ഒരുപാട് സംശയങ്ങള്‍ ചോദിച്ച് താന്‍ സംവിധായകരെ ബുദ്ധിമുട്ടിക്കാറില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. മിമിക്രി ആര്‍ടിസ്റ്റ് ആയതുകൊണ്ട് സംവിധായകന്‍ എന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് അനുകരിച്ച് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടില്‍ അത്തരമൊരു രംഗമുണ്ടെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.
‘ഞാനൊരു സീനില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ പിന്നെയത് മോണിറ്ററില്‍പോയി കാണാറില്ല. സിനിമയിറങ്ങിക്കഴിഞ്ഞതിന് ശേഷം നമ്മുടെ അഭിനയം മോശമായിപ്പോയല്ലോയെന്ന് സങ്കടപ്പെട്ടിട്ട് കാര്യമില്ല. സിനിമ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വേണം അതിനെപ്പറ്റിയാലോചിക്കാന്‍.
സിനിമയില്‍ കാണുന്ന ഭൂരിഭാഗം കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ്. ഡോക്ടര്‍, എഞ്ചിനീയര്‍, മീന്‍കാരന്‍, ചായക്കടക്കാരന്‍, പൊലീസുകാരന്‍ അങ്ങനെ കുറേപേര്‍. പിന്നെ വലിയ അധോലോക കഥകളിലുള്ള കഥാപാത്രങ്ങളെയൊക്കെയാണ് നമ്മള്‍ കാണാത്തതായുളളത്. സിനിമയില്‍ ഞാനെടുക്കുന്ന ജോലിക്ക് എനിക്ക് നല്ല പൈസ കിട്ടുന്നുണ്ട്.