്ള എല്ലാ പൊട്ടന്‍ഷ്യലും ടൊവിനോക്ക് ഉണ്ട്. അതിനുള്ള ആക്ടിങ് കാലിബര്‍ കൂടിയുണ്ടെങ്കിലേ മലയാളികള്‍ ഒരു സ്റ്റാറിനെ അംഗീകരിക്കുള്ളൂ. ടൊവിനോക്ക് എല്ലാമുണ്ട്.

ഇങ്ങനെ ഒരു കാര്യം പൃഥ്വി അനാലിസിസ് ചെയ്തതിന് പിന്നിലുള്ള കാരണം, അയാള്‍ക്ക് സിനിമയെപ്പറ്റി നല്ല അറിവുള്ളതുകൊണ്ടാണ്. അഭിനേതാവ് എന്നതിന് പുറമെ നല്ലൊരു സംവിധായകനാണ്. ക്യാമറ, എഡിറ്റിങ് എന്നീ മേഖലകളില്‍ അയാള്‍ക്ക് നല്ല അറിവുണ്ട്. എന്നുവെച്ച് പൃഥ്വി അതിലൊന്നും ഇന്റര്‍ഫിയര്‍ ചെയ്യാറില്ല. അത്രക്ക് അറിവുള്ള ഒരാള്‍ക്ക് എല്ലാവരുടെയും കാലിബര്‍ മനസിലാക്കാന്‍ കഴിയും,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh shares the prediction of Prithviraj about Tovino