രാഷ്ട്രീയത്തിനനതീതനായി നിലപാടുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു പി.ടി. തോമസ്. പി.ടിയുടെ മരണമറിഞ്ഞ് തകര്‍ന്ന് പോയെന്നും അദ്ദേഹത്തെ എന്നും ചെറുപ്പക്കാരനായാണ് കണ്ടിരുന്നതെന്നും പറയുകയാണ് ജാഫര്‍ ഇടുക്കി. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി പി.ടി.യെ അനുസ്മരിച്ചത്.
‘പി.ടി. തോമസിന്റെ കൂടെ ചില വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റാന്‍ഡ് ഉള്ള നേതാവായിരുന്നു പി.ടി. തോമസ്. വ്യക്തമായി ഒരു സംഭവത്തെ കുറിച്ച് പഠിച്ചിട്ടേ അദ്ദേഹം സംസാരിക്കൂ.
ഞങ്ങളുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് പി.ടി. മരിച്ചത് ഞാനറിയുന്നത്. അതുകണ്ട് ഞാന്‍ തകര്‍ന്നുപോയി. അദ്ദേഹത്തിന് ഇത്രയും വയസ്സായിരുന്നോ? ചെറുപ്പക്കാരനായ ഒരു വ്യക്തി ആയിട്ടാണ് ഞാന്‍ കണ്ടത്,’ ജാഫര്‍ പറഞ്ഞു.
‘അദ്ദേഹം വിവാഹം കഴിച്ചത് അന്യമതത്തില്‍ നിന്നുമാണ്. ജാതി മതം വര്‍ഗം ഒന്നും ഇല്ലെന്നാണല്ലോ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. മരിക്കുന്നതിന് മുമ്പെ എങ്ങനെ ചടങ്ങുകള്‍ നടത്തണമെന്ന് അദ്ദേഹം എഴുതിവെച്ചിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിനന്ന് വെച്ച പാട്ട് ശരിയല്ലേ. ഇലക്ട്രോണിക് സാധനങ്ങള്‍ വെല്ലോം കേടായി പോയാല്‍ നന്നാക്കാം. മനുഷ്യനെ അങ്ങനെ നന്നാക്കിയെടുക്കാന്‍ പറ്റുമോ,’ ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 22നാണ് തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന പി.ടി. തോമസ് അന്തരിച്ചത്. വല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പി.ടി. തോമസിന്റെ അന്ത്യം. അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അര്‍ബുദ രോഗ ബാധിതനുമായിരുന്നു.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇടുക്കിയിലെ ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയില്‍ പി.ടി. തോമസിന്റെ അമ്മയുടെ കല്ലറയില്‍ ഇന്ന് രാവിലെ ചിതാഭസ്മം അടക്കം ചെയ്തിരുന്നു.