31 വര്‍ഷം മുന്‍പാണ്. ഇതുപോലൊരു ഫെബ്രുവരി 14നാണ് കണ്ണൂര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആ ദുരന്തം സംഭവിക്കുന്നത്. കുട്ടിക്കാലത്ത് വായിച്ച ഏറ്റവും ഷോക്കിങ് വാര്‍ത്തയായതിനാലാവാം ആ സംഭവം ഇന്നും ഹൃദയത്തില്‍ കലപില കൂട്ടി എടങ്ങേറാക്കുന്നത്.
1993 സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കണ്ണൂരില്‍ നടക്കുന്നു. കേരളം കത്തിനില്‍ക്കുന്ന കാലമല്ലേ? ഫെബ്രുവരി 14ന് റെയില്‍വേസ്-ആന്ധ്രാപ്രദേശ് മത്സരം. ഫൈനല്‍ റൗണ്ടിലേക്ക് കയറാന്‍ ഇരുടീമുകള്‍ക്കും ജയം നിര്‍ബന്ധം. ജയിക്കാതെ മാര്‍ഗമില്ല.
മത്സരത്തില്‍ അരുള്‍ ശ്രീമണി നേടിയ ഗോളില്‍ തീവണ്ടിക്കാര്‍ മുന്നിട്ടുനില്‍ക്കുന്നു. കനത്ത പോര്. പന്ത് വരുതിയിലാക്കാന്‍ മധ്യനിരയില്‍ ചവിട്ടും കുത്തും നടക്കുന്നു. രാജ്യത്തെ എല്ലാ പ്രമുഖരും സന്തോഷ് ട്രോഫിയില്‍ കളിക്കുന്നു. അത് അഭിമാനമായി എടുക്കുന്ന കാലവുമാണ്.
ഉയര്‍ന്നുവന്ന ഒരു പന്തിന് ചാടിയ റെയില്‍വേസിന്റെ സഞ്ജീബ് ദത്തക്കൊപ്പം ഒരു ആന്ധ്ര താരവും ചേരുന്നു. കൂട്ടിയിടിച്ച് സഞ്ജീബ് ദത്ത നിലത്തുവീണു. അദ്ദേഹം പിന്നെ എണീറ്റത് പോലുമില്ല.
ഏറെ വൈകിയെത്തിയ ആംബുലന്‍സില്‍ ചടങ്ങുപോലെ ഹോസ്പിറ്റലില്‍ എത്തിച്ചു. മത്സരം ജയിച്ച് റെയില്‍വേസ് ഫൈനല്‍ റൗണ്ടിലേക്ക് പായുമ്പോള്‍ സഞ്ജീബ് ദത്ത പരലോകത്ത് എത്തിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മൈതാന മരണം.
പിറ്റേന്ന് രാവിലെ സൈതലവി കാക്കയുടെ ചായക്കടയില്‍ നിന്ന് കേരള കൗമുദിയില്‍ ആ വാര്‍ത്ത വായിക്കുമ്പോള്‍ നീണ്ടമുടിയുള്ള സഞ്ജീബ് ദത്തയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോക്ക് മേലെ എന്റെ കണ്ണീര്‍ വീണു.
2004ല്‍ ഫെഡറേഷന്‍ കപ്പ് മത്സരത്തിനിടെ ഡെംപോ ഗോവയുടെ ക്രിസ്റ്റ്യാനോ ജൂനിയര്‍ സുബ്രതോ പാലുമായി കൂട്ടിയിടിച്ച് മരിക്കുമ്പോള്‍
സഞ്ജീബ് ദത്തയുടെ അമ്മ മായാറാണി ദത്തയോട് സംസാരിച്ചിരുന്നു.
കണ്ണീര് ഉറ്റുന്ന വാക്കുകളില്‍ അവര്‍ പറഞ്ഞത് ‘ ഇനിയും ഇങ്ങിനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കും മുന്‍പേ ഞാന്‍ മരിക്കണേ’ എന്നാണ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവര്‍ ഇന്നില്ല.
സഞ്ജീബ് ദത്ത മരിച്ച ശേഷം റെയില്‍വേയില്‍ ജോലി ലഭിച്ച ഭാര്യ നന്ദിനി വേറെ കല്യാണം ഒക്കെ കഴിച്ചു. അവര്‍ ഇപ്പോള്‍ എവിടെയാണാവോ? ഹൗറക്ക് ചുറ്റും എവിടെയെങ്കിലും കാണും.
സഞ്ജീബ് ദത്ത മരിക്കുമ്പോള്‍ ഒരു വയസ് മാത്രം ഉണ്ടായിരുന്ന മകള്‍?
Content Highlight: Jaffer Khan writes about Sanjib Dutta’s death