ഒറ്റ മത്സരത്തിൽ 12 എണ്ണമോ? മെസിയുടെ ആരുംതൊടാത്ത റെക്കോഡ് അഞ്ചെണ്ണമകലെ നഷ്ടമായി; ചരിത്രനേട്ടത്തിൽ സാഞ്ചോ
Football
ഒറ്റ മത്സരത്തിൽ 12 എണ്ണമോ? മെസിയുടെ ആരുംതൊടാത്ത റെക്കോഡ് അഞ്ചെണ്ണമകലെ നഷ്ടമായി; ചരിത്രനേട്ടത്തിൽ സാഞ്ചോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd May 2024, 11:52 am

2023 ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് തകര്‍പ്പന്‍ വിജയം. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡോര്‍ട്മുണ്ട് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഡോര്‍ട്മുണ്ടിനായി മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജെയ്ഡന്‍ സാഞ്ചോ നടത്തിയത്. മത്സരത്തില്‍ പി.എസ്.ജിക്കെതിരെ 12 ഡ്രിബുളകളാണ് സാഞ്ചോ നടത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഇംഗ്ലണ്ട് താരത്തെ തേടിയെത്തിയത്.

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രിബിളുകള്‍ ചെയ്യുന്ന രണ്ടാമത്തെ താരമായി മാറാനാണ് സാഞ്ചോക്ക് സാധിച്ചത്. ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയാണ്. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ 16 ഡ്രിബിളുകളാണ് മെസി നടത്തിയത്.

ഡോര്‍ട്മുണ്ടിന്റെ തട്ടകമായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് ഹോം ടീം അണിനിരന്നത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ 36ാം മിനിട്ടില്‍ ജര്‍മന്‍ താരം നിക്കോളാസ് ഫുള്‍ബര്‍ഗാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം എതിര്‍ പോസ്റ്റിന്റെ ഇടതുഭാഗത്ത് നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

മറുപടി ഗോള്‍ നേടാന്‍ ഫ്രഞ്ച് വമ്പന്മാര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഡോര്‍ട്മുണ്ട് പ്രതിരോധം മറികടക്കാന്‍ സാധിക്കാതെ പോയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടി നല്‍കിയത്.

മെയ് എട്ടിനാണ് സെമിഫൈനലിന്റെ രണ്ടാം പാദം മത്സരം നടക്കുന്നത്. പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയമാണ് വേദി.

Content Highlight: Jadon Sancho create a new record in UCL