1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ തനിക്ക് തന്ന ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. മലയാളത്തില്‍ ആനയുമായി ഏറ്റവുമധികം സീനുകള്‍ ചെയ്ത നടനാണ് താനെന്ന് ജഗദീഷ് പറഞ്ഞു. മൂന്നുനാല് സിനിമകളില്‍ ആനയുമായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അതിലൊന്നായിരുന്നു 1995ല്‍ റിലീസായ പ്രായിക്കര പാപ്പാനെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ആ സിനിമക്ക് മുമ്പ് മോഹന്‍ലാല്‍ തന്നെ വിളിച്ചെന്നും അടിവേരുകള്‍ എന്ന സിനിമ ചെയ്ത ശേഷമാണ് മോഹന്‍ലാല്‍ തന്നെ വിളിച്ചതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആനയുടെ കൂടെ ഷൂട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്നും അത്തരം സീനുകളില്‍ ബോഡി ലാംഗ്വേജ് വളരെ പ്രധാനമാണെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു.
സാധാരണ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൈയെല്ലാം നീട്ടി സംസാരിക്കുന്നത് ആനയുടെ അടുത്ത് നിന്ന് ചെയ്യരുതെന്നും അത് അപകടമാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അത്തരം അംഗവിക്ഷേപങ്ങള്‍ കാണുമ്പോള്‍ തന്നെ ആക്രമിക്കാന്‍ വരികയാണെന്ന് ആനക്ക് തോന്നുമെന്നും അത് തിരിച്ച് അറ്റാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ജഗദീഷ് പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘മലയാളസിനിമയില്‍ ആനയുമായി ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഞാനാണ്. മൂന്നോ നാലോ സിനിമകളില്‍ ആനയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അത്തരം സീനുകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. പ്രായിക്കര പാപ്പാനിലാണ് ആദ്യമായി ആനയുടെ കൂടെ അഭിനയിച്ചത്. ആ സിനിമ ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ എന്നെ വിളിച്ചിരുന്നു. അടിവേരുകള്‍ എന്ന സിനിമ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അതെന്ന് തോന്നുന്നു. അന്ന് മോഹന്‍ലാല്‍ എനിക്ക് തന്ന ഉപദേശം വളരെ വിലപ്പെട്ടതായിരുന്നു.
‘ആനയുടെ അടുത്ത് നില്‍ക്കുമ്പോള്‍ സൂക്ഷിക്കണം. നമ്മുടെ ബോഡി ലാംഗ്വേജ് വളരെ പ്രധാനമാണ്. കൈയൊന്നും അധികം അനക്കരുത്’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അത് കറക്ടാണെന്ന് മനസിലായി. കാരണം, സാധാരണയായി നമ്മള്‍ സംസാരിക്കുമ്പോള്‍ കൈയൊക്കെ നീട്ടിയിട്ടാണ് സംസാരിക്കാറുള്ളത്. പക്ഷേ, ആനയുടെ അടുത്ത് നിന്ന് അങ്ങനെ സംസാരിച്ചാല്‍ അതിനെ നമ്മള്‍ ആക്രമിക്കുകയാണെന്ന് തോന്നും. ആന തിരിച്ച് അറ്റാക്ക് ചെയ്യും. അതുകൊണ്ടാണ് ലാല്‍ അന്ന് അങ്ങനെ പറഞ്ഞത്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadeesh about the advice he got from Mohanlal