കമന്റ്‌സ്/ നദീം നൗഷാദ്
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി ഇറാന്‍ ഭരണകൂടത്തിന്റെ തടവിലായിട്ട് ഇന്നേക്ക് 15 ദിനം കഴിഞ്ഞിരിക്കയാണ്. പനാഹിയുടെ മോചനമാവശ്യപ്പെട്ട് അന്താരാഷ്ട്ര പ്രക്ഷോഭം ശക്തമാണെങ്കിലും കേരളവുമായി അടുത്ത ബന്ധമുള്ള ഈ സംവിധായകന്റെ വായ മൂടിക്കെട്ടാനുള്ള ഈ നീക്കത്തെക്കുറിച്ച് ഇവിടെ ഏറെയൊന്നും ചര്‍ച്ച നടന്നിട്ടില്ല. മിക്ക മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുക പോലുമുണ്ടായില്ല.
പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇറാനിലെ അഹമ്മദി നെജാദി ഭരണകൂടം ജാഫര്‍ പനാഹിയെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 20 വര്‍ഷം സിനിമ എടുക്കുന്നതില്‍ നിന്നും വിലക്കുമുണ്ട്. മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുന്നതിലും പുറത്ത് യാത്ര ചെയ്യുന്നതിനും ഭരണകൂടം കൂച്ച് വിലങ്ങിട്ടിരിക്കയാണ്. ഇറാനിയന്‍ സിനിമയെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ അറസ്റ്റിനെ തമസ്‌കരിച്ചതാണ് ഏറെ ആശ്ചര്യകരം. കേരളത്തിലെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ നീതി നിഷേധത്തിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്ത പേജില്‍ തുടരുന്നു
കലാകാരന്‍മാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും തടങ്കിലിടാനുള്ള ഭരണകൂട ഭീകരതക്കെതിരെ എന്നും പ്രതികരിക്കാറുള്ള കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇതറിയാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തു. 2007ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അധ്യക്ഷനെന്ന നിലയില്‍ മേളയിലെ സജീവ സാന്നിധ്യമായിരുന്നു ജാഫര്‍ പനാഹി. കേരളത്തില്‍ എവിടെയും പ്രതിഷേധ ശബ്ദമൊന്നും കേട്ടില്ലെങ്കിലും ഹോളിവുഡിലെ പ്രമുഖ സംവിധായകരായ മാര്‍ട്ടിന്‍ സ്‌കോര്‍സസെ, ഫ്രാന്‍സിസ് ഫോഡ് കപോള, സ്റ്റീവണ്‍ സ്പില്‍സ് ബര്‍ഗ് എന്നിവര്‍ അറസ്റ്റിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
1995ല്‍ “വൈറ്റ് ബലൂണ്‍” എന്ന ആദ്യ സിനിമയിലൂടെ തന്നെ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പുരസ്‌കാരം നേടിയതോടെയാണ് ജാഫര്‍ പനാഹി ശ്രദ്ധിക്കപ്പെടുന്നത്. 2000ത്തില്‍ “ദി സര്‍ക്കിള്‍” എന്ന സിനിമ വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. 2006ല്‍ ഓഫ്‌സൈഡ് ബര്‍ലിന്‍ ഫെസ്റ്റിവലില്‍ സില്‍വര്‍ ബെയര്‍ അവാര്‍ഡും നേടിയതോടെ ഇദ്ദേഹം ഏഷ്യയിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു. “ദി ക്രിംസണ്‍ ഗോള്‍ഡ്”, “ദി മിറര്‍” എന്നിവയാണ് മറ്റ് സിനിമകള്‍.
ഇറാനില്‍ ചലച്ചിത്രകാരന്‍മാര്‍ക്കും സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമായല്ല. 1969ല്‍ ഡാരിഷ് മെഹര്‍ജൂയിയുടെ ദി കൗ എന്ന സിനിമയെ ഷാ ഭരണകൂടം നിരോധിച്ചിരുന്നു. തുടര്‍ന്ന് മുഹസ്സന്‍ മക്മല്‍ ബഫിന്റെ “ടൈം ഓഫ് ലൗ”, തഹ്മീനെ മിലാനിയുടെ “ദി ഹിഡണ്‍ ഹാഫ്”, “റ്റു വിമണ്‍” എന്നീ ചിത്രങ്ങള്‍ക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തി. അബ്ബാസ് കിരോസ്ത്തമിയുടെയും ജാഫര്‍ പനാഹിയുടെയും മിക്ക സിനിമകള്‍ക്കും പല കാലങ്ങളിലായി വിലക്കിനെ ആഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.