മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ചിത്രം റിലീസ് ചെയ്ത ദിവസം പെരുമ്പാവൂരിൽ വെച്ച് കത്തികുത്ത് വരെ നടന്നിട്ടുണ്ടെന്നാണ് ജാഫർ ഇടുക്കി പറയുന്നത്. എലോക്വൻസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണിച്ചിത്രത്താഴ് ഇറങ്ങിയ സമയത്ത് പെരുമ്പാവൂരിൽ കത്തികുത്ത് വരെ നടന്നിട്ടുണ്ട് എന്നാണ് പറയുന്നത്. ഒരാൾ ഫസ്റ്റ് ഷോയ്ക്ക് കയറാൻ നിൽക്കുന്നു. അവന്റെ കൂട്ടുക്കാരൻ മാറ്റിനി കഴിഞ്ഞ് തിരിച്ചിറങ്ങുന്നു. സിനിമയ്ക്ക് കയറാൻ നിൽക്കുന്നവൻ അവനോട് പടം എങ്ങനെയുണ്ടെന്ന് ചോദിച്ചു.
അത് കേട്ട് കണ്ടിട്ട് ഇറങ്ങുന്നവൻ പറയുകയാണ്, നീ ടിക്കറ്റ് എടുത്തോ ഇല്ലെങ്കിൽ എടുക്കണ്ടായെന്ന്. എന്താ കാരണമെന്ന് മറ്റവൻ ചോദിക്കുമ്പോൾ അവൻ പറയുകയാണ്, ഒന്നും പറയണ്ട എല്ലാംകൂടെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിച്ചു വെച്ചിട്ടുണ്ട്. ആ നാഗവല്ലി ശോഭനയാടയെന്ന് ഒരൊറ്റ വർത്തമാനമാണ് ഇവനോട്.
നമ്മൾ ആ സിനിമ കാണുന്നത് തന്നെ നാഗവല്ലി ആരാണെന്ന് അറിയാനല്ലേ. അവന്റെ പറച്ചിലും കേട്ട് പടം കാണാൻ കയറിയവന് ആദ്യം തന്നെ മനസിലായി ശോഭനയാണ് നാഗവല്ലിയെന്ന്. അവൻ പിന്നെ പടത്തിന്റെ പകുതിയായപ്പോൾ ഇറങ്ങിവന്ന് പെരുമ്പാവൂർ വെച്ച് കുത്തുണ്ടായി എന്നാണ് പറയുന്നത്,’ജാഫർ ഇടുക്കി പറയുന്നു.
മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങുന്നതെങ്കിൽ വിജയിക്കാൻ സാധ്യത കുറവാണെന്നും ജാഫർ ഇടുക്കി കൂട്ടിച്ചേർത്തു.
‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നന്തെങ്കിൽ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്പെൻസ് ആദ്യദിനം തന്നെ കുറേ പേര് ഫോണിൽ പകർത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവർ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയിൽ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്നമുണ്ട്,’ജാഫർ ഇടുക്കി പറഞ്ഞു.
Content Highlight: Jaffar Idukki Talk About Releasing Day Of Manichithrathazhu