ബിലാലില്‍ കുറച്ചുകൂടെ പ്രാധാന്യമുള്ള കഥാപാത്രമായിട്ടായിരിക്കും താനെത്തുകയെന്ന് ജാഫര്‍ ഇടുക്കി. മിമിക്രി ആര്‍ടിസ്റ്റായിരുന്നത് അഭിനയത്തില്‍ തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘നാരദന്‍ സിനിമയുടെ ഷൂട്ടിനിടയില്‍ ഞാന്‍ എഴുത്തുകാരന്‍ ഉണ്ണി ആറിനോട് ചോദിച്ചു. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുണ്ടല്ലോയെന്നും എനിക്കെന്തെങ്കിലും സാധ്യത അതിലുണ്ടോയെന്നുമൊക്കെ. ഉണ്ണി.ആര്‍ പറഞ്ഞു, ഇത്തവണ കുറച്ച് വലിയൊരു കഥാപാത്രമായിരിക്കുമെന്ന്. അത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു’ ജാഫര്‍ ഇടുക്കി പറഞ്ഞു.
‘ഞാനൊരു സീനില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെയത് മോണിറ്ററില്‍പോയി കാണാറില്ല. സിനിമയിറങ്ങിക്കഴിഞ്ഞതിന് ശേഷം നമ്മുടെ അഭിനയം മോശമായിപ്പോയല്ലോയെന്ന് സങ്കടപ്പെട്ടിട്ട് കാര്യമില്ല. സിനിമ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വേണം അതിനെപ്പറ്റിയാലോചിക്കാന്‍.
സിനിമയില്‍ നമ്മള്‍ കാണുന്ന ഭൂരിഭാഗം കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ്. ഡോക്ടര്‍, എന്‍ജിനിയര്‍, മീന്‍കാരന്‍, ചായക്കടക്കാരന്‍, പോലീസുകാരന്‍ അങ്ങനെ കുറേപേര്‍.
പിന്നെ വലിയ അധോലോക കഥകളിലുള്ള കഥാപാത്രങ്ങളെയൊക്കെയാണ് നമ്മള്‍ കാണാത്തതായുളളത്. സിനിമയില്‍ ഞാനെടുക്കുന്ന ജോലിക്ക് എനിക്ക് നല്ല പൈസ കിട്ടുന്നുണ്ട്.
ഞാന്‍ ഒരുപാട് സംശയങ്ങള്‍ ചോദിക്കുമ്പോള്‍ അത് ഡയറക്ടര്‍ക്ക് ബുദ്ധിമുട്ടാകും. ഞാന്‍ പരമാവധി അത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. അത്യാവശ്യമുള്ള സംശയങ്ങള്‍ മാത്രമേ ഞാന്‍ ചോദിക്കാറുള്ളൂ. അതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.
മിമിക്രി ആര്‍ടിസ്റ്റായിരുന്നതുകൊണ്ട് എനിക്ക് ഡയറക്ടര്‍ എന്തെങ്കിലും പറഞ്ഞുതന്നാല്‍ പെട്ടെന്ന് അതനുകരിച്ച് ചെയ്യാന്‍ കഴിയും’, ജാഫര്‍ ഇടുക്കി പറഞ്ഞു.
ജാക്ക്‌സണ്‍ ബസാര്‍ യൂത്ത് ആണ് ജാഫര്‍ ഇടുക്കിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ഷമല്‍ സുലൈമാനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സും ലുക്മാന്‍ അവറാനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Actor Jaffar Idukki on Bilal Movie