കൊല്‍ക്കത്തയിലെ ഭോല്‍പ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ രാവിലെ എട്ട് മണി. എങ്ങോട്ട് പോകണം ? ശാന്തിനികേതനിലേക്ക്. രവീന്ദ്രനാഥ ടാഗോറിനെ നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ പേരിലാണ് ശാന്തിനികേതന്‍ അറിയപ്പെടുന്നത്.
ദേബേന്ദ്രനാഥ് ടാഗോര്‍
സത്യത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് മഹര്‍ഷി ദേബേന്ദ്രനാഥ് ടാഗോറാണ് ശാന്തിനികേതന്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ നവോത്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ആളുമാണ് ദേബേന്ദ്രനാഥ്.
കുറുക്കുവഴിയിലൂടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്ത് ചാടി. ലാലു പ്രസാദ് യാദവ് പറഞ്ഞതാണ് എന്റെ ആപ്തവാക്യം – ‘ ഇന്ത്യയില്‍ ഓടുന്ന എല്ലാ ട്രെയിനുകളും നിങ്ങള്‍ എല്ലാവര്‍ക്കും സ്വന്തമാണ്’.
ചായപ്പൊടിയുടെ കറപിടിച്ച, വാലുള്ള പാത്രത്തില്‍ സ്പൂണ്‍ കൊണ്ട് കൊട്ടി ആളുകളെ ആകര്‍ഷിക്കുന്ന ഒരു താത്‌ക്കാലിക ചായക്കട. അങ്ങോട്ട് കയറി.
ഒരു ചായയാവാം. ഒപ്പം സമൂസയും ഗുഗ്ണിയും. അതെന്ത് സാധാനം? ഗ്രീന്‍ പീസും ഉള്ളിയുമെല്ലാം ‘മണമുള്ള’ ഏതോ എണ്ണയിലിട്ട് വേവിച്ച ഒരു ബംഗാളി സുജായി. ഡാര്‍ജിലിങ് കുന്നുകളില്‍ നിന്നെത്തിച്ച ചായപ്പൊടിയില്‍ പ്രശസ്തമായ കൊല്‍ക്കത്ത ദൂത് തിളച്ചുപൊങ്ങിയ ചായയും. ടോട്ടല്‍ 40 ഉറുപ്യ.
എന്നെ പൊക്കാന്‍ നാല് റിക്ഷക്കാര്‍ കാത്തിരിക്കുന്നു. അല്‍പനേരം, എങ്ങോട്ടും പോകാനില്ലെന്ന ശരീരഭാഷ കളിച്ചു. റിക്ഷട്രാക്കിലെ ഏറ്റവും പ്രായംകൂടിയ ആളുടെ അടുത്തേക്ക് നീങ്ങിനിന്നു. റിക്ഷക്കുള്ളില്‍ കാല്‍ ചുരുട്ടിവെച്ച് ഉറങ്ങുകയാണ് കക്ഷി. അങ്ങേരെ ഒന്ന് തോണ്ടി, ഞെട്ടിയെണീറ്റു.
മനുഷ്യര്‍ വലിക്കുന്ന കൊല്‍ക്കത്തയിലെ റിക്ഷകളിലൊന്ന് /ചിത്രത്തിന് കടപ്പാട്: www.istockphoto.com
മനുഷ്യന്‍ മറ്റൊരു മനുഷ്യനെയിരുത്തി വലിക്കുന്ന റിക്ഷായിസം. കൊല്‍ക്കത്തയില്‍ ഇന്നും കാണാം ഈ ‘അടിമപ്പണി’. ഇത് നിരോധിക്കാന്‍ ജ്യോതി ബസു സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അതിനെ സമരം ചെയ്തു തോല്‍പ്പിച്ച ‘ആചാരസംരക്ഷകരെ’ വെറുതെ ഓര്‍ത്തുപോയി. അല്ലെങ്കിലും ഇത് നിര്‍ത്തിയിട്ട് അവര്‍ പിന്നെ എന്ത് ചെയ്യാനാണ് അല്ലേ?
ശാന്തിനികേതനിലേക്ക് എത്ര രൂപ? 50. നേരത്തെ വട്ടംചുറ്റിനിന്ന റിക്ഷക്കാര്‍ 150 രൂപവരെ വിലപേശിപ്പോയതാണ്.
40 വര്‍ഷത്തിലേറെയായി ആനന്ദത്തിന്റെ നഗരത്തില്‍ ആളുകളെ വലിക്കുന്ന മനുഷ്യനാണ്, പേര് അമീറുദ്ധീന്‍ മൊല്ല. ടോളിഗഞ്ചുകാരന്‍ എന്ന് പരിചയപ്പെടുത്തിയ അദ്ദേഹത്തിന്റെ വീടും ഈ റിക്ഷ തന്നെ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവിലെ ബംഗ്ലാദേശില്‍ നിന്ന് ‘രക്ഷപ്പെട്ട’ കുടുംബത്തിലെ ഇന്നും’ രക്ഷപ്പെടാത്ത’ പാവം.
അടുത്ത ജന്മത്തില്‍ ഞാന്‍ ഒരു ഫുട്ബാളറായി ജനിക്കും, ഈ തോല്‍വിക്ക് ഈസ്റ്റ് ബംഗാളിനോട് പ്രതികാരം ചെയ്യും ബഗാനെ വിജയിപ്പിക്കും
സംസാരത്തിനിടെ റിക്ഷയുടെ മേലാപ്പിലേക്ക് കണ്ണ് പോയി. ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ തയ്യാറാക്കിയ ഫ്‌ലക്‌സ്.10 വര്‍ഷത്തിലേറെ പഴക്കം കാണും. സൗമിക് ഡേയും മെഹ്താബ് ഹുസൈനുമെല്ലാമുണ്ട് ചിത്രങ്ങളില്‍. ശാന്തിനികേതനിന്റെ ഒന്നാം ഗെയിറ്റില്‍ എത്തുംവരെ ഞങ്ങള്‍ കൊല്‍ക്കത്ത ഫുട്‌ബോളാണ് സംസാരിച്ചത്. അതില്‍ മലയാളികളായ കോട്ടയം സാലിയും നജീബും വിജയനും അഞ്ചേരിയും സുരേഷുമെല്ലാം ബൂട്ടുകെട്ടിയിറങ്ങി.
താന്‍ ഇഷ്ടപ്പെടുന്ന ക്ലബ്ബിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മൊല്ല കാണിച്ച ആത്മാര്‍ഥതയില്‍ നിന്ന് എനിക്ക് മനസ്സിലായത് ഒറ്റക്കാര്യം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് ക്ലബുകള്‍ പിറവികൊണ്ടത് എങ്ങനെയെന്ന്. അവ ഇന്നും ജീവിക്കുന്നത് ആരാധകരുടെ ചോരയിലാണെന്നും ബോധ്യപ്പെട്ടു.
റിക്ഷയെക്കാള്‍ വേഗത്തില്‍ ഓര്‍മ്മകള്‍ പിന്നെയും പിന്നോട്ട് പായുന്നു. 1975 സെപ്റ്റംബര്‍ 30. ഐ.എഫ്.എ ഷീല്‍ഡ് ഫൈനലില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഏറ്റുമുട്ടുന്നു. ശ്യാം ഥാപ്പയും സുര്‍ജിത് സെന്‍ ഗുപ്തയും രഞ്ജിത് മുഖര്‍ജിയും ശുഭാങ്കര്‍ സന്യാലുമെല്ലാം ഭാസ്‌കര്‍ ഗാംഗുലി കാവല്‍ നിന്ന പോസ്റ്റിലേക്ക് ഗോളടിച്ചുകൂട്ടി.
ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മോഹന്‍ ബഗാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനില്‍ (5-0) പരമ്പരാഗത വൈരികളായ ഈസ്റ്റ് ബംഗാളിനോട് തോറ്റു. ഉന്നത കുലജാതരായ ബംഗാളിയുടെ പ്രൗഢിയും അഭിമാനസ്തംഭവുമായ ബഗാന്‍, ‘കുടിയേറ്റക്കാരായ’ കിഴക്കന്‍ ബംഗാളികളുടെ ഹില്‍ഷാ മീന്‍ ടീമിനോട് നാണംകെട്ടു തോല്‍ക്കുകയോ ? മാനക്കേടിന്റെയും അപമാനത്തിന്റെയും നൂറുവര്‍ഷങ്ങള്‍ ആ ഒറ്റരാത്രിയില്‍ ബഗാന്‍ ആരാധര്‍ അനുഭവിച്ചുതീര്‍ത്തു.
അവര്‍ ക്ലബ് ഓഫിസിന് തീയ്യിട്ടു. ഭയത്താല്‍ സുബ്രതോ ഭട്ടാചാര്യയും പ്രസൂണ്‍ ബാനര്‍ജിയും ഗംഗ നദിയിലെ ഒരു ബോട്ടില്‍ നാലു ദിവസം ഒളിച്ചുപാര്‍ത്തു. സെന്റര്‍ ബാക്കുകളായിരുന്ന ബിജോയ് ദിക്പാതിയും നിമയ് ഗോസ്വാമിയും പിന്നെ മോഹന്‍ ബഗാന്‍ ജേഴ്സി അണിയാന്‍ വന്നതേയില്ല.
പ്രസൂണ്‍ ബാനര്‍ജി / നിമയ് ഗോസ്വാമി / സുബ്രതാ ഭട്ടാചാര്യ
മറ്റൊന്നു കൂടി ആ രാത്രി സംഭവിച്ചു. ബഗാന്‍ ആരാധകനായ ഉമാകാന്ത നാണക്കേടിന്റെ പാരമ്യത്താല്‍ ആത്മഹത്യ ചെയ്തു. അയാള്‍ മരണക്കുറിപ്പില്‍ ഇങ്ങനെ എഴുതിവെച്ചു. ‘അടുത്ത ജന്മത്തില്‍ ഞാന്‍ ഒരു ഫുട്ബാളറായി ജനിക്കും, ഈ തോല്‍വിക്ക് ഈസ്റ്റ് ബംഗാളിനോട് പ്രതികാരം ചെയ്യും, ബഗാനെ വിജയിപ്പിക്കും’.
കൊല്‍ക്കത്തയെ പലരും പലപേരുകള്‍ വിളിച്ചിട്ടുണ്ട്. അനുഭൂതിയുടെ നഗരം, സന്തോഷത്തിന്റെ നഗരം അങ്ങനെ പലതും. അപാരമായ ഭാവനകളും ഭാവനകളെ അതിശയിപ്പിക്കുന്ന യാഥാര്‍ഥ്യവുമാണ് ഈ നഗരം. ഹൗറ സ്റ്റേഷനില്‍ നിന്നു നീട്ടിവലിച്ചുനടന്നാല്‍ അരമണിക്കൂര്‍ കൊണ്ട് ‘പെണ്‍ശരീരങ്ങള്‍ വില്‍പ്പനക്കുവെച്ച’ സോനാഗച്ചിയിലെത്താം. അവിടത്തെ പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍ക്കിടയിലെ ഇരുണ്ട ഇടവഴികളില്‍ പോലും പന്തുകളും കുഞ്ഞു ഗോള്‍പോസ്റ്റുകളും കാണാം.
ഇവിടത്തെ നൂറുകണക്കിന് കുട്ടികള്‍ക്ക് ആ പോസ്റ്റുകള്‍ ദാരിദ്ര്യത്തില്‍ നിന്നും അവജ്ഞയില്‍ നിന്നുമുള്ള മോചനത്തിന്റെ വാതിലുകളാണ്. നഗരത്തിലെ നീണ്ടുകിടക്കുന്ന ചേരികളിലെ കൂരകളില്‍ കാളി ദേവിയുടെ ചിത്രങ്ങളേക്കാള്‍ ഛേത്രിയും സുബ്രതോ പാലും മെസ്സിയും റൊണാള്‍ഡോയുമെല്ലാമാണുള്ളത്. ഫുട്ബാള്‍ ആണ് കൊല്‍ക്കത്തയുടെ ജീവന്‍, ബാക്കിയെല്ലാം തോന്നലുകള്‍ മാത്രം.
content highlights: Jafarkhan writes about Bengal football