|

അത്തരം റോളുകള്‍ അക്‌സപ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നെന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.

ഒരുകാലത്ത് കോമഡി റോളുകളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. കഥാപാത്രങ്ങളുടെ റൈറ്റിങ്ങും സംവിധാനവും ശരിയായില്ലെങ്കില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ജഗദീഷ് പറഞ്ഞു. പ്രൊജക്ട് നന്നായാല്‍ മാത്രമേ തങ്ങള്‍ക്കും രക്ഷയുള്ളൂവെന്നും ഇല്ലെങ്കില്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അതേ കഥാപാത്രം തന്നെ ചെയ്യേണ്ടിവരുമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

അത്തരം കഥാപാത്രങ്ങള്‍ അക്‌സപ്റ്റ് ചെയ്തതാണ് തന്റെ തെറ്റെന്ന് ജഗദീഷ് പറഞ്ഞു. സ്റ്റീരിയോടൈപ്ഡായി തന്നെ പലര്‍ക്കും തോന്നിയതിന് കാരണം താന്‍ തന്നെയാണെന്നും അതൊന്നും ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു. അങ്ങനെ തോന്നിയതിന് ശേഷമാണ് താന്‍ ചാനലിലേക്ക് പോയതെന്നും തിരിച്ചുവന്നതിന് ശേഷം ലീലയും റോഷാക്കും പോലുള്ള സിനിമകള്‍ ചെയ്തതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

അത്തരം റോളുകള്‍ കിട്ടാന്‍ വേണ്ടി ചെറിയൊരു ഗ്യാപ്പെടുത്തത് തനിക്ക് ഗുണം ചെയ്‌തെന്നും ജഗദീഷ് പറഞ്ഞു. ഗ്യാപ്പെടുക്കേണ്ടി വന്നാല്‍ ഗ്യാപ്പെടുക്കണമെന്നും സ്വയം നന്നാക്കാന്‍ അവസരമെടുത്ത് നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ഈ ഗ്യാപ്പ് എടുക്കുന്നത് പ്രായോഗികമാകില്ലെന്നും ജഗദീഷ് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ടൈപ്പ്ഡ് ആവുക എന്ന് പറയുന്നത് ഞാന്‍ ചെയ്ത കഥാപാത്രങ്ങളുടെ റൈറ്റിങ്ങും അതിന്റെ സംവിധനവും ശരിയായില്ലെങ്കില്‍ മാത്രമേ അങ്ങനെ സംഭവിക്കൂ. അതില്‍ മിസ്റ്റേക്ക് വന്നാല്‍ ടൈപ്പ്കാസ്റ്റ് ആവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രൊജക്ട് നന്നായാല്‍ മാത്രമേ നമുക്കും രക്ഷയുള്ളൂ. അല്ലെങ്കില്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അത് തന്നെ തുടരേണ്ടിവരും. അത്തരം കഥാപാത്രങ്ങള്‍ അക്‌സപ്റ്റ് ചെയ്തതാണ് എന്റെ തെറ്റ്.

സ്റ്റീരിയോടൈപ്പ്ഡ് ആയി എന്നെ ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ തോന്നിയതുകൊണ്ടാണ് ചെറിയൊരു ഗ്യാപ്പെടുത്ത് ചാനലിലേക്ക് പോകേണ്ടിവന്നതും തിരിച്ചുവന്നിട്ട് ലീല, റോഷാക്ക് പോലുള്ള സിനിമകള്‍ ചെയ്തതും. അത്തരം റോളുകള്‍ കിട്ടാന്‍ വേണ്ടി ചെറിയ ഗ്യാപ്പെടുത്തത് എനിക്ക് ഗുണം ചെയ്തു. ഗ്യാപ്പെടുക്കേണ്ടി വന്നാല്‍ ഗ്യാപ്പെടുക്കണം. സ്വയം നന്നാക്കാന്‍ അത് ഗുണം ചെയ്യും. എന്നാല്‍ എല്ലാവര്‍ക്കും ഇത് പ്രായോഗികമാകണമെന്നില്ല,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about the gap in his career and script selection