മഹേഷിന്റെ പ്രതികാരം എന്ന സിനിമ മുതലാണ് സിനിമ ജീവിതത്തില്‍ ഒരു ബ്രേക്ക് വരുന്നത് എന്ന് ജാഫര്‍ ഇടുക്കി. ഈ സിനിമയില്‍ അഭിനയിച്ചതിനു ശേഷം ആണ് തന്നെ സിനിമാക്കാര്‍ കഥകേള്‍ക്കാന്‍ പറ്റുമോ കഥ പറയാന്‍ ഉണ്ടന്നൊക്കെ പറഞ്ഞ് വിളിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നൂറോളം സിനിമ താന്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചെയ്ത സിനിമകളുടെ കണക്ക് എടുക്കാന്‍ തനിക്ക് പേടിയാണെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.
‘മഹേഷിന്റെ പ്രതികാരം എന്ന സിനിമ മുതലാണ് എന്നെ പല സിനിമക്കാരും വിളിച്ച് കഥ കേള്‍ക്കാന്‍ പറ്റുമോ, ഒരു കഥ പറയാന്‍ ഉണ്ട് എന്നുള്ള ഒരു പുതിയ രീതി ഉണ്ടാവുന്നത്. ഞാന്‍ ഒരു ഇരുന്നൂറോളം സിനിമാക്കപ്പുറം ചെയ്തിട്ടുണ്ട്. പക്ഷെ അത് ഒരു ഊഹം മാത്രം ആണ്. ഞാന്‍ ചെയ്ത സിനിമകളുടെ കണക്ക് എഴുതിവെക്കാറില്ല, എനിക്ക് പേടിയാണ്.
ഒരു ഏഴ് വര്‍ഷം മുമ്പ് എന്റെ വീട് പണിയൊക്കെ കഴിഞ്ഞിരിക്കുമ്പോള്‍ എന്റെ മകന്‍ ഞാന്‍ ചെയ്ത സിനിമകളുടെ എണ്ണം എടുത്ത് കൊണ്ടുവന്നു. ഞാന്‍ അപ്പോള്‍ മുകളില്‍ ഇരിക്കുകായിരുന്നു. ഇത് കണ്ടതും ഞാന്‍ അവനെ ഓടിച്ചു. എന്താണെന്ന് അറിയുമോ? ചത്തുപോയ ന്യൂസ് വരുമ്പോള്‍ കഴിഞ്ഞ ദിവസം കൂടി പടത്തിന്റെ എണ്ണമെടുത്തായിരുന്നു എന്നാവും പറയുക. പടത്തിന്റെ എണ്ണമൊക്കെ എത്രയെണ്ണം ആയി എന്ന് പിള്ളാരോട് സംസാരിച്ചിരിക്കുകയായിരുന്നു എന്നൊക്കെ വാര്‍ത്തയില്‍ വരും.
സിനിമകളുടെ എണ്ണം എടുക്കുമ്പോള്‍ പണി കിട്ടാറായി എന്നൊരു ചിന്ത എന്റെ മനസിലേക്ക് വന്നു. കണക്കൊന്നും വേണ്ട, വിട്ടു പൊക്കോ, എണ്ണമൊന്നും വേണ്ട എന്ന് പറഞ്ഞു. എന്റെ ഒരു ഊഹം പറയുകയാണെങ്കില്‍ എന്തായാലും ഒരു ഇരുന്നൂറോളം സിനിമാക്കപ്പുറം ആയിട്ടുണ്ട്,’ ജാഫര്‍ ഇടുക്കി പറഞ്ഞു.
ഇനി തനിക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും ജാഫര്‍ പറഞ്ഞു. ‘ഒരു വില്ലനിസം ചെയാന്‍ ആഗ്രഹം ഉണ്ട്. ആ വില്ലന്‍ കഥാപത്രത്തെ കണ്ടാല്‍ പക്ഷെ ഒരിക്കലും വില്ലനാണെന്ന് തോന്നിക്കാന്‍ പാടില്ല. അങ്ങനൊരു വില്ലന്‍ കഥാപാത്രം ഇനി എന്റേതായി വരാന്‍ ഉണ്ട്.
പഴയ ഒരു മലയാള സിനിമ അത്തരത്തിലുണ്ട്. കറുത്ത കൈകള്‍ എന്നാണ് ആ സിനിമയുടെ പേര്. അതില്‍ തിക്കുറിശ്ശിയാണ് അത്തരത്തിലുള്ള വില്ലന്‍കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. എറ്റവും അവസാനമാണ് തിക്കുറിശ്ശിയാണ് വില്ലന്‍ എന്ന കാണുന്നവര്‍ക്ക് മനസിലാവുക. അത് കണ്ട് വളരെ അധികം താന്‍ ആഗ്രഹിച്ചിട്ടുണ്ട് അതുപോലെ ഉള്ള ഒരു വില്ലന്‍ വേഷം ചെയ്യാന്‍,’ ജാഫര്‍ പറഞ്ഞു
Content Highlight: jafar idukki about the number of his movies