ഒരു ഡയലോഗ് പോലുമില്ലാതെ വേണുച്ചേട്ടന്‍ എന്നെ അമ്പരപ്പിച്ച സീന്‍ അതാണ്: ജഗദീഷ്
Entertainment
ഒരു ഡയലോഗ് പോലുമില്ലാതെ വേണുച്ചേട്ടന്‍ എന്നെ അമ്പരപ്പിച്ച സീന്‍ അതാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th October 2024, 7:18 pm

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് നെടുമുടി വേണു. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നെടുമുടി വേണു അഞ്ച് പതിറ്റാണ്ടോളം സിനിമയില്‍ നിറഞ്ഞുനിന്നു. മലയാളത്തിന് പുറമെ തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് നെടുമുടി വേണു.

നായകനായും സഹനടനായും വില്ലനായും ഒട്ടനവധി സിനിമകളുടെ ഭാഗമായ അദ്ദേഹം ഏഴ് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. നെടുമുടി വേണു ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.

പല സിനിമകളിലും അദ്ദേഹം തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കാറുണ്ടെന്നും താനത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു. എന്നാലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അപ്പുണ്ണിയിലേതാണെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ടൈറ്റില്‍ കഥാപാത്രമായ അപ്പുണ്ണിയെ വേണു അതിഗംഭീരമായി ചെയ്തുഫലിപ്പിച്ചുണ്ടെന്ന് ജഗദീഷ് പറഞ്ഞു.

ക്ഷിപ്രകോപിയായിട്ടുള്ള കഥാപാത്രമാണ് സിനിമയുടെ തുടക്കത്തില്‍ അപ്പുണ്ണിയെന്നും പിന്നീട് ആ കഥാപാത്രത്തിന് വരുന്ന മാറ്റം നെടുമുടി വേണു മനോഹരമായി ചെയ്തിട്ടുണ്ടെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ മേനക അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുറച്ചെറുക്കനാണ് നെടുമുടി വേണുവെന്നും എന്നാല്‍ മേനകക്ക് മോഹന്‍ലാലിന്റെ കഥാപാത്രത്തോടാണ് ഇഷ്ടമെന്നും ജഗദീഷ് പറഞ്ഞു.

ഇക്കാര്യം അറിഞ്ഞ ശേഷം അപ്പുണ്ണി എന്ന കഥാപാത്രം ഒന്നും മിണ്ടാതെ ഊണ് കഴിക്കുമെന്നും അതിനിടയില്‍ കല്ല് കടിച്ചത് പുറത്തുകാണിക്കാതെ അഭിനയിച്ചിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു. നെടുമുടി വേണുവിന്റെ ആ പെര്‍ഫോമന്‍സ് കണ്ട് താന്‍ അമ്പരന്നിട്ടുണ്ടെന്നും നെടുമുടി വേണുവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘നെടുമുടി വേണുചേട്ടന്‍ ഒരുപാട് സിനിമയില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സ് അപ്പുണ്ണിയിലേതാണ്. സത്യന്‍ അന്തിക്കാടായിരുന്നു ആ പടത്തിന്റെ ഡയറക്ടര്‍. വേണുച്ചേട്ടനാണ് ടൈറ്റില്‍ റോളിലെത്തിയത്. പുള്ളിയുടെ ക്യാരക്ടര്‍ നല്ല രസകരമാണ് ആ സിനിമയില്‍ തൊട്ടതിനും പിടിച്ചതിനും ദേഷ്യം വരുന്ന ക്യാരക്ടറാണ് അപ്പുണ്ണി ആ പടത്തിന്റെ തുടക്കത്തില്‍.

അതുപോലെ മേനക അവതരിപ്പിച്ച കഥാപാത്രം അപ്പുണ്ണിയുടെ മുറപ്പെണ്ണാണ്. അവരോട് അപ്പുണ്ണിക്ക് ഇഷ്ടമുണ്ട്. എന്നാല്‍ മേനകയുടെ ക്യാരക്ടറിന് മോഹന്‍ലാല്‍ അവതരിപ്പിച്ച് സ്‌കൂള്‍ മാഷിന്റെ കഥാപാത്രത്തിനെയാണ് ഇഷ്ടം. ഇതറിഞ്ഞതിന് ശേഷം അപ്പുണ്ണിയുടെ റിയാക്ഷന്‍ കാണിച്ച രീതി ഗംഭീരമാണ്. അദ്ദേഹം ഊണ് കഴിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടക്ക് കല്ലുകടിക്കുന്നത് പുറത്തറിയക്കുന്നില്ല, ആ സീനിലെ പെര്‍ഫോമന്‍സ് അതിഗംഭീരമാണ്. അദ്ദേഹത്തോട് ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadeesh shares his favorite performance of Nedumudi Venu