കേരള ഫുട്‌ബോള്‍ ടീം നിലവില്‍ അരുണാചല്‍ പ്രദേശില്‍ സന്തോഷ് ട്രോഫി കളിക്കാന്‍ പോയതാണ്. നാളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമിനെ നേരിടാനിരിക്കെയാണ് ടീം കോച്ച് സതീവന്‍ ബാലന്‍ സോഷ്യന്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇടുന്നത്.
‘കഴിഞ്ഞ 25 വര്‍ഷത്തിലധികമായി കേരളത്തിനും ഇന്ത്യക്കും വേണ്ടി ജോലി ചെയ്യുന്നു. നിരവധി നേട്ടങ്ങളും നേടിക്കൊടുത്തു. എന്നാല്‍ ഇന്ന് പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. സന്തോഷ് ട്രോഫി കേരളത്തില്‍ കൊണ്ടുവരാന്‍ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോള്‍ നാട്ടില്‍ കുടുംബത്തിന് ചെലവിന് കൊടുക്കാന്‍ സാധിക്കുന്നില്ല’. കഴിഞ്ഞ രണ്ടുമാസമായി പെന്‍ഷന്‍ കിട്ടാതെ പ്രയാസത്തില്‍ നില്‍ക്കുന്ന കേരള കോച്ചിന്റെ കരച്ചിലാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ടത്.
സര്‍ക്കാരിന്റെ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള കോച്ചിങ് സെന്ററുകള്‍ ‘ഭക്ഷണവും വെള്ളവും മുട്ടി’ കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുന്ന സാഹചര്യവും നിലവിലുണ്ട്.
കേരളത്തിലെ സ്‌പോര്‍ട്‌സ് മന്ത്രിക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനും എന്താണ് പണി?
കളിക്കാരും കോച്ചുമാരും പട്ടിണി കിടക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മാസം കോടികള്‍ വാരിവീശി കേരള സ്‌പോര്‍ട്‌സ് സമ്മിറ്റ് എന്ന ‘ഇന്റര്‍നാഷണല്‍’ പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.
മുന്‍പ് തീരുമാനിച്ച പദ്ധതികള്‍ ഒന്നുകൂടെ പ്രഖ്യാപിക്കാനും ചിലര്‍ക്ക് സ്റ്റേജില്‍ കയറാനും മാത്രമായിരുന്നു ആ ‘കൂടല്‍’. പഴയ ‘ജിം’ പോലെ ഒരു തള്ളിമറിക്കല്‍. പ്രതിപക്ഷം ഒരു ചോദ്യം പോലും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയതുമില്ല. നാടിന്റെ കാര്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടെങ്കിലല്ലേ അതിന് പറ്റൂ.
മറ്റൊരു പണപ്പിരിവ് അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. സൂപ്പര്‍ ലീഗ് കേരള എന്ന പേരില്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കളിനിര്‍ത്തിപ്പോയ ചിലരുടെ പേരുകള്‍ വെച്ച് (അവര്‍ തന്നെ ഇത് അറിഞ്ഞിട്ടുണ്ടോ എന്നും സംശയം) ഗള്‍ഫില്‍ നിന്നും മറ്റും ഫണ്ട് ശേഖരിക്കാന്‍ പറ്റുമോ എന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ശ്രമം. ഫ്രാഞ്ചൈസി ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍.
രണ്ടു വര്‍ഷമായി കുരുക്ക് ഇട്ടിട്ടും ഒരു ഇരയും വീഴാത്ത സാഹചര്യത്തില്‍ കേരളത്തിലെ സ്‌പോര്‍ട്‌സ് മന്ത്രിയെ കൊണ്ട് പ്രഖ്യാപനം നടത്തിച്ചിട്ടുണ്ട്. ആ വഴിക്ക് എങ്കിലും ആരെങ്കിലും വന്നാലോ എന്ന മോഹത്തില്‍.
അര്‍ജന്റീനയുടെ ടീമിനെ കേരളത്തില്‍ കൊണ്ടുവരിക എന്ന മറ്റൊരു ‘ബജറ്റും’ മന്ത്രി ഈയിടെ അവതരിപ്പിച്ചു. മഞ്ചേരിയില്‍ പുതിയ രാജ്യാന്തര സ്റ്റേഡിയം അതിനായി പണിയും എന്നും പ്രഖ്യാപിച്ചു. 2025 ഒക്ടോബറില്‍ കളിക്കാനുള്ള സ്റ്റേഡിയത്തിന്റെ സ്‌കെച്ച് പോലും ആയിട്ടില്ല എന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കായിക മന്ത്രാലയം ആരെയാണ് പറ്റിക്കുന്നത്?
കളിക്കാരും കോച്ചുകളും അടങ്ങിയ നമ്മുടെ അഭിമാനങ്ങളെയോ?
കഴിഞ്ഞ 25 വര്‍ഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി ജോലി ചെയ്യുന്നു. നിരവധി നേട്ടങ്ങളും നേടിക്കൊടുത്തു. എന്നാല്‍ ഇന്ന് പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. കേരളത്തിന് രാജ്യത്തിനകത്തും പുറത്തും പേരും പെരുമയും ഉണ്ടാക്കി കൊടുക്കുന്നത് ഇവിടുത്തെ കായികമേഖലയില്‍ ഉള്ളവരും കലാസാംസ്‌കാരിക മേഖലയിലുള്ളവരുമാണ്.
സര്‍വീസില്‍ നിന്നു പിരിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ നല്‍കാത്ത ഏക സ്ഥാപനമാണ് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കേരളത്തിന് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന പരിശീലകര്‍ക്ക് ആനുകൂല്യങ്ങളും, ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രം കാശില്ല!
മാര്‍ച്ച് രണ്ട് ആയി, കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ കിട്ടിയിട്ടില്ല! സന്തോഷ് ട്രോഫി കേരളത്തില്‍ കൊണ്ട് വരാന്‍ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോള്‍ നാട്ടില്‍ കുടുംബത്തിന് ചിലവിന് കൊടുക്കാന്‍ സാധിക്കുന്നില്ല. (കുട്ടികളെ പരിശീലിപ്പിക്കുന്ന പണിയായതു കൊണ്ട് കോടികള്‍ സമ്പാദിക്കാന്‍ സാധിച്ചിട്ടില്ല, നേട്ടങ്ങള്‍ മാത്രമെ കിട്ടിയുള്ളൂ)
മെസിയും അര്‍ജന്റീനയും വന്നാല്‍ ഇതിന് പരിഹാരമുണ്ടാകുമോ? അവരെ കൊണ്ടുവരാന്‍ കോടികള്‍ മുടക്കി പുതിയ സ്റ്റേഡിയം പണിയാന്‍ കാശുണ്ടാക്കുന്ന തിരക്കിലാണ് അധികാരികള്‍ (അര്‍ജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിച്ച ഒരു രാജ്യത്തും മെസി ഇതുവരെ കളിച്ചിട്ടില്ല) ഉള്ള സ്റ്റേഡിയങ്ങള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് നല്ല രീതിയില്‍ ടെക്‌നിക് പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരുക്കിയെടുക്കാന്‍ സാധിക്കുന്നില്ല. പെന്‍ഷന് പുറമെ ഇപ്പോഴും പണിയെടുത്ത് കിട്ടുന്ന കാശും കൊണ്ട് കുടുബം നോക്കുന്നവനാണ്. ഇനിയും ബുദ്ധിമുട്ടിയ്ക്കരുത്!
Content highlight: Jaffer Khan writes about Kerala Football and hardship of Kerala Football Coach