Entertainment
ആ സീരിയലിലെ കഥാപാത്രത്തിലേക്ക് വേണുച്ചേട്ടന്‍ എന്നെ നിര്‍ദേശിച്ചപ്പോള്‍ എനിക്ക് രോമാഞ്ചം വന്നു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 02, 11:30 am
Sunday, 2nd February 2025, 5:00 pm

നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയര്‍ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. എബ്രഹാം ഓസ്ലര്‍, ഗുരുവായൂരമ്പല നടയില്‍, കിഷ്‌ക്കിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വര്‍ഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം ജഗദീഷ് ഭാഗമായിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. നടനായും എഴുത്തുകാരനായുമെല്ലാം മലയാളികള്‍ക്ക് നെടുമുടി വേണുവിനെ അറിയുള്ളൂവെന്നും അദ്ദേഹത്തിലെ സംവിധായകനെ ആര്‍ക്കും അറിയില്ലെന്നും ജഗദീഷ് പറഞ്ഞു. മലയാളത്തിലെ ആദ്യത്തെ ടി.വി. സീരിയല്‍ സംവിധാനം ചെയ്തത് നെടുമുടി വേണുവാണെന്നും കൈരളിവിലാസം ലോഡ്ജ് എന്നായിരുന്നു അതിന്റെ പേരെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പ് ഒരു സാമ്പിളാണ് അതെന്ന് പറഞ്ഞെന്നും അതിന്റെ പൂജാ ചടങ്ങിന് നെടുമുടി വേണു തന്നെ വിളിച്ചെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ അതില്‍ തനിക്ക് വേഷമില്ലാത്തത് ചെറിയ സങ്കടമുണ്ടാക്കിയെന്നും ജഗദീഷ് പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ ആയിരുന്നു അതിന്റെ തിരക്കഥാകൃത്തെന്നും ഒരുപാട് നടന്മാര്‍ അതില്‍ ഉണ്ടായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

പൂജാ ഫങ്ഷന് താന്‍ ചെന്നപ്പോള്‍ സക്കറിയ കുറച്ച് ടെന്‍ഷനിലായിരുന്നെന്നും കുര്യന്‍ എന്ന ക്യാരക്ടറിലേക്ക് ആരെ എടുക്കുമെന്ന് സക്കറിയ നെടുമുടി വേണുവിനോട് ചോദിച്ചെന്നും ജഗദീഷ് പറഞ്ഞു. കുറച്ച് നേരം ആലോചിച്ച ശേഷം നെടുമുടി വേണു തന്റെ പേര് നിര്‍ദേശിച്ചെന്നും ആ രംഗം ഇപ്പോള്‍ ആലോചിക്കുമ്പോഴും തനിക്ക് രോമാഞ്ചം വരുമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘വേണുച്ചേട്ടന്‍ എന്ന നടനെയും എഴുത്തുകാരനെയുമൊക്കെ മലയാളികള്‍ക്ക് പരിചയമുണ്ട്. പക്ഷേ അദ്ദേഹത്തിലെ സംവിധായകനെ അധികം ആര്‍ക്കും അറിയില്ല. മലയാളത്തിലെ ആദ്യത്തെ സീരിയല്‍ സംവിധാനം ചെയ്തത് വേണുച്ചേട്ടനാണ്. കൈരളിവിലാസം ലോഡ്ജ് എന്നായിരുന്നു അതിന്റെ പേര്. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ആയിരുന്നു അതിന്റെ കഥ എഴുതിയത്.

അതിന്റെ പൂജാ ഫങ്ഷന് വേണുച്ചേട്ടന്‍ എന്നെ വിളിച്ചു. ‘കുട്ടാ, സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പ് ഒരു ചെറിയ പരിശ്രമമാണ് ഇത്. നീ എന്തായാലും വരണം’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ ഫങ്ഷന് പോയി. പല നടന്മാരും അതില്‍ അഭിനയിക്കുന്നുണ്ട്. എനിക്ക് വേഷമില്ലാത്തതുകൊണ്ട് ചെറിയ നിരാശയുണ്ടായിരുന്നു. ഞാന്‍ അതുകൊണ്ട് കുറച്ച് മാറിനിന്നു.

ആ സമയത്ത് സക്കറിയയുടെ മുഖത്ത് ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. വേണുച്ചേട്ടന്റെ അടുത്ത് ചെന്നിട്ട് ‘വേണൂ, ബാക്കി എല്ലാ റോളിലേക്കും ആളെക്കിട്ടി. കുര്യനായിട്ട് ആരെ വിളിക്കും’ എന്ന് ചോദിച്ചു. വേണുച്ചേട്ടന്‍ കുറച്ച് നേരം ആലോചിച്ചിട്ട് ‘ഇതാ, ജഗദീഷ് ഇവിടെയുണ്ടല്ലോ, കുര്യനായിട്ട് വേറെ ആരെയും ഇനി നോക്കണ്ടല്ലോ’ എന്ന് പറഞ്ഞു. ആ സമയത്ത് എനിക്ക് വലിയ സന്തോഷം തോന്നി. ഇപ്പോഴും അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്ക് രോമഞ്ചം വരും,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh shares the memories of Nedumudi Venu