എനിക്ക് സൂപ്പര്‍സ്റ്റാറാകന്‍ പറ്റില്ലെന്ന് എന്നെക്കൊണ്ട് പറയിപ്പിച്ച എഴുത്തുകാരന്‍ അയാളാണ്: ജഗദീഷ്
ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച നടനാണ് ജഗദീഷ്. 40 വര്‍ഷത്തേളമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ജഗദീഷ് കൊമേഡിയനായും നായകനായും സഹനടനായും ആദ്യകാലങ്ങളില്‍ കഴിവ് തെളിയിച്ചു. രഞ്ജിത് സംവിധാനം ചെയ്ത് 2015ല്‍ റിലീസായ ലീലയിലൂടെ ജഗദീഷ് ട്രാക്ക് മാറ്റി. അതുവരെ കാണാത്ത തരത്തിലുള്ള വേഷത്തില്‍ ജഗദീഷ് ഞെട്ടിച്ചു. പിന്നീട് പുതിയൊരു ജഗദീഷിനെയാണ് മലയാളികള്‍ കണ്ടത്.
സിനിമയിലെത്തിയ സമയത്ത് താനൊരു സൂപ്പര്‍സ്റ്റാറാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പറയുകയാണ് ജഗദീഷ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുകയും അതോടൊപ്പം കോളേജ് അധ്യാപനവും കൊണ്ടുപോവുക എന്നായിരുന്നു തന്റെ ഉദ്ദേശമെന്ന് ജഗദീഷ് പറഞ്ഞു. ഇന്‍ ഹരിഹര്‍ നഗറിന്റെ വിജയത്തോടെ നായകവേഷവും തനിക്ക് ചേരുമെന്ന് ചിലര്‍ക്ക് തോന്നിയെന്നും കുറച്ചധികം സിനിമകളില്‍ നായകവേഷം ചെയ്യാനായെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാല്‍ പോലും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെപ്പോലെ തനിക്ക് സൂപ്പര്‍സ്റ്റാറാകാന്‍ പറ്റില്ലെന്ന് ബോധ്യമുണ്ടായിരുന്നെന്നും രണ്‍ജി പണിക്കര്‍ അക്കാര്യം തന്നെക്കൊണ്ട് ഒരു സിനിമയില്‍ പറയിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു. പിന്നീട് താനാഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങളന്നും തനിക്ക് ലഭിച്ചില്ലെന്നും ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ട് ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കേണ്ടി വന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിലെത്തിയ സമയത്ത് ഒരു സൂപ്പര്‍സ്റ്റാറാകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുക, അതിനോടൊപ്പം കോളേജ് അധ്യാപനവും കൊണ്ടുപോവുക. ഇത്രയേ ഞാന്‍ ആഗ്രഹിച്ചുള്ളൂ. ഇന്‍ ഹരിഹര്‍ നഗര്‍ ഹിറ്റായതിന് ശേഷമാണ് എന്നെ നായകനാക്കിയാല്‍ പടം ഓടുമെന്ന് ചിലര്‍ക്ക് തോന്നിയതുകൊണ്ട് നായകനാകായി കുറച്ചധികം സിനിമകള്‍ ചെയ്യാന്‍ പറ്റി. അപ്പോള്‍ പോലും എനിക്ക് സൂപ്പര്‍സ്റ്റാറാകണമെന്ന ആഗ്രഹം വന്നിട്ടില്ല.
എനിക്കതിന് കഴിയില്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. ഒരു സൂപ്പര്‍സ്റ്റാറാകാനുള്ള ശബ്ദഗാംഭീര്യമൊന്നും എനിക്കില്ലെന്ന് എന്നെക്കൊണ്ട് പറയിപ്പിച്ച എഴുത്തുകാരനാണ് രണ്‍ജി പണിക്കര്‍. സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ ‘നിങ്ങളെ പേടിപ്പിക്കാനുള്ള ശബ്ദഗാംഭീര്യം എനിക്കില്ല’ എന്നൊരു ഡയലോഗ് ഞാന്‍ പറയുന്നുണ്ട്. അതൊരു ഓര്‍മപ്പെടുത്തലായരുന്നു. പിന്നീട് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ എനിക്ക് കിട്ടിയില്ല. അതുകൊണ്ടാണ് ഞാന്‍ ടെലിവിഷന്‍ രംഗത്തേക്ക് ശ്രദ്ധ കൊടുത്തത്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadeesh saying he believed he won’t be a superstar