| Monday, 3rd January 2022, 11:36 pm

ചുരുളി കാരണം ലാഭമുണ്ടായത് ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ക്ക്: ജാഫര്‍ ഇടുക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുളി സിനിമ കാരണം ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ക്ക് ലാഭം ഉണ്ടായെന്ന് ജാഫര്‍ ഇടുക്കി. തന്റെ അറിവില്‍ ഇരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായെന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും ജാഫര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ജാഫറിന്റെ പ്രതികരണം.

‘എന്റെ അറിവില്‍ ഒരു പത്തിരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായിട്ടുണ്ട്. ഒരു വീട്ടില്‍ അച്ഛന്‍ അമ്മ മകന്‍ മകള്‍ കല്യാണം കഴിച്ച് വിട്ട പെണ്‍കുട്ടി, ഇത്രയും പേര്‍ ഉണ്ടെന്ന് വിചാരിക്ക്.

ഇവര്‍ ഒരു ഹെഡ്‌സെറ്റല്ല ഉപയോഗിക്കുന്നത്. അഞ്ച് ഹെഡ്‌സെറ്റാണ് ഉപയോഗിക്കുന്നത്. അച്ഛനും അമ്മേം ചിലപ്പോള്‍ ഒരു ഹെഡ്‌സെറ്റ് വെച്ച് ഒന്നിച്ചിരുന്ന് കാണുമായിരിക്കും.

കല്ല്യാണം കഴിച്ച് മകളും ഭര്‍ത്താവും ഒന്നിച്ച് കാണും. പക്ഷേ കല്യാണം കഴിക്കാത്ത മകന്‍ വന്ന് ഹെഡ്‌സെറ്റ് ചോദിച്ചാല്‍ അച്ഛന്‍ കൊടുക്കില്ല. നിനക്ക് മറ്റേ പടം കാണാനല്ലേ എന്ന് പറയും. അപ്പോള്‍ എല്ലാരും ഹെഡ്‌സെറ്റ് മേടിക്കും.

ചുരുളി സിനിമ കൊണ്ട് ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ ഭയങ്കരമായി വിജയിച്ചു. അവരോടും വിമര്‍ശിക്കുന്നവരോടുമെല്ലാം നന്ദി. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ പഠിച്ചിട്ട് വിമര്‍ശിക്കണം,’ ജാഫര്‍ ഇടുക്കി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെറിവിളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടു.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്തത്.

ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചുരുളിയുടെ തിരക്കഥ ഒരുക്കിയത് എസ്.ഹരീഷാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: jaffar idukki says churuli helps headset companies to make more profit

We use cookies to give you the best possible experience. Learn more