മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ പുതിയ തലമുറ തള്ളിക്കളയണമെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ഇത്തരം ചിന്തകള്‍ വിഷമാണെന്നും, പ്രായമായവരാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എനിക്ക് ഇന്നത്തെ തലമുറയില്‍പ്പെട്ട പിള്ളേരോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. എന്റേത് ഒരു മുസ്‌ലിം കുടുംബമാണ്. ചുറ്റിലും താമസിച്ചിരുന്ന ബാക്കിയുള്ളവര്‍ ഹിന്ദുക്കളും ക്രിസ്ത്യന്‍സും ആയിരുന്നു. ഞങ്ങളുടെ പള്ളി കുറച്ച് അകലെയാണ് ഉള്ളത്. അവരുടെയും ഒക്കെ കഞ്ഞിവെള്ളം കുടിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്.
ഞങ്ങള്‍ക്കിടയില്‍ നല്ല ഒത്തൊരുമ ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയക്കാരും മറ്റുമൊക്കെ മതം കൂട്ടിക്കുഴച്ച് പല പരിപാടികളും കാണിക്കുമ്പോള്‍ എനിക്ക് വിഷമം വരും. നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കു, ഒരു സിനിമയില്‍ തന്നെ ഏതൊക്കെ മതത്തിലുള്ളവരാണ് പങ്കാളികളാകുന്നത്. ഞങ്ങള്‍ക്കിടയില്‍ ഒന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
സിനിമക്കാര്‍ക്കിടയില്‍ ജാതിയും മതവുമൊന്നും ഒരു പ്രശ്‌നമേയല്ല. ഇനി നിങ്ങളുടെയൊക്കെ മനസില്‍ അങ്ങനെയുണ്ടോ എന്ന് എനിക്കറിയില്ല. അതുകൊണ്ട് ഇപ്പോഴത്തെ ന്യൂ ജനറേഷനോട് എനിക്ക് പറയാനുളളത്, ഈ വിഷത്തെ നിങ്ങള്‍ നീക്കികളയണം. ശരിക്കും അതൊരു വിഷം തന്നെയാണ്. കുറേ പ്രായമുള്ള ആള്‍ക്കാരാണ് ഈ കാര്യങ്ങളൊക്കെ ഡെവലപ് ചെയ്തത്.
ഞാന്‍ ചോദിക്കുന്നത് ആ പ്രായമാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ എന്നാണ്. അവര്‍ക്കൊക്കെ പത്തും അറുപത്തിയഞ്ചും വയസ് കഴിഞ്ഞില്ലേ. ആ പ്രായത്തിലുള്ളവര്‍ പറയുന്നത് ഇന്നത്തെ പിള്ളേര്‍ കേള്‍ക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.’ ജാഫര്‍ ഇടുക്കി പറഞ്ഞു.
ഏത് തരത്തിലുള്ള വേഷവും കൈകാര്യം ചെയ്യാന്‍ കഴിവുള്ള താരമാണ് ജാഫര്‍ ഇടുക്കി. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവും, സ്വാഭാവിക പ്രകടനവുമാണ് അദ്ദേഹത്തെ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
വിനയന്‍ സംവിധാനം ചെയ്ത് ഓണം റിലീസിനെത്തിയ പതിനെട്ടാം നൂറ്റാണ്ടാണ് താരത്തിന്റെ തിയേറ്ററിലെത്തിയ അവസാന ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ ആണ് ഒ.ടി.ടി റിലീസിനെത്തിയ ജാഫര്‍ ഇടുക്കിയുടെ അവസാന ചിത്രം.
content highlight: jaffar idukki says his opinion about religion