Entertainment
നെടുമുടി വേണുവിനല്ലാതെ വേറെ ആര്‍ക്കും ആ റോള്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് പദ്മരാജന്‍ സാര്‍ അന്ന് പറഞ്ഞത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 01, 07:53 am
Tuesday, 1st October 2024, 1:23 pm

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു. കാവാലം നാരായണപണിക്കരുടെ നാടകക്കളരിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നെടുമുടി വേണു നാലരപ്പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമാജീവത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം പകര്‍ന്നാടി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, സംസ്‌കൃത സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് നെടുമുടി വേണു. ഒരു തവണ ദേശീയ അവാര്‍ഡും ഏഴ് തവണ സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.

പദ്മരാജന്റെ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടന്മാരില്‍ ഒരാളാണ് നെടുമുടി വേണുവെന്ന് പറയുകയാണ് ജഗദീഷ്. അദ്ദേഹം ചെയ്ത വില്ലന്‍ വേഷങ്ങളില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ തണുത്ത വെളുപ്പാന്‍കാലത്തിലേതെന്ന് ജഗദീഷ് പറഞ്ഞു. പദ്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു ഈ തണുത്ത വെളുപ്പാന്‍കാലത്ത്. മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നെടുമുടി വേണുവായിരുന്നു വില്ലന്‍.

ചിത്രത്തില്‍ നെടുമുടി വേണുവിന്റെ കഥാപാത്രം സസ്‌പെന്‍സായിരുന്നുവെന്നും ആ റോള്‍ നെടുമുടിയല്ലാതെ വേറെ ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് പദ്മരാജന്‍ പറഞ്ഞെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. വേറെ ഏത് കഥാപാത്രത്തിനും പകരക്കാരനെ വെക്കാമെന്നും നെടുമുടിയുടെ കഥാപാത്രത്തിലേക്ക് വേറെ ആരെയും നോക്കണ്ടെന്ന് പദ്മരാജന്‍ പറഞ്ഞെന്നും ജഗദീഷ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേണുചേട്ടന്‍ ഒരുപാട് സിനിമകളില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ടത് ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്ന സിനിമയിലെ വില്ലന്‍വേഷമാണ്. പദ്മരാജന്‍ സാറിന്റെ തിരക്കഥയില്‍ ജോഷി സാര്‍ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു അത്. വേണുചേട്ടനാണ് വില്ലനെന്നുള്ളത് സസ്‌പെന്‍സായിരുന്നു.

അന്ന് പദ്മരാജന്‍ സാര്‍ പറഞ്ഞത് ‘വേറെ ഏത് ക്യാരക്ടറിന് വേണമെങ്കിലും സബ്സ്റ്റിറ്റിയൂട്ട് വെക്കാം, പക്ഷേ വേണുവിന്റെ ക്യാരക്ടറിന് സബ്സ്റ്റിറ്റിയൂട്ടിനെ വെക്കാന്‍ പറ്റില്ല’ എന്നാണ്. ആ കഥാപാത്രം വേണുചേട്ടനല്ലാതെ വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്ന് പദ്മരാജന്‍ സാറിന് നല്ല ഉറപ്പായിരുന്നു. ആ സിനിമ കണ്ടവര്‍ക്കും വേണുച്ചേട്ടന്റെ ക്യാരക്ടര്‍ പുതിയൊരു എക്‌സ്പീരിയന്‍സ് നല്‍കി,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh shares Padmarajan’s comment about Nedumudi Venu