| Sunday, 15th September 2024, 7:57 pm

വെള്ളം പോലെയാണ് ആ നടന്‍, ആരുടെ കൂടെ ചേരുന്നോ അവരെപ്പോലെയാകും: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ നാലുപതിറ്റാണ്ടായി മലയാളസിനിമയില്‍ തന്റേതായ സ്ഥാനം നിലനിര്‍ത്തുന്ന നടനാണ് ജഗദീഷ്. ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ് സിനിമാജീവിതം ആരംഭിച്ചത്. സഹനടനായും, കൊമേഡിയനായും ആദ്യകാലങ്ങളില്‍ നിറഞ്ഞുനിന്ന ജഗദീഷ് 1990കളില്‍ നായകവേഷത്തിലും തിളങ്ങി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി പുതിയൊരു ട്രാക്കിലേക്ക് മാറിയ ജഗദീഷിനെയാണ് കാണാന്‍ സാധിക്കുന്നത്. റോഷാക്ക്, പുരുഷപ്രേതം, ഫാലിമി എന്നീ സിനിമകള്‍ അതിന്റെ ഉദാഹരണങ്ങളാണ്.

സിനിമാലോകത്തെ തന്റെ സുഹൃത്തും നടനുമായ അശോകനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഇന്‍ ഹരിഹര്‍ നഗര്‍ മുതല്‍ക്കാണ് തങ്ങള്‍ കൂടുതല്‍ അടുത്തതെന്നും ഇന്നും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ജഗദീഷ് പറഞ്ഞു. ഓരോ ദിവസവും താന്‍ അശോകനില്‍ നിന്ന് ഓരോ കാര്യവും പഠിക്കാറുണ്ടെന്നും മുഴുവനായി മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. തങ്ങളെ തങ്ങളാക്കിയതില്‍ ഇന്‍ ഹരിഹര്‍ നഗറിന് വലിയ പങ്കുണ്ടെന്നും ജഗദീഷ് പറഞ്ഞു.

അശോകന്റെ സ്വഭാവം വെള്ളം പോലെയാണെന്നും ആരുടെ കൂടെ ചേരുന്നോ അവരുടെ സ്വഭാവം തന്നെയാകും അശോകന്റേതുമെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. നന്മയുള്ളവരുടെ കൂടെ ചേരുമ്പോള്‍ ആ സ്വഭാവവവും അല്ലാത്തവരുടെ കൂടെ ചേരുമ്പോള്‍ അതുപോലുള്ള സ്വഭാവമാകുമെന്നും ജഗദീഷ് പറഞ്ഞു. അയാളുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ ഇതുവരെ തനിക്ക് മനസിലായിട്ടില്ലെന്നും വേറെ ആര്‍ക്കും ഇനി മനസിലാകാന്‍ ചാന്‍സില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്‍ ഹരിഹര്‍ നഗര്‍ മുതലാണ് ഞാനും അശോകനും ഒന്നിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഓരോ ദിവസവും ഞാന്‍ ഓരോ പുതിയ കാര്യങ്ങള്‍ അശോകനില്‍ നിന്ന് പഠിക്കുന്നുണ്ട്. ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല. ആര്‍ക്കും അതിന് സാധിക്കില്ലെന്ന് ഉറപ്പാണ്. അതാണ് അശോകന്റെ ക്യാരക്ടര്‍. ഞങ്ങളെ ഞങ്ങളാക്കിയതില്‍ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമക്ക് വലിയൊരു പങ്കുണ്ട്.

ആ സിനിമയുടെ സെറ്റ് എന്ന് പറയുന്നത് മുഴുവന്‍ തമാശയായിരുന്നു. പരസ്പരം കളിയാക്കലൊക്കെയായി നല്ല എന്‍ജോയ്‌മെന്റായിരുന്നു. ആ സിനിമ തന്ന സൗഹൃദമാണ് അശോകനും ഞാനും ഇന്നും കാത്തുസൂക്ഷിക്കുന്നത്. അശോകന്റെ സ്വഭാവമെന്ന് പറഞ്ഞാല്‍ വെള്ളം പോലെയാണ്. ആരുടെ കൂടെ ചേരുന്നോ അവരുടെ സ്വഭാവം അശോകനും ഉണ്ടാകും. നന്മയുള്ളവരുടെ കൂടെ ചേര്‍ന്നാല്‍ അങ്ങനെ, അല്ലാത്തവരുടെ കൂടെ ചേര്‍ന്നാല്‍ അവരുടെ സ്വഭാവവും അശോകന് വരും,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about friendship with Ashokan

We use cookies to give you the best possible experience. Learn more