കേരള ഫുട്‌ബോള്‍ 'അടിയാന്‍മാര്‍ നിറഞ്ഞ ഇല്ല'മാവുകയാണോ?
DISCOURSE
കേരള ഫുട്‌ബോള്‍ 'അടിയാന്‍മാര്‍ നിറഞ്ഞ ഇല്ല'മാവുകയാണോ?
എം.എം.ജാഫർ ഖാൻ
Friday, 19th January 2024, 3:55 pm
ഇനിയൊരു ക്ലബിനോടും പൈസ 'പിരിക്കാന്‍' ഇല്ലെന്ന് മനസ്സിലാക്കിയാവണം അസോസിയേഷന്‍ കേരള സൂപ്പര്‍ ലീഗ് എന്ന പുതിയ ബ്രാന്‍ഡ് വീണ്ടും പൊടിതട്ടി ഇറക്കിയിട്ടുണ്ട്. അതിന്റെ 'പോരിശ' നീളത്തില്‍ രണ്ട് ഫ്‌ളക്‌സ് നാഷണല്‍ ഹൈവേയില്‍ വെച്ചാല്‍ വീഴാന്‍ പാകത്തിന് പൊട്ടന്മാര്‍ ആണോ കേരള ഫുട്‌ബോള്‍ പ്രേമികള്‍?

കേരള ഫുട്‌ബോളിന്റെ ചേലും കോലവും മാറ്റുമെന്ന് പ്രഖ്യാപിച്ച് ക്ലബ്ബുകളില്‍ നിന്ന് കോടികള്‍ പിരിച്ച് നടത്തുന്ന കേരള പ്രീമിയര്‍ ലീഗ് ‘അവസാന ശ്വാസത്തില്‍’. സൗകര്യങ്ങള്‍ ഒരുക്കുന്നില്ല, ഒപ്പം വേദികള്‍ മാറ്റി മാറ്റി കൂടുതല്‍ ചിലവ് വരുത്തുന്നുവെന്നും ക്ലബുകളുടെ പരാതി പ്രളയം. അപ്പോഴും വേണമെങ്കില്‍ കളിച്ചാല്‍ മതി എന്നാണ് ഫുട്‌ബോളിന് ഏറെ സംഭാവനകള്‍ ചെയ്ത ക്ലബുകളോട് പോലും കെ.എഫ്.എ പുലര്‍ത്തുന്ന നയം.

കേരള പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്ത് ക്ലബുകളില്‍ നിന്ന് വാങ്ങിയത് കോടികളാണ്. കൂടാതെ കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ലൈന്‍ ‘കമ്പനിയും’ 2021ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം എത്തിക്കുമെന്ന് പറഞ്ഞ 350 കോടി എന്ത് ചെയ്തു. ഒന്നിനും ഉത്തരം നഹി.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കോര്‍പ്പറേറ്റ് എന്‍ട്രി എന്ന പേരിട്ട് 10 ടീമുകള്‍ കേരള പ്രീമിയര്‍ ലീഗ് കളിക്കാന്‍ വന്നു. ശരാശരി 11 ലക്ഷം രൂപയാണ് ഓരോ ക്ലബ്ബില്‍ നിന്നും വാങ്ങിയത്.

 

ലീഗ് ശരാശരി നിലവാരത്തില്‍ എങ്കിലും നടത്തുക എന്ന മിനിമം പരിപാടിക്ക് പോലും തയ്യാറാവാത്ത അസോസിയേഷന്‍ രണ്ട് ടീമുകളെ രണ്ട് വര്‍ഷ ‘റെലഗേഷന്‍ ഇല്ലാത്ത കാലാവധി’ തീരും മുന്‍പേ പുറത്താക്കുകയും ചെയ്തു. യോഗ്യത കളിച്ച് വന്ന ടീമുകളോടും 30,000 രൂപ വീതം ലീഗ് നടത്താന്‍ പൊരിച്ചു.

കട്ട സെവന്‍സ് കമ്മിറ്റി പോലും സുല്ല് പറയും വിധമാണ് കേരള പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തിലും മുന്നോട്ട് പോകുന്നത്. ഡ്രസ്സിങ് റൂം, ബാത്ത് റൂം, ലൈറ്റ്, ടെലികാസ്റ്റ്, ഒരു കുപ്പി വെള്ളം പോലും ഇല്ലാതെ മലപ്പുറം കഴിഞ്ഞ് കണ്ണൂരിലും ലീഗ് മുന്നോട്ട് പോയി.

പിന്നീട് ഒരു കുട്ടിയും തിരിഞ്ഞുനോക്കുന്നില്ല എന്ന് മനസ്സിലാക്കി കൊച്ചിയും വേദിയാക്കി. എങ്ങിനെ എങ്കിലും ഇത് ‘അവസാനിപ്പിക്കുക’ എന്ന ലക്ഷ്യമാണ് അസോസിയേഷന്.

ഇനിയൊരു ക്ലബിനോടും പൈസ ‘പിരിക്കാന്‍’ ഇല്ലെന്ന് മനസ്സിലാക്കിയാവണം അസോസിയേഷന്‍ കേരള സൂപ്പര്‍ ലീഗ് എന്ന പുതിയ ബ്രാന്‍ഡ് വീണ്ടും പൊടിതട്ടി ഇറക്കിയിട്ടുണ്ട്. അതിന്റെ ‘പോരിശ’ നീളത്തില്‍ രണ്ട് ഫ്‌ളക്‌സ് നാഷണല്‍ ഹൈവേയില്‍ വെച്ചാല്‍ വീഴാന്‍ പാകത്തിന് പൊട്ടന്മാര്‍ ആണോ കേരള ഫുട്‌ബോള്‍ പ്രേമികള്‍?

 

ഗള്‍ഫിലും മറ്റും ബിസിനസ് ചെയ്യുന്ന മലയാളികളെ ലക്ഷ്യം വെച്ചാണ് പുതിയ ‘പിരിവ്’. ലോകോത്തര നിലവാരത്തിലുള്ള ലീഗ് എന്നാണ് വാഗ്ദാനം. ടെലികാസ്റ്റ്, കളിക്കാര്‍, റഫറി എന്നിവയെല്ലം മികവുപുലര്‍ത്തും എന്നും പറയുന്നു.

കേരള പ്രീമിയര്‍ ലീഗ് തുടങ്ങുന്ന സമയത്തും ഇതൊക്കെയായിരുന്നു വാഗ്ദാനം. ഇതൊക്കെ വിശ്വസിച്ച് ‘കിടപ്പാടം’ വിറ്റ് ടീമിറക്കിയവരാണ് നടുക്കടലില്‍ നീന്തുന്നത്.

‘കളി’ തിരിച്ചറിഞ്ഞ് നേരത്തെ കരാര്‍ ആയവര്‍ പോലും പുതിയ ‘ലീഗില്‍’ നിന്ന് പിന്‍വാങ്ങുകയാണ്. കൂടാതെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വാര്‍ഷിക കലണ്ടറില്‍ രണ്ടുമാസം എങ്കിലും നീണ്ടുനില്‍ക്കുന്ന ഇത്തരം ഒരു ലീഗിന് സമയവും ഇല്ല. കേരള പ്രീമിയര്‍ ലീഗിലെ ടീമുകളെ പറ്റിച്ച പോലെ ‘തട്ടിപ്പില്‍’ വീഴാന്‍ ആരെ കിട്ടും ?

ഇലക്ഷനിലെ പ്രശ്‌നം പറഞ്ഞ് ഫുട്‌ബോള്‍ അസോസിയേഷന് കത്ത് കൊടുത്ത സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലവില്‍ മൗനത്തിലാണ്. കത്ത് കൊടുത്ത വാര്‍ത്ത എല്ലാ മീഡിയക്കും രാത്രിക്കുരാത്രി എത്തിച്ചുകൊടുത്തവര്‍ പെട്ടന്ന് ‘പോരാട്ടത്തിന്റെ’ കളംവിട്ട് പോയത് എന്തുകൊണ്ട്?

 

ക്ലബുകള്‍ക്ക് അസോസിയേഷനോട് പരാതികള്‍ നേരിട്ട് പറയാന്‍ പേടിയാണത്രെ. അക്കാദമി ലീഗ് ഫിക്‌സ്ചര്‍ തൊട്ട് കളിക്കാരുടെ സൈനിങ്ങില്‍ വരെ പണി കിട്ടുമെന്ന്.

കൂടാതെ ഓരോ ജില്ലയില്‍ നിന്നും ‘തിരഞ്ഞെടുത്ത്’ സംസ്ഥാന അസോസിയേഷനില്‍ എത്തിയ സംഘാടകര്‍ക്കും കാര്യങ്ങള്‍ ചോദിക്കാന്‍ ധൈര്യം ഇല്ല. അടുത്ത കൊല്ലം ഒരു ‘പോസ്റ്റും’ കിട്ടില്ലെന്ന്. ‘പോസ്റ്റ്’ ആണല്ലോ അവരുടെ ജീവിതലക്ഷ്യം !

കേരള ഫുട്‌ബോള്‍ ‘അടിയാന്‍മാര്‍ നിറഞ്ഞ ഇല്ല’മാവുകയാണോ?

 

 

Content highlight: Jaffer Khan writes about Kerala Premier League