മമ്മൂട്ടി നായകനായ റോഷാക്ക് മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ തുടരുകയാണ്. വീണ്ടും മമ്മൂട്ടിയെ പല ഭാവത്തിലും രൂപത്തിലും പുതിയൊരു കഥാപാത്രത്തില്‍ കാണാനായതിന്റെ സന്തോഷം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നുണ്ട്.
ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടിയുടെ അഭിനയം ഒരു വിദ്യാര്‍ത്ഥിയെ പോലെ നിരീക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് ജഗദീഷ്. റോഷാക്കിന്റെ പ്രസ് മീറ്റില്‍ വെച്ചായിരുന്നു ജഗദീഷിന്റെ പ്രതികരണം.
‘റോഷാക്കിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ചില ഏരിയകളില്‍ ലൂക്കിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം എന്നെഴുതിയിട്ടുണ്ടായിരുന്നു. ഇതെങ്ങനെയാണ് മമ്മൂക്ക ആവിഷ്‌കരിക്കുക എന്ന് ഒരു വിദ്യാര്‍ത്ഥിയുടെ താല്‍പര്യത്തോടെ ആ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ഞാന്‍ കണ്ടിരുന്നു.
ക്യാരക്ടറിന്റെ നിഗൂഢത എഴുതിവെച്ചിരിക്കുന്ന ഡയലോഗ് പറയാന്‍ അത്ര ബുദ്ധിമുട്ട് മമ്മൂക്കക്ക് ഉണ്ടാവില്ല. പക്ഷേ ഗൂഢസ്മിതം അല്ലെങ്കില്‍ ഹിഡന്‍ ആയിട്ടുള്ള കാര്യം എക്‌സ്‌പ്രെസ് ചെയ്യുക എന്ന് പറയുന്നത് ഈ കഥാപാത്രത്തിന്‍ സങ്കീര്‍ണമായ നേച്ചറാണ്,’ ജഗദീഷ് പറഞ്ഞു.
ഗൂഢസ്മിതമൊക്കെ താന്‍ വായിച്ച സ്‌ക്രിപ്റ്റിലുണ്ടോ എന്ന് സംശയമുണ്ടെന്നാണ് മമ്മൂട്ടി ഈ സമയം പറഞ്ഞത്. ‘അങ്ങനെയൊരു കാര്യം ഞാന്‍ ഓര്‍ക്കുന്നില്ല ജഗദീഷേ, സിനിമയിലെങ്ങാനും കണ്ടെങ്കില്‍ സോറി,’ മമ്മൂട്ടിയുടെ മറുപടി കേട്ട് ജഗദീഷും പൊട്ടിച്ചിരിച്ചു.
പൊലീസ് ഉദ്യോഗസ്ഥനായ അഷ്‌റഫ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിച്ചത്. ഏറെക്കാലത്തിന് ശേഷം ജഗദീഷ് അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്.
അതേസമയം, റോഷാക്ക് ഈ ആഴ്ച കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യും. യു.കെ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക. ഒപ്പം സൗദി അറേബ്യയിലും എത്തിയേക്കും. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും 13നും യു.കെയില്‍ 14നുമാണ് ചിത്രം എത്തുക.
Content Highlight: Jagadeesh burst out laughing after hearing Mammootty’s reply in rorschach press meet