| Monday, 14th October 2024, 11:49 am

നെടുമുടി വേണുചേട്ടന്‍ എങ്ങനെ ഗുസ്തിക്കാരനാകുമെന്ന് പലരും ചോദിച്ചു, അതിന് പുള്ളിയൊരു കാര്യം ചെയ്തു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകളില്‍ കഴിവ് തെളിയിച്ച ജഗദീഷ് പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി. 2000ത്തിന് ശേഷം വീണ്ടും കോമഡി വേഷത്തിലേക്ക് തിരിഞ്ഞ ജഗദീഷ് കഴിഞ്ഞ കുറച്ചുകാലങ്ങളായി വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് മലയാളികളെ ഞെട്ടിക്കുകയാണ്. അഭിനേതാവ് എന്നതിലുപരി തിരക്കഥാരചനയിലും ജഗദീഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ജഗദീഷ് ആദ്യമായി കഥയെഴുതിയ ചിത്രമായിരുന്നു 1985ല്‍ റിലീസായ മുത്താരംകുന്ന് പി.ഒ. സിബി മലയിലിന്റെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. ഒരു ഗ്രാമവും അവിടേക്ക് പുതുതായി എത്തുന്ന പോസ്റ്റ്മാസ്റ്ററിന്റെയും ആ ഗ്രാമത്തിലെ ഗുസ്തി ആശാന്റെയും കഥയാണ് ചിത്രം പറഞ്ഞത്. നെടുമുടി വേണുവായിരുന്നു കുട്ടന്‍പിള്ള എന്ന ഗുസ്തി ആശാനായെത്തിയത്.

ആ വേഷത്തിലേക്ക് നെടുമടി വേണു എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഗുസ്തിക്കാരന്‍ കഥാപാത്രമായി നെടുമുടി വേണുവിനെ ആളുകള്‍ സ്വീകരിക്കുമോ എന്ന സംശയം തങ്ങള്‍ക്കുണ്ടായിരുന്നെന്നും എന്നാല്‍ ആ കഥാപാത്രം കണ്‍വിന്‍സിങ്ങാവാന്‍ നെടുമുടി വേണു നടത്തത്തില്‍ ഒരല്പം മുടന്ത് കൊണ്ടുവന്നെന്നും ജഗദീഷ് പറഞ്ഞു.

ഗുസ്തിക്കിടയില്‍ പരിക്ക് പറ്റിയ ശേഷം വ്യായാമമൊന്നും ചെയ്യാതിരിക്കുന്ന ആള്‍ എന്ന നിലയില്‍ ആ കഥാപാത്രം പിന്നീട് പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സ്ഡ് ആയെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. നെടുമുടി വേണു എന്ന നടന്റെ അഭിനയപാടവം ആ സിനിമയില്‍ കാണാന്‍ സാധിച്ചെന്നും ജഗദീഷ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലെ കുട്ടന്‍പിള്ള ആശാന്‍ എന്ന ക്യാരക്ടര്‍ ആര് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് വേണുച്ചേട്ടനായിരുന്നു. പുള്ളിയോട് കഥ പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് സമ്മതിച്ചു. പക്ഷേ വേണുച്ചേട്ടനെക്കണ്ടാല്‍ ഒരു ഗുസ്തിക്കാരനായി തോന്നുമോ എന്ന് പലരും സംശയിച്ചിരുന്നു. ഈ കാര്യം ഞങ്ങള്‍ വേണുച്ചേട്ടനോടും ഡിസ്‌കസ് ചെയ്തു. സിനിമ കാണുന്നവര്‍ക്ക് കണ്‍വിന്‍സാകാന്‍ അദ്ദേഹം ഒരു കാര്യം ചെയ്തു.

കുട്ടന്‍പിള്ള എന്ന ക്യാരക്ടറിന്റെ നടത്തത്തില്‍ വേണുച്ചേട്ടന്‍ ഒരു ചെറിയ മുടന്ത് കൊണ്ടുവന്നു. പണ്ടെപ്പോഴോ ഗുസ്തിയില്‍ പങ്കെടുത്തപ്പോള്‍ പറ്റിയ പരിക്ക് കാരണമുള്ള മുടന്തായി അതിനെ കൊണ്ടുവന്നു. മുടന്തുള്ളതുകൊണ്ട് വ്യായാമമൊന്നും ചെയ്യാന്‍ പറ്റാതെ ശരീരം ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയായെന്ന് ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ വേണുച്ചേട്ടന് സാധിച്ചു. അദ്ദേഹത്തിന്റെ അഭിനയപാടവം ആ സിനിമയില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്,’ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about Nedumudi Venu’s character in Mutharamkunnu PO movie

We use cookies to give you the best possible experience. Learn more