കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ആരോപണങ്ങളില്‍ താന്‍ ധാരാളം വിഷമിച്ചിട്ടുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി. മാധ്യമങ്ങള്‍ ശരിയെന്തെന്നറിയാതെ തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പട്ട് ധാരാളം യാതനയും വേദനയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്ക് കുടുംബവും കുട്ടികളും ഉണ്ട്. ഇന്ന് ആ കേസൊക്കെ തള്ളിപോയി. എങ്കിലും അന്ന് ഞാന്‍ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു. ഇതിനെപ്പറ്റി ഇപ്പോള്‍ ആരൊക്കെ എന്നോട് ചോദിച്ചാലും സംസാരിക്കാന്‍ താല്പര്യമില്ലെന്നാണ് ഞാന്‍ പറയുന്നത്. കാരണം അതിനുമാത്രം ഞാന്‍ അനുഭവിച്ചു. മാധ്യമങ്ങള്‍ അന്ന് കാര്യമറിയാതെ എന്നെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്നത്ത കാലത്തായിരുന്നു അത്തരത്തിലുള്ള ആരോപണങ്ങള്‍ വന്നിരുന്നതങ്കില്‍ തനിക്ക് ഒരിക്കലും സിനിമയില്‍ അഭിനയിക്കേണ്ടിവരില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരാള്‍ കുറ്റക്കാരന്‍ ആണെന്ന് തെളിയുമ്പോഴാണ് അയാള്‍ പ്രതിയാകുന്നത്. അതുവരെ കുറ്റം ആരോപിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. സംഭവം നടക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ ഇന്നായിരുന്നു ആ സംഭവം നടന്നിരുന്നതെങ്കില്‍ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലായിരുന്നു. എന്നെ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ എടുത്ത് കളഞ്ഞേനെ,’ ജാഫര്‍ ഇടുക്കി പറഞ്ഞു.
ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ജാക്‌സണ്‍ ബസാര്‍ യൂത്ത് ആണ് ജാഫര്‍ ഇടുക്കിയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ദ്രന്‍സ്, ലുക്മാന്‍ അവറാന്‍, ഫാഹിം സഫര്‍, ചിന്നു ചാന്ദ്‌നി എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.