ഒരു രക്ഷയുമില്ലാത്ത ജാഫർ ഇടുക്കിയുടെ ക്യാരക്ടർ സെലക്ഷനും പെർഫോമൻസും
Entertainment news
ഒരു രക്ഷയുമില്ലാത്ത ജാഫർ ഇടുക്കിയുടെ ക്യാരക്ടർ സെലക്ഷനും പെർഫോമൻസും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd July 2022, 12:30 pm

വൈവിധ്യമായ തെരഞ്ഞെടുപ്പുകൊണ്ടും അവതരണമികവുകൊണ്ടും കഥാപാത്രങ്ങളെ മനോഹരമാക്കുന്ന നടനാണ് ജാഫർ ഇടുക്കി. ഈ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ അദ്ദേഹം കൈകാര്യം ചെയ്ത വേഷങ്ങൾ പരിശോധിച്ചാൽ ആ കാര്യം വ്യക്തമാകും. സിനിമയിൽ കൃത്യമായ സ്പേസുള്ള ക്യാരക്ടർ ഡെപ്ത്തുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുള്ളത്.

മഹേഷ് നാരായണൻ തിരക്കഥയെഴുതി സജി മോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞിലും ആ പതിവ് തെറ്റിക്കാൻ ജാഫർ  ഇടുക്കി തയ്യാറായിട്ടില്ല. രാധാകൃഷ്ണൻ എന്ന അനിക്കുട്ടന്റെ ( ഫഹദ് ഫാസിൽ ) അച്ഛൻ കഥാപാത്രത്തെ തന്മയത്വത്തോടുകൂടിയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. മലയോര കർഷകനായ ഒരു സാധാരണക്കാരന്റെ റോൾ ജാഫർ ഇടുക്കി ഗംഭീരമാക്കി.

കാട്ടുപന്നിയെ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്ന രാധാകൃഷ്ണന്റെ സൂക്ഷ്മതയും രാത്രിയിലെ നിശബ്ദതയും കൂടി ചേരുന്ന സീനിലാണ് ജാഫറിന്റെ അഭിനയം തുടങ്ങുന്നത്. മുഴുനീള കഥാപാത്രമല്ലാതിരുന്നിട്ടുകൂടി ആ ക്യാരക്ടർ പ്രേക്ഷകരിലുണ്ടാക്കിയ സ്പാർക്ക് ചെറുതല്ല.

അനിക്കുട്ടന്റെ പേടിപ്പെടുത്തുന്ന ഓർമകളിലെപ്പോഴും മരത്തിൽ തൂങ്ങിയാടുന്ന അച്ഛന്റെ ശവശരീരം കടന്നുവരുന്നുണ്ട്. അത് പ്രേക്ഷകരെയും അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. അത് ജാഫർ ഇടുക്കി ആ ക്യാരക്ടറിന് നൽകിയ ആഴം കൊണ്ട് കൂടിയാണ്.

അഭിനയത്തിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷകരുടെ കയ്യടി വാങ്ങുന്ന ജാഫർ ഇടുക്കിയുടെ ആദ്യത്തെ സിനിമയൊന്നുമല്ല ഇത്. വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ടിലെ കഥാപാത്രവും വളരെ ഡെപ്ത്തുള്ളതായിരുന്നു.

മകൾ വഞ്ചിക്കുകയാണെന്ന് വിചാരിച്ച അച്ഛന്റെ വേദന വലിയ കോലാഹലത്തോട് കൂടിയോ സംഭാഷണങ്ങൾ കൊണ്ടോ അല്ല അയാൾ നേരിടുന്നത്. സ്വഭാവികമെന്ന് തോന്നിക്കുന്ന വിധത്തിൽ ആ ക്യാരക്ടറിന്റെ നിസഹായത അദ്ദേഹം അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ ഷാപ്പുകാരനായ കറിയയെ കുറിച്ച് സിനിമ ഇറങ്ങിയ സമയത്ത് തന്നെ വലിയ ചർച്ചകൾ ഉയർന്നിരുന്നു. തെറി പറയുന്ന റോളായി സംസാരിക്കുന്ന ആ കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് ജാഫർ ഇടുക്കി അവതരിപ്പിച്ചത്.

അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരത്തിലും അദ്ദേഹത്തിന്റെ അഭിനയമികവ് ആവർത്തിക്കപ്പെടുന്നുണ്ട്. വളരെ സ്വഭാവികമായ അഭിനയമാണ് അദ്ദേഹം ചിത്രത്തിൽ കാഴ്ചവെച്ചത്.

Content Highlight: Jaffar Idukki’s character selection and performance is too much good these times