| Thursday, 8th August 2024, 4:14 pm

ബംഗാള്‍, പന്ത്, ബുദ്ധ

ജാഫര്‍ ഖാന്‍

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ നിരവധി തവണ കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ സംബന്ധമായും അല്ലാതെയും. പോകുമ്പോഴെല്ലാം അലീമുദ്ധീന്‍ സ്ട്രീറ്റിലെ മുസഫര്‍ അഹമ്മദ് ഭവനില്‍ (സി.പി.ഐ.എം, പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി ഓഫീസ്) കയറാറുണ്ട്.

ബദുദ്ധദേബ് ഭട്ടാചാര്യ

അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ബിമന്‍ ബോസിനെ നിരവധി തവണ കണ്ടുമുട്ടി. ഡ്രസ്സ് സ്വയം അലക്കിയും വരുന്നവര്‍ക്ക് മണ്‍കപ്പില്‍ ചായ നല്‍കിയും ചിരിച്ചും തര്‍ക്കിച്ചും ഒരു മനുഷ്യന്‍. പാര്‍ട്ടി നിരന്തരം അധികാരത്തില്‍ വരുന്നകാലത്തും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാവാതെ ‘സൂഫി’ ലോകത്ത് ജീവിക്കുന്ന ഇയാള് എന്ത് സെക്രട്ടറി എന്ന് മനസ്സില്‍ കരുതിയിട്ടുണ്ട്.

കൊല്‍ക്കത്ത സന്ദര്‍ശനങ്ങളില്‍ പക്ഷേ, ബുദ്ധദേവ് ബട്ടാചാര്യയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല. മൂപ്പര് അന്നെല്ലാം റൈറ്റേഴ്‌സ് ബില്‍ഡിങ്ങിൽ മുഖ്യമന്ത്രിയായി തിരക്കിലായിരുന്നു. നിലവിലെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ കുടുംബം ആണെങ്കിലും മുന്‍ മുഖ്യന്‍ ജ്യോതി ബസുവും ഒപ്പം ബുദ്ധദേവും മോഹന്‍ ബഗാന്‍ സപ്പോട്ടേഴ്‌സ് ആയിരുന്നു. എങ്കിലും ബുദ്ധദേവ് ഫുട്‌ബോള്‍ കളിയേക്കാൾ ഇഷ്ടപ്പെട്ടത് ക്രിക്കറ്റിനെ. സൗരവ് ഗാംഗുലിയുടെ ഏറ്റവും വലിയ ആരാധകനും പിന്തുണക്കാരനും.

സൗരവ് ഗാംഗുലിയും ബുദ്ധദേബ് ഭട്ടാചാര്യയും

ഇന്ത്യന്‍ ക്രിക്കറ്റിലെ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ ‘സാമ്രാജ്യം’ അവസാനിപ്പിക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ വെച്ച് കളിച്ചത് ബുദ്ധദേവാണ്.

ബഗാന്‍ ആരാധകന്‍ ആയിരുന്നുവെങ്കിലും 2003 ല്‍ നമ്മുടെ എം. സുരേഷ് ഉൾപ്പെടെയുള്ളവര്‍ കളിച്ച ഈസ്റ്റ് ബംഗാള്‍ തായ്‌ലന്‍ഡ് ക്ലബിനെ തോല്‍പ്പിച്ച് ആസിയാന്‍ കപ്പ് ജയിച്ചുവരുമ്പോള്‍ ബുദ്ധദേവ് ഒരുക്കിയത് ചരിത്രസ്വീകരണം. ലോകകപ്പ് ജയിച്ച് വരുന്ന ഇന്ത്യന്‍ ടീമിന് പോലും കിട്ടാത്ത പൂമാലകള്‍ അന്ന് കൊല്‍ക്കത്ത ഒരുക്കി. അതിന് നേതൃപരമായ പങ്ക് വഹിച്ചത് ബുദ്ധദേവും.

സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം നിർമിക്കാൻ പണിയെടുത്ത സുഭാഷ് ചക്രവര്‍ത്തിയെ പോലെ ബുദ്ധദേവും ബംഗാളിലെ സ്‌പോര്‍ട്‌സിന് നല്‍കിയത് വന്‍ പ്രാധാന്യം ആയിരുന്നു.

സി.പി.ഐ.എം. സ്‌പോര്‍ട്‌സ് ‘വിട്ടപ്പോള്‍’ മമത അത് തന്ത്രപരമായി കൈകാര്യം ചെയ്യുന്നു. ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സുമെല്ലാം മമതയുടെ സ്വന്തക്കാരാല്‍ ഇന്ന് നിയന്ത്രിക്കപ്പെടുന്നു. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഫുട്‌ബോള്‍ ഒരു നിര്‍ണായക ‘ജാതിയാണ് ‘.

ബഗാന്‍ ‘സവര്‍ണ്ണരെയും’ ഈസ്റ്റ് ബംഗാള്‍ ‘കുടിയേറ്റക്കാരെയും’ മുഹമ്മദന്‍സ് ‘മുസ്‌ലിമിനെയും’ പ്രതിനിധാനം ചെയ്യുമ്പോള്‍ മൂന്നിനെയും ഒപ്പം കൂട്ടിയാല്‍ ബംഗാള്‍ പിടിക്കാന്‍ ഇതിനേക്കാള്‍ വലിയ തന്ത്രം വേറെയില്ല.

കേരളത്തില്‍ സമുദായ സംഘടനകളെ പിടിക്കുന്നതിന് ഏറെക്കുറെ തുല്യമാണ് ബംഗാളില്‍ ഫുട്‌ബോള്‍ ക്ലബുകളെ കൂടെനിര്‍ത്തുന്നത്.

content highlights: Jafarkhan talks about Baduddhadeb Bhattacharya’s sports connection

ജാഫര്‍ ഖാന്‍

We use cookies to give you the best possible experience. Learn more