'ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?' ലിജോ ജോസ് ചോദിച്ചു, ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു;ചുരുളിയുടെ ഷൂട്ടിംഗിനെ കുറിച്ച് ജാഫര്‍ ഇടുക്കി
Malayalam Cinema
'ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?' ലിജോ ജോസ് ചോദിച്ചു, ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു;ചുരുളിയുടെ ഷൂട്ടിംഗിനെ കുറിച്ച് ജാഫര്‍ ഇടുക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd August 2020, 4:55 pm

കൊച്ചി: ലിജോ ജോസ് സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ചുരുളി. ചിത്രത്തില്‍ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രമടക്കം നിരവധി കഥാപാത്രങ്ങളുടെ തെറി വിളികള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി എത്തിയിരുന്നു.

ഇപ്പോഴിതാ ഈ സീനുകള്‍ ചിത്രീകരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജാഫര്‍ ഇടുക്കി. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ചുരുളിയെ കുറിച്ചും ലിജോ ജോസിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുന്നത്.

ചുരുളിയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ‘ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ’ എന്ന് ലിജോ ചോദിച്ചിരുന്നുവെന്നാണ് ജാഫര്‍ പറയുന്നത്. ലിജോ ചോദിച്ചു, ‘ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?’, നമ്മള്‍ ഈ നാട്ടുമ്പുറത്തൊക്കെ കളിച്ച് വളര്‍ന്നതല്ലേ. പുളളി എന്നോട് ചോദിച്ച് നാക്ക് വായിലേക്കിട്ടില്ല. ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു. പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു. ഒരാള്‍ ചെയ്യുമെന്ന് തോന്നിയാല്‍ അയാളെക്കൊണ്ട് പരമാവധി ചെയ്യിപ്പിച്ച് എടുക്കാന്‍ കഴിവുളള സംവിധായകനാണ് ലിജോ എന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

വേറൊന്നും വേണ്ടെന്നെ. പുളളി കാണിച്ച് തരുന്നത് അതേപടി അങ്ങ് ചെയ്താല്‍ മതി. സംഗതി കറക്ടായിരിക്കും. മിടുക്കന്‍മാരായ വലിയ ഒരു സംഘമാണ് ലിജോയ്ക്ക് ഒപ്പമുളളത്. ക്യാമറാമാന്‍ ഗിരീഷിനെ പോലുളളവര്‍ അവരെല്ലാം നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്ന സമയത്ത് തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും ലിജോ പറഞ്ഞിരുന്നു

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചുരുളിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നിഗൂഢത നിറഞ്ഞ ട്രെയ്‌ലര്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ളതാണ് എന്ന മുന്നറിപ്പോടെയാണ് കഴിഞ്ഞ ദിവസം എത്തിയത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ക്യാമറ. എഡിറ്റിംഗ് ദീപു ജോസഫ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.