2024 ലങ്കന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരായി ജഫ്‌ന കിങ്സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗാലേ ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ജഫ്‌ന കിരീടം ചൂടിയത്. ആര്‍. പ്രേമദാസാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ജഫ്‌ന കിങ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജഫ്‌ന 15.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ബാനുക രജപക്ഷയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ നേടിയത്. 34 പന്തില്‍ 82 റണ്‍സ് നേടി കൊണ്ടായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. 241.18 പ്രഹര ശേഷിയില്‍ എട്ട് ഫോറുകളും ആറ് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ടിം സീഫെര്‍ട്ട് 37 പന്തില്‍ 47 റണ്‍സും നേടി നിര്‍ണായകമായി. രണ്ട് ഫോറുകളും നാല് സിക്‌സുമാണ് സീഫെര്‍ട്ട് അടിച്ചെടുത്തത്.
ജഫ്‌നനക്കായി അസിതാ ഫെര്‍ണാണ്ടൊ മൂന്ന് വിക്കറ്റും ജേസണ്‍ ബെഹംദോര്‍ഫ് രണ്ട് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി ഒരു വിക്കറ്റും നേടി.
ജഫ്‌നക്കായി റില്ലി റൂസോ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 53 പന്തില്‍ പുറത്താവാതെ 106 റണ്‍സ് നേടികൊണ്ടായിരുന്നു താരം വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. ഒമ്പത് ഫോറുകളും ഏഴ് സിക്‌സുകളും ആണ് താരം നേടിയത്.
ഇതിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാനും സൗത്ത് ആഫ്രിക്കന്‍ താരത്തിന് സാധിച്ചു. ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഒരു എഡിഷനില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായി മാറാനാണ് റൂസോക്ക് സാധിച്ചത്.
40 പന്തില്‍ 72 റണ്‍സ് നേടി കുശാല്‍ മെന്‍ഡീസും നിര്‍ണായകമായി. എട്ട് ഫോറുകളും രണ്ട് സിക്‌സുമാണ് കുശാല്‍ നേടിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ജാഫ്‌ന താരം പാത്തും നിസങ്ക പുറത്താവുകയായിരുന്നു. പിന്നീട് റൂസോയും മെന്‍ഡീസും ചേര്‍ന്ന് കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. ഇതോടെ ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന നേട്ടം സ്വന്തമാക്കാനും ഇരുവര്‍ക്കും സാധിച്ചു.
Content Highlight: Jafna Kings Won The Lankan Premiere League 2024 Tittle