മൈഡിയര്‍ കുട്ടിച്ചാത്തന്‍ ചെയ്യുന്ന സമയത്ത് ത്രീഡിയെക്കുറിച്ച് കേട്ടിട്ടുകൂടിയുണ്ടായിരുന്നില്ല: ജഗദീഷ്
Entertainment
മൈഡിയര്‍ കുട്ടിച്ചാത്തന്‍ ചെയ്യുന്ന സമയത്ത് ത്രീഡിയെക്കുറിച്ച് കേട്ടിട്ടുകൂടിയുണ്ടായിരുന്നില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 8:41 pm

മലയാളസിനിമയില്‍ നാല് പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാരംഗത്തേക്കെത്തിയ ജഗദീഷ് കരിയറിന്റെ തുടക്കത്തില്‍ സഹനടനായും നായകനായും നിറഞ്ഞുനിന്നു. 90കളുടെ അവസാനം മുതല്‍ പൂര്‍ണമായും കോമഡിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ജഗദീഷ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ക്യാരക്ടര്‍ റോളുകളിലൂടെ ഞെട്ടിക്കുകയാണ്.

കോളേജ് പ്രൊഫസര്‍ എന്ന ജോലിയില്‍ നിന്ന് സിനിമയിലേക്ക് വന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജഗദീഷ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തനില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് ത്രീഡിയെപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് ജഗദീഷ് പറഞ്ഞു. ആ സിനിമയില്‍ വെറും രണ്ട് സീനില്‍ മാത്രമേ താന്‍ ഉണ്ടായിരുന്നുവെള്ളൂവെന്നും ആദ്യത്തെ ടേക്കില്‍ തന്നെ ഷോട്ട് ഓക്കെയാക്കിയെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ക്യാബറെ ഡാന്‍സിന് അനൗണ്‍സ്‌മെന്റ് നടത്തുന്ന ആളുടെ കഥാപാത്രമായിരുന്നു ആ സിനിമയില്‍ തനിക്കെന്ന് ജഗദീഷ് പറഞ്ഞു. ആ സമയത്ത് സിനിമയുടെ ഷൂട്ടിനെക്കുറിച്ച് തനിക്ക് യാതൊരു പിടിയും ഇല്ലായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. കോളേജില്‍ ക്ലാസെടുക്കുന്നതുപോലെ ഡയലോഗ് പറഞ്ഞ് തീര്‍ത്തുവെന്നും ഷൂട്ടിന്റെ പ്രോസസ്സിനെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ താന്‍ പരിഭ്രമിച്ചേനെയെന്നും ജഗദീഷ് പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. ആ സമയത്ത് ത്രീഡിയെക്കുറിച്ച് എനിക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീടാണ് ത്രീഡി സിനിമ എങ്ങനെയാണ് കാണേണ്ടതെന്ന് മനസിലാക്കുന്നത്. ആ സിനിമയില്‍ ഒരു ക്യാബറെ ഡാന്‍സ് അനൗണ്‍സറുടെ വേഷമായിരുന്നു എനിക്ക്. അതിന് മുമ്പ് സിനിമയുടെ എ.ബി.സി.ഡി എനിക്കറിയില്ലായിരുന്നു.

കോളേജില്‍ ക്ലാസെടുക്കുന്ന രീതിയില്‍ ഞാന്‍ ആ ഡയലോഗ് പറഞ്ഞു. ആദ്യത്തെ ടേക്കില്‍ തന്നെ ഓക്കെയായി. ആ സിനിമയുടെ ക്യാമറാമാന്‍ അശോക് കുമാറായിരുന്നു. പുള്ളി എന്നെ വിളിച്ചിട്ട് ‘ആദ്യമായിട്ടാണോ അഭിനയിക്കുന്നത്’ എന്ന് ചോദിച്ചു. അതെയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘പെര്‍ഫോമന്‍സ് കണ്ടാല്‍ അങ്ങനെ പറയില്ല’ എന്ന് പുള്ളി പറഞ്ഞു. ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. ഓരോ ഫിലിമിനും കണക്കുണ്ട് എന്നൊന്നു എനിക്കറിയില്ലായിരുന്നു. അത് അറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ടെന്‍ഷനായേനെ,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about his character in My Dear Kuttichathan movie