2016ല്‍ മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് ഗണേഷ് കുമാറിന് വേണ്ടിയാണെങ്കിലും തനിക്കും പണം നല്‍കിയിരുന്നെന്ന് ജഗദീഷ്
Kerala News
2016ല്‍ മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് ഗണേഷ് കുമാറിന് വേണ്ടിയാണെങ്കിലും തനിക്കും പണം നല്‍കിയിരുന്നെന്ന് ജഗദീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 8:29 am

തിരുവനന്തപുരം: 2016ല്‍ പത്തനാപുരത്ത് മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടിയാണ് പ്രചാരണത്തിന് ഇറങ്ങിയതെങ്കിലും തനിക്കും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം നല്‍കിയിരുന്നെന്ന് വെളിപ്പെടുത്തി നടനും കോണ്‍ഗ്രസ് നേതാവുമായ പി.വി ജഗദീഷ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജഗദീഷിന്റെ തുറന്നുപറച്ചില്‍.

ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതില്‍ മോഹന്‍ലാലിനോട് തനിക്ക് പിണക്കമില്ലെന്നും ജഗദീഷ് പറഞ്ഞു.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്ന് ഗണേഷ് കുമാറും ജഗദീഷും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

മോഹല്‍ലാല്‍ എന്തുകൊണ്ട് ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് പോയി എന്ന കാര്യം തനിക്കറിയാമെന്നും എന്നാല്‍ അത് വ്യക്തിപരമായ കാര്യമാണെന്നും രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങള്‍ നല്ല സൗഹൃദത്തില്‍ തന്നെയാണ്. ഞങ്ങള്‍ സൗഹൃദത്തിലാണെന്ന് മാത്രമല്ല. ഒരു കാര്യം കൂടി പറയാം. ആ സമയത്ത് ഞാന്‍ പിരിവൊന്നും നടത്തിയിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ള ആളാണ് മോഹന്‍ലാല്‍. അപ്പോള്‍ ഞാന്‍ ജയിച്ചു വരണമെന്ന് മോഹന്‍ലാലിന് ആഗ്രഹമുണ്ടായിരിക്കാം. പക്ഷേ അദ്ദേഹം ഗണേഷ് കുമാറിന് വേണ്ടി പോയി,’ ജഗദീഷ് പറഞ്ഞു.

മമ്മൂട്ടി തനിക്ക് പൈസ തന്നിട്ടില്ലെങ്കിലും തന്നെ സപ്പോര്‍ട്ട് ചെയ്യുന്ന രൂപത്തില്‍ ചില കോട്ടുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു.

2016 ലെ പത്തനാപുരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.ബി ഗണേഷ് കുമാര്‍ ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി.വി ജഗദീഷ് കുമാര്‍ പത്തനാപുരത്ത് നിന്നും തോല്‍ക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jagadeesh says about 2016 election and Mohanlal