| Thursday, 25th July 2024, 4:09 pm

ഏഷ്യയെയും ഫിഫയെയും ധിക്കരിച്ച് ഇന്ത്യ: കലാപമുയര്‍ത്തി ഐ ലീഗ് ക്ലബുകള്‍

എം.എം.ജാഫർ ഖാൻ

കഴിഞ്ഞ മാസം ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫീസില്‍ ഒരു കത്ത് വന്നു. അയച്ചത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍.

‘2019ല്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ വളര്‍ച്ചക്കായി ഒന്നിച്ചിരുന്ന് ഉണ്ടാക്കിയ ‘റോഡ്മാപ്പ്’ തെറ്റിച്ചാണല്ലോ ഇങ്ങളുടെ പോക്ക്, ഇങ്ങിനെയായാല്‍ എങ്ങനെ ശരിയാവും,’ അതായിരുന്നു കത്തിന്റെ കാതല്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റെലഗേഷന്‍ നടത്താന്‍ പറഞ്ഞിട്ട് അത് ‘പ്രത്യേക കാരണം’ കൊണ്ട് പറ്റില്ല എന്ന് തിരിച്ച് കത്തെഴുതിയ എ.ഐ.എഫ്.എഫിനുള്ള മറുപടിയായിരുന്നു മേല്‍ പറഞ്ഞ കത്ത്.

ഐ-ലീഗില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയ ടീമുകളല്ലാത്ത ആരും റെലഗേഷന്‍ നേരിട്ടാല്‍ ‘ഈ പണി’ നിര്‍ത്തി വണ്ടിവിടും. അത് കല്യാണ്‍ ചൗബെയ്ക്ക് നന്നായി അറിയും. അവര്‍ക്കൊക്കെ ഇതൊരു ‘ടാക്‌സ് വെട്ടിപ്പ്’ പരിപാടി മാത്രമാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഇറങ്ങിയാല്‍ തട്ടിപ്പിന്റെ ‘വോള്യം’ കുറയുമല്ലോ? പിന്നെ എന്തിന് ഈ നാടകം എന്നാണ് അവര്‍ ചോദിക്കുന്നത്.

കൂടാതെ രാജ്യത്തെ ഫുട്‌ബോള്‍ വികസനത്തിന് തയ്യാറാക്കിയ ഒരു ഗ്രാസ്‌റൂട്ട് പരിപാടിയും സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ കൃത്യമായി പാലിക്കുന്നില്ല. ‘നിഴല്‍’ ടീമുകളെ ഇറക്കി തത്ക്കാലത്തേക്ക് കാര്യം സാധിക്കുന്നു, അത്രമാത്രം.

ഇത്തവണ ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജനറേഷന്‍ കപ്പിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയത് പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാള്‍ (രണ്ടും പഴയ ഐ ലീഗ് ക്ലബുകള്‍) ഒപ്പം കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിയും.

ഇതില്‍ നിന്ന് തന്നെ കാര്യം പിടികിട്ടും. സൂപ്പര്‍ ലീഗ് ക്ലബുകളില്‍ നിന്ന് നാടിന്റെ ഫുട്‌ബോള്‍ വളര്‍ച്ചക്ക് ഫാന്‍സുകള്‍ കണ്ട സ്വപ്നങ്ങള്‍ എത്രത്തോളം ആയിരുന്നു?

നമ്മുടെ രാജ്യത്തെ ഫുട്‌ബോള്‍ നന്നാക്കാന്‍’റോഡ്മാപ്പ്’ തയ്യാറാക്കിയ ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനും ഇപ്പോള്‍ ആരായി? ശശികളായി! നമ്മള്‍ എന്നും ഇങ്ങനെയെ പോകൂ, അതാണല്ലോ ശീലം.

ഇതാണ് പോക്കെങ്കില്‍ ഇന്ത്യയുടെ ദേശീയ ടീമുകളും ക്ലബ്ബുകളും ഭൂഖണ്ഡ മത്സരങ്ങളില്‍ ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്ന് കത്തില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ സെക്രട്ടറി ഷിന്‍ മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. നമുക്കുണ്ടോ എന്തെങ്കിലും ബേജാര്‍?

ഈ ‘കളി’ തുടരാനാണ് പരിപാടി എങ്കില്‍ ഞങ്ങള്‍ വേറെ പണി നോക്കുമെന്ന് ഐ ലീഗ് ക്ലബ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് ബജാജും പറയുന്നു.

Content highlight: Jaffer Khan writes about Indian football

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more