ആ സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണ്, ഇന്നും ആ ചിത്രത്തെപ്പറ്റി ആളുകള്‍ സംസാരിക്കുന്നുണ്ട്: ജഗദീഷ്
Entertainment
ആ സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണ്, ഇന്നും ആ ചിത്രത്തെപ്പറ്റി ആളുകള്‍ സംസാരിക്കുന്നുണ്ട്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 5:27 pm

മലയാളത്തിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ജഗദീഷ്. പിന്നീട് സഹനടനായും നായകനായും നിരവധി സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് സാധിച്ചു. 2010 കാലഘട്ടം വരെ കോമഡി റോളുകള്‍ക്ക് പ്രാധാന്യം നല്‍കിയ ജഗദീഷ് ലീല മുതല്‍ സീരിയസ് വേഷങ്ങളിലേക്ക് ചുവടുമാറി. പിന്നീടിങ്ങോട്ട് വ്യത്യസ്ത കഥാപാത്രങ്ങളായി തിളങ്ങുന്ന ജഗദീഷിനെയാണ് കാണാന്‍ സാധിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ ജഗദീഷ് ചെയ്ത സിനിമകളിലൊന്നാണ് വരവേല്പ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1989ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. പ്രവാസി മലയാളിയുടെ കഷ്ടപ്പാടുകള്‍ പറഞ്ഞ ചിത്രം ഇന്നും പ്രസക്തമാണ്. ചിത്രത്തില്‍ കണ്ടക്ടര്‍ വത്സന്‍ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിച്ചത്.

വരവേല്പ് എന്ന സിനിമയുടെ കഥ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവമാണെന്ന് പറയുകയാണ് ജഗദീഷ്. ശ്രീനിവാസന്റെ അച്ഛന് സ്വന്തമായി ഒരു ബസുണ്ടായിരുന്നെന്നും തൊഴിലാളികളുമായി പ്രശ്‌നമുണ്ടായപ്പോള്‍ അവര്‍ ആ ബസ് തല്ലിത്തകര്‍ത്തുവെന്നും ജഗദീഷ് പറഞ്ഞു. അത്രയും വിഷമമുണ്ടാക്കിയ കാര്യത്തെയാണ് കോമഡിയുടെ പശ്ചാത്തലത്തില്‍ ശ്രീനി അവതരിപ്പിച്ചതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വരവേല്പ് എന്ന സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ്. ശ്രീനിയുടെ അച്ഛന് ഉണ്ടായ കാര്യമാണ് സിനിമക്ക് ആധാരം. അദ്ദേഹത്തിന് ഒരു ബസുണ്ടായിരുന്നു. അതിലെ ഒരു തൊഴിലാളിയുമായുള്ള പ്രശ്‌നത്തില്‍ അവര്‍ ആ ബസ് തല്ലിത്തകര്‍ത്തു. അതാണ് ശ്രീനി വരവേല്പ് എന്ന സിനിമയാക്കിയത്. ഇന്നും ആ സിനിമ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്.

അന്ന് ശ്രീനിയുടെ ജീവിതത്തില്‍ വളരെയധികം വിഷമമുണ്ടാക്കിയ കാര്യത്തെ കോമഡിയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. അതൊക്കെ അങ്ങനെ ആര്‍ക്കും എഴുതി ഫലിപ്പിക്കാന്‍ പറ്റില്ല. ശ്രീനിയെപ്പോലുള്ള എഴുത്തുകാര്‍ക്ക് മാത്രമേ അതൊക്കെ സാധിക്കുള്ളൂ. ഒരു ആര്‍ട്ടിസ്റ്റിന് ഉണ്ടാകേണ്ട ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് അത്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about Sreenivasan and Varavelpu movie