| Monday, 10th October 2022, 8:59 am

'നസീറിന്റെയും സത്യന്റെയും കാലത്ത് വെളുപ്പിനെ ആറ് മണി വരെ ഷൂട്ടുണ്ട്, പ്രതിഫലവും കുറവ്, രാവിലെ വന്ന് അവര്‍ ഉറങ്ങുവാന്ന് കരുതരുത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍ പദവികള്‍ ഡിഗ്രി പോലെ കയ്യില്‍ വെച്ച് തരുന്നതല്ലെന്നും മോഹന്‍ലാലും മമ്മൂട്ടിയും കഠിനാധ്വാനം കൊണ്ട് നേടിയതാണെന്നും ജഗദീഷ്. നസീറിന്റെയും സത്യന്റെയും കാലത്ത് അവര്‍ തങ്ങളെക്കാളുമധികം അധ്വാനിച്ചിട്ടുണ്ടെന്നും റൊഷാക്ക് ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. ജഗദീഷിനൊപ്പം മമ്മൂട്ടിയും അഭിമുഖത്തിനെത്തിയിരുന്നു.

‘ഇപ്പോഴൊക്കെയാണ് ഷൂട്ടിങ്ങ് ഒമ്പതരയ്ക്ക് പാക്കപ്പ് ചെയ്യുന്നത്. ഞാനൊക്കെ എത്രയോ പ്രാവശ്യം വെളുപ്പിനെ മൂന്ന് മണി, നാല് മണി വരെയൊക്കെ ഉറക്കമൊഴിഞ്ഞ് ഷൂട്ട് ചെയ്തിട്ടുണ്ട്. നമ്മളെക്കാളും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്തവരാണ് നസീര്‍ സാറും സത്യന്‍ മാഷുമൊക്കെ. കാരണം അന്ന് സിനിമക്ക് ചെലവ് കുറഞ്ഞ ഫ്‌ളോര്‍ ഷൂട്ടിന് കിട്ടുന്നത് തന്നെ അര്‍ദ്ധരാത്രിയൊക്കെയാണ്, രണ്ട് മണി തൊട്ട് ആറ് മണി വരെ. എത്ര ദിവസം അവര്‍ ഉറക്കമൊഴിഞ്ഞിട്ടുണ്ട്,’ ജഗദീഷ് പറഞ്ഞു.

രാത്രി രണ്ട് മണി മുതല്‍ ആറ് മണിവരെ ഷൂട്ട് ചെയ്തിട്ട് പകല്‍ അവര്‍ കിടന്നുറങ്ങുകയാണെന്ന് വിചാരിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു. ‘പകലും ഷൂട്ടുണ്ട്, അത് പുറത്തായിരിക്കുമെന്നേയുള്ളൂ. സ്റ്റുഡിയോ ഫ്‌ളോര്‍ കിട്ടുന്നത് രാത്രിയിലാണ്. പുറത്തുള്ള ഷൂട്ട് കഴിഞ്ഞ് രാത്രി സ്റ്റുഡിയോയില്‍ വരും. അവിടെ വെളുപ്പിനെ ആറ് മണി വരെ ഷൂട്ട് ചെയ്യും.

ഈ നടപ്പിനിടയില്‍ അവിടിരുന്നുള്ള ഉറക്കമൊക്കെയുള്ളൂ എല്ലാവര്‍ക്കും. അത്ര തിരക്കുണ്ട് ആള്‍ക്കാര്‍ക്ക്. കാരണം അന്ന് അഭിനയിക്കാന്‍ കുറച്ച് ആള്‍ക്കാരെ ഉള്ളൂ. ഇവരെയെല്ലാം വെച്ചിട്ടാണ് എല്ലാ പടവും ചെയ്യുന്നത്,’ മമ്മൂട്ടി പറഞ്ഞു.

അന്ന് പ്രതിഫലവും കുറവായിരുന്നുവെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി. ‘മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഹാര്‍ഡ് വര്‍ക്ക് കൊണ്ടാണ് കേറി വന്നത്. 15 ദിവസം കൊണ്ടൊക്കെ ഒരു പടം തീര്‍ത്തിട്ടുണ്ട്. രണ്ട് ഫൈറ്റൊക്കെ ഒരു ദിവസം കൊണ്ട് തീര്‍ത്തിട്ടുണ്ട്, അതും വെയിലത്ത്.

അങ്ങനെയുള്ള ഒരുപാട് ഹാര്‍ഡ്‌വര്‍ക്ക് കൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍ എന്നൊക്കെ ഇവരെ വിളിക്കുന്നത്. അതാണ് പ്രേക്ഷകര്‍ ചിന്തിക്കേണ്ടത്. ഞാന്‍ ചിന്തിക്കുന്നത് അതാണ്. അല്ലാതെ ഇന്നാ പിടിച്ചോ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞ് ഒരു ഡിഗ്രി കൊടുക്കുവല്ല. മമ്മൂക്കയെ മാത്രമല്ല ഞാന്‍ പറയുന്നത്, അമിതാഭ് ബച്ചന്‍, രജിനികാന്ത്, കമല്‍ ഹാസന്‍ ഇവരുടെയൊക്കെ ഒരു ഹാര്‍ഡ് വര്‍ക്കുണ്ട്,’ ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Jagadeesh said that the titles of Superstar and Megastar are not given like a degree, Mohanlal and Mammootty have earned it through hard work

We use cookies to give you the best possible experience. Learn more