വൈകിയെത്താന്‍ നീയാരാ മോഹന്‍ലാലാണോ എന്ന് ജോഷി സാര്‍ അന്ന് എന്നോട് ചോദിച്ചു: ജാഫര്‍ ഇടുക്കി
Entertainment
വൈകിയെത്താന്‍ നീയാരാ മോഹന്‍ലാലാണോ എന്ന് ജോഷി സാര്‍ അന്ന് എന്നോട് ചോദിച്ചു: ജാഫര്‍ ഇടുക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th September 2024, 7:05 pm

കോമഡി റോളുകളിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് ജാഫര്‍ ഇടുക്കി. ചാക്കോ രണ്ടാമന്‍, ബിഗ് ബി, വണ്‍വേ ടിക്കറ്റ്, പുതിയ മുഖം തുടങ്ങി നിരവധി സിനിമകളില്‍ കോമഡിയില്‍ മാത്രം ഒതുങ്ങിയ ജാഫര്‍ ഇടുക്കി 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചു. പിന്നീടിങ്ങോട്ട് ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങുന്ന ജാഫര്‍ ഇടുക്കിയെയാണ് കാണാന്‍ സാധിച്ചത്.

പറവ, ചുരുളി, ജെല്ലിക്കെട്ട്, നായാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ജാഫര്‍ ഇടുക്കിയുടെ പ്രകടനം മികച്ചതായിരുന്നു. മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമയിലെത്തിയ ജാഫര്‍ ഇടുക്കി ജോഷി സംവിധാനം ചെയ്ത റോബിന്‍ഹുഡിലും സാന്നിധ്യമറിയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജാഫര്‍ ഇടുക്കി.

ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്തായിരുന്നുവെന്നും താന്‍ തിരുവനന്തപുരത്തുനിന്ന് ഡ്രൈവ് ചെയത് എറണാകുളത്തെത്തിയെന്നും ജാഫര്‍ പറഞ്ഞു. എന്നാല്‍ ബ്ലോക്ക് കാരണം താന്‍ ലൊക്കേഷനിലെത്താന്‍ വൈകിയെന്നും ജോഷിയും ക്രൂവും തന്നെ കാത്ത് നിന്നുവെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. സെറ്റിലെത്തിയപ്പോള്‍ ജോഷി തന്നോട്, ഇത്രയും ലേറ്റായി വരാന്‍ നീയാരാ മോഹന്‍ലാലാണോ എന്ന് ചോദിച്ചെന്ന് ജാഫര്‍ പറഞ്ഞു.

താന്‍ എത്താതെ ഷൂട്ട് തുടങ്ങില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും പെട്ടെന്ന് ഷൂട്ടിന് റെഡിയായി എത്തിയെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം ജോഷി തന്റെയടുത്ത് വന്ന് സിനിമയില്‍ നില്‍ക്കണമെങ്കില്‍ നമ്മള്‍ കൃത്യനിഷ്ഠ എന്തായാലും പാലിക്കണമെന്ന് ഉപദേശിച്ചെന്നും ജാഫര്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കരിയറിന്റെ ആദ്യകാലത്ത് ഞാന്‍ കൂടുതലും ചെയ്തത് കോമഡി റോളുകളായിരുന്നു. അങ്ങനെയിരികുകമ്പോഴാണ് ജോഷി സാറിന്റെ റോബിന്‍ഹുഡിലേക്ക് എന്നെ വിളിക്കുന്നത്. രാവിലെ എറണാകുളത്തെ തമ്മനത്തെത്തണം എന്ന് എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ ആ സമയത്ത് തിരുവനന്തപുരത്തായിരുന്നു. അവിടന്ന് കാര്‍ ഡ്രൈവ് ചെയ്ത് എറണാകുളത്ത് രാവിലെയെത്തി. പക്ഷേ ബ്ലോക്ക് കാരണം കുറെയധികം ചുറ്റിയാണ് തമ്മനത്തെത്തിയത്.

ഞാനവിടെ ഷൂട്ട് നടക്കുന്ന ഫ്‌ളാറ്റിന്റെ മുന്നിലെത്തിയപ്പോള്‍ ജോഷി സാറടക്കം എല്ലാ ക്രൂവും എന്നെ കാത്ത് നില്‍ക്കുകയായിരുന്നു. ‘ഇത്രേം ലേറ്റായി എത്താന്‍ നീയാരാ മോഹന്‍ലാലാണോ’ എന്ന് ജോഷി സാര്‍ ചോദിച്ചു. ബ്ലോക്ക് കാരണമാണ് വൈകിയതെന്ന് പുള്ളിയോട് പറഞ്ഞു. നരേന്റെ ക്യാരക്ടര്‍ ഫ്‌ളാറ്റിലേക്ക് കേറി വരുമ്പോള്‍ കൊതുകിനെ തല്ലുന്ന ബാറ്റും വെച്ച് ബാഡ്മിന്റണ്‍ കളിക്കുന്ന സീനായിരുന്നു അന്നെടുത്തത്.

ആ ബാഡ്മിന്റണ്‍ കളിക്കുന്നത് ഞാന്‍ കൈയില്‍ നിന്നിട്ടതാണ്. ജോഷി സാര്‍ അത് കണ്ട് ചിരിയായിരുന്നു. അന്നത്തെ ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം ജോഷി സാര്‍ എന്റെയടുത്ത് വന്നിട്ട് ‘സിനിമയെ സീരിയസായാണ് കാണുന്നതെങ്കില്‍ ആദ്യം പാലിക്കേണ്ടത് കൃത്യനിഷ്ഠയാണ്’ എന്ന് എന്നെ ഉപദേശിച്ചു’ ജാഫര്‍ ഇടുക്കി പറഞ്ഞു.

Content Highlight: Jaffer Idukki about Joshiy