കഴിഞ്ഞ 13 വര്‍ഷത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട ഏറ്റവും വലിയ പ്രതിഷേധ സമരങ്ങള്‍ക്കാണ് ഇപ്പോള്‍ ബംഗാള്‍ സാക്ഷ്യം വഹിക്കുന്നത്.
ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അവിടെ നടക്കുന്ന സമരങ്ങള്‍ മുഖ്യമായും സംഘടിപ്പിക്കുന്നത് ഫുട്‌ബോള്‍ ആരാധകരാണ്.
ബംഗാളില്‍ ഭരണം നിലനിര്‍ത്താന്‍ മമത ചെയ്തിരുന്ന തന്ത്രം മൂന്ന് പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളെ കൈപ്പിടിയില്‍ നിര്‍ത്തുക എന്നതായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഫുട്‌ബോള്‍ ഒരു നിര്‍ണായക ‘ജാതിയാണ് ‘.
മോഹന്‍ ബഗാന്‍ സവര്‍ണരെയും ഈസ്റ്റ് ബംഗാള്‍ കുടിയേറ്റക്കാരായ ബംഗാളികളെയും മുഹമ്മദന്‍സ് മുസ്‌ലിങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സാഹചര്യമാണ് ബംഗാളില്‍ പൊതുവെയുള്ളത്.
മൂന്നിനെയും ഒപ്പം കൂട്ടിയാല്‍ ബംഗാള്‍ നിലനിര്‍ത്താന്‍ വേറെ പണി വേണ്ട.
കേരള രാഷ്ട്രീയം പരിഗണിച്ചാല്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ജമാഅത്തും ഒപ്പം അറിഞ്ഞും അറിയാതെയും അവരുടെ ‘ഉപഗ്രഹങ്ങളായവരും’ ഒന്നിച്ച് നില്‍ക്കും പോലെ.
മമത ഇതിനായി ചെയ്ത പണി എന്താണ്? നൂറ്റാണ്ട് പഴക്കമുള്ള മൂന്ന് ക്ലബുകളുടെയും ഭരണം സ്വന്തക്കാരില്‍ എത്തിക്കുക എന്നത്. അതില്‍ അവര്‍ ഗംഭീരമായി വിജയിക്കുകയും ചെയ്തു.
തൃണമൂലിന്റെ വലിയ നേതാക്കളായ കുനാല്‍ ഘോഷ് ബഗാനെയും ദേബബ്രത സര്‍ക്കാര്‍ ഈസ്റ്റ് ബംഗാളിനെയും ബിലാല്‍ ഖാന്‍ മുഹമ്മദന്‍സിനെയും മമത പറയും പ്രകാരം നയിക്കുന്നു.
അജിത് ബാനര്‍ജി ഉള്‍പ്പടെ മമതയുടെ സഹോദരന്മാരും അനന്തരവന്മാരും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ മൂന്ന് ക്ലബ്ബുകളുടെ പ്രധാന പോസ്റ്റുകളില്‍ കയറി. പഴയകാല ‘ഫുട്‌ബോള്‍ സംഘാടകര്‍’ പുറത്തായി.
ക്ലബ്ബുകള്‍ക്ക് വര്‍ഷാവര്‍ഷം ബുക്കും പേപ്പറും ഇല്ലാതെ വലിയ ഫണ്ട് നല്‍കുന്നു. സ്‌പോണ്‍സര്‍ ഇല്ലാതെ കുടുങ്ങുമ്പോള്‍ ‘ഭീഷണി’ ഉയര്‍ത്തി കൊല്‍ക്കത്ത കമ്പനികളെ, എന്തിന് ധാക്ക കമ്പനികളെ പോലും സ്‌പോണ്‍സറായി ഇറക്കി നല്‍കി.
സുതാര്യത പറഞ്ഞ് എതിര്‍വാദം ഉന്നയിക്കുന്നവരെ ക്ലബ്ബിന്റെ മെമ്പര്‍ഷിപ്പില്‍ നിന്ന് പോലും പുറത്താക്കി.
പക്ഷേ, നിലവില്‍ അവിടെ സീന്‍ വേറെയാണ്. ക്ലബ്ബ് മാനേജ്‌മെന്റിനെ ധിക്കരിച്ച് ആരാധകര്‍ തെരുവിലിറങ്ങി. എം.പി സ്ഥാനവും എം.എല്‍.എ സ്ഥാനവും വാങ്ങി ക്ലബ്ബ് നേതാക്കള്‍ നടത്തുന്ന ‘കളി’ ആരാധകര്‍ക്ക് തിരിഞ്ഞുതുടങ്ങി. കൊല്‍ക്കത്ത നഗരം സ്തംഭിച്ചു. ഡ്യൂറണ്ട് കപ്പ് മത്സരം ഉപേക്ഷിച്ചു. ടൂര്‍ണമെന്റ് വേദി മാറ്റി.
കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് മമതയുടെ കാപട്യം തുറന്നുപറഞ്ഞു. അതോടെ മമത വെള്ളസാരി ഉടുത്ത് എന്നും പുറത്തെടുക്കുന്ന ഇമോഷണല്‍ റോഡ് യാത്രയ്ക്ക് പുറപ്പെട്ടു.
ഇത് ചെറിയ സമരം ആവില്ല എന്ന് മമത വ്യക്തമായി തിരിച്ചറിയുന്നു.
ബംഗ്ലാദേശില്‍ നടക്കുന്ന പൊട്ടലും ചീറ്റലും കൊല്‍ക്കത്തയിലേക്കും പടരും എന്ന പേടിയില്‍ മമത, മോദിയുടെ കാലു പിടിച്ചു എന്നാണ് പുതിയ ബംഗാള്‍ ന്യൂസ്.
Content highlight: Jaffer Khan writes on Mamata Banerjee and the ongoing protests by football fans in Kolkata