ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാളസിനിമയിലെ പല നടന്മാര്‍ക്കെതിരെയും ആരാപണങ്ങള്‍ ഉയര്‍ന്നിരുന്നു. എ.എം.എം.എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന പല നടന്മാര്‍ക്കെതിരെയും പരാതികള്‍ വന്നിരുന്നു. ഒടുവില്‍ അമ്മയുടെ നേതൃയോഗത്തെ പിരിച്ചുവിടുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
സംഘടനയിലെ തലപ്പത്തുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ജഗദീഷ്. ബലാത്സംഗ ആരോപണം നേരിട്ട സമയത്ത് തങ്ങളുടെ അധികാരം ഉപേക്ഷിച്ച് രാജിവെച്ച മന്ത്രിമാരും എം.എല്‍.എമാരും ഉണ്ടായിരുന്നെന്നും രാജി വെക്കാതെ കോടതിവിധി വരുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നവരും ഉണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
സിദ്ദിഖിനെതിരെ ആരോപണം വന്നപ്പോള്‍ അയാള്‍ രാജിവെച്ചെന്നും പകരം വന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം വന്നെന്നുമുള്ള അവതാരകന്റെ വാക്കുകളോടും ജഗദീഷ് പ്രതികരിച്ചു. ബാബുരാജിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ രാജിവെച്ച് മാറിനിന്നേനെയെന്നാണ് ജഗദീഷ് പറഞ്ഞത്. മറ്റൊരാളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ തനിക്കാകില്ലെന്നും ജഗദീഷ് പറയുന്നു.
താരസംഘടനയുടെ ഭാരവാഹിയാകാന്‍ താന്‍ ഒരിക്കലും തയ്യാറാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഒരു കാര്യം ഏറ്റെടുക്കുമ്പോള്‍ അതിനായി എല്ലായ്‌പ്പോഴും നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും നേതൃത്വത്തില്‍ വന്നാല്‍ അതിനായി 100 ശതമാനം നല്‍കാനാണ് താന്‍ ശ്രമിക്കാറെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വപ്‌നം അഭിനയിക്കുക എന്നത് മാത്രമാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
വ്യക്തികള്‍ ആര് തന്നെ പോയാലും പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം വേറൊരാള്‍ ആ സ്ഥാനത്തേക്ക് വന്നിരുന്നെന്നും ജഗദീഷ് പറഞ്ഞു. അതുപോലെ താരസംഘടനയുടെ കൂടെ എല്ലാ കാലത്തും താന്‍ നില്‍ക്കുമെന്നും നേതൃതിരയിലേക്ക് വരാന്‍ താത്പര്യമില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ലൈംഗികാരോപണം നേരിട്ടതിന് ശേഷം ഏതെങ്കിലും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അപ്പോള്‍ തന്നെ അവരുടെ പദവി രാജിവെച്ച് പോകുറുണ്ട്. എന്നാല്‍ ചിലര്‍ കോടതിവിധി വരുന്നതുവരെ അവരുടെ സ്ഥാനത്ത് തുടരാറുമുണ്ട്. അതില്‍ മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരുമുണ്ടാകാറുണ്ട്. അത്തരത്തിലുള്ള സംഭവം തന്നെയാണ് അമ്മ എന്ന സംഘടനയിലും നടന്നത്.
സിദ്ദിഖിനെതിരെ ആരോപണം വന്നപ്പോള്‍ അയാള്‍ രാജിവെച്ച് അന്വേഷണം നേരിട്ടു. പകരം വന്ന ബാബുരാജ് അങ്ങനെ ചെയ്തില്ല. ബാബുരാജിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവെച്ച് മാറിനിന്നേനെയെന്നേ എനിക്ക് പറയാന്‍ കഴിയൂ. മറ്റൊരാളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ എനിക്കാകില്ല. പക്ഷേ, താരസംഘടനയുടെ ഭാരവാഹിയാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
നേതൃനിരയിലേക്കെത്തിയാല്‍ 100 ശതമാനവും അതിനായി നിലനില്‍ക്കണം. ഇപ്പോള്‍ എന്റെ സ്വപ്നം അഭിനയം മാത്രമാണ്. വ്യക്തികള്‍ ആര് പോയാലും സംഘടന മുന്നോട്ട് തന്നെ പോകും. ജവഹര്‍ലാല്‍ നെഹ്‌റു പോയ ശേഷം മറ്റൊരാള്‍ വന്നല്ലോ. അതുപോലെ തന്നെയാണ് എല്ലായിടത്തും. സംഘടനയുടെ കൂടെ എല്ലാകാലത്തും ഞാന്‍ നിലനില്‍ക്കും,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadeesh about the allegations faced by the executive committee of AMMA