| Saturday, 21st September 2024, 8:35 pm

ആ സിനിമയില്‍ ഒരിടത്തും എനിക്ക് ഉര്‍വശിയെ കാണാന്‍ സാധിച്ചില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി മലയാളസിനിമയില്‍ സജീവമായി നിലനില്‍ക്കുന്ന നടനാണ് ജഗദീഷ്. ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ സഹനടനായും, കൊമേഡിയനായും നിറഞ്ഞുനിന്ന ജഗദീഷ് 1990കളില്‍ നായകവേഷത്തിലും തിളങ്ങി. കഴിഞ്ഞ കുറച്ചുകാലങ്ങളായി പുതിയൊരു ട്രാക്കിലേക്ക് മാറിയ ജഗദീഷിനെയാണ് കാണാന്‍ സാധിക്കുന്നത്. റോഷാക്ക്, പുരുഷപ്രേതം, ഫാലിമി എന്നീ സിനിമകള്‍ അതിന്റെ ഉദാഹരണങ്ങളാണ്.

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിലൊരാളായ ഉര്‍വശിയെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. വളരെ ഗിഫ്റ്റഡായിട്ടുള്ള നടിയാണ് ഉര്‍വശിയെന്ന് ജഗദീഷ് പറഞ്ഞു. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ഉര്‍വശിക്ക് കിട്ടാന്‍ കാരണമായ ഉള്ളൊഴുക്ക് താന്‍ കണ്ടെന്നും സിനിമ കണ്ട ശേഷം താന്‍ അവരെ വിളിച്ചെന്നും ജഗദീഷ് കൂട്ടിേേച്ചര്‍ത്തു. ഇന്ത്യന്‍ സിനമയില്‍ മറ്റാര്‍ക്കും ആ കഥാപാത്രം ചെയ്യാന്‍ പറ്റില്ലെന്നും ബിഹേവിയറല്‍ ആക്ടിങ്ങിന്റെ പീക്കാണ് ലീലാമ്മ എന്ന കഥാപാത്രമെന്നും ജഗദീഷ് പറഞ്ഞു.

ആ സിനിമയിലെ ഒരു ഫ്രെയിമില്‍ പോലും തനിക്ക് ഉര്‍വശിയെ കാണാന്‍ സാധിച്ചില്ലെന്നും ലീലാമ്മ എന്ന കഥാപാത്രമായി ഉര്‍വശി ജീവിക്കുകയായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഗുളിക കഴിക്കുന്നത് മുതല്‍ ഫയല്‍ എടുക്കുന്നതില്‍ വരെ ആ കഥാപാത്രമായിട്ടാണെന്നും ആ സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ജഗദീഷ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിട്ട് ഞാന്‍ ഉര്‍വശിയെ വിളിച്ച് അഭിനന്ദിച്ചു. എന്തൊരു ആക്ടിങ്ങാണ് ആ സിനിമയില്‍ ഉര്‍വശി കാഴ്ചവെച്ചത്. ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ആ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റില്ല. ബിഹേവിയറല്‍ ആക്ടിങ്ങിന്റെ പീക്ക് എന്നേ ആ സിനിമയിലെ ലീലാമ്മ എന്ന കഥാപാത്രത്തെപ്പറ്റി പറയാന്‍ പറ്റുള്ളൂ.

ഒരു സീനില്‍ പോലും എനിക്ക് ഉര്‍വശിയെ കാണാന്‍ കഴിഞ്ഞില്ല. ഗുളിക കഴിക്കുന്നതായാലും ഫയല്‍ എടുക്കുന്നതായാലും ലീലാമ്മ എന്ന കഥാപാത്രത്തെ മാത്രമേ ആ സീനിലൊക്കെ കാണാന്‍ പറ്റുള്ളൂ. വളരെ ഗിഫ്റ്റഡായിട്ടുള്ള നടിയാണ് ഉര്‍വശി. ആ ക്യരക്ടറായി വേറൊരാളെ നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. അത്രമാത്രം ബ്രില്യന്റ് പെര്‍ഫോമന്‍സാണ് ഉര്‍വശിയുടേത്. ആ സിനിമക്കൊക്കെ അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about Urvashi’s perfomance in Ullozhukku movie

We use cookies to give you the best possible experience. Learn more